News

Get the latest news here

പി.ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ 11 താരങ്ങളെ ഖേല്‍രത്‌നക്കായി ശുപാര്‍ശചെയ്ത് കായിക മന്ത്രാലയം

ന്യൂഡൽഹി:ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ മലയാളി താരവും ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറുമായ പി.ആർ. ശ്രീജേഷ് ഉൾപ്പെടെ 11 താരങ്ങളെ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. 17 പരിശീലകരെ ദ്രോണാചാര്യ പുരസ്കാരത്തിനും 35 കായിക താരങ്ങളെ അർജുന അവാർഡിനുംശുപാർശ ചെയ്തിട്ടുണ്ട്. മലയാളി ബോക്സിങ് താരം കെ.സി. ലേഖയുടെ പേര് ധ്യാൻചന്ദ് പുരസ്കാരത്തിനായി നാമനിർദേശം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്ര, ഗുസ്തിയിൽ വെള്ളി നേടിയ രവികുമാർ ദഹിയ, ബോക്സിങ്ങിൽ വെങ്കലം സ്വന്തമാക്കിയ ലവ്ലിന ബോർഗോഹെയ്ൻ എന്നിവരാണ് ഒളിമ്പിക്സ് മെഡൽ ജേതാക്കളായി ഖേൽരത്ന പട്ടികയിൽ ഇടംപിടിച്ചത്. ഇവരോടൊപ്പം പാരാലിമ്പിക്സിൽ മെഡൽ നേടിയ താരങ്ങളേയും ഖേൽരത്നക്കായി പരിഗണിക്കുന്നുണ്ട്.

പാരാ ബാഡ്മിന്റണിൽ സ്വർണം നേടിയ പ്രമോദ് ഭഗത്, കൃഷ്ണ നാഗർ, ജാവലിൻ ത്രോയിൽ സ്വർണം സ്വന്തമാക്കിയ സുമിത് അങ്കുൽ, പാരാ ഷൂട്ടിങ്ങിൽ സ്വർണം കഴുത്തിലണിഞ്ഞ മനീഷ് നർവാൾ, പാരാ ഷൂട്ടിങ്ങിൽ സ്വർണവും വെങ്കലവും കരസ്ഥമാക്കിയ അവാനി ലേഖര എന്നിവരാണ് പാരാലിമ്പിക്സിലെ പ്രകടനത്തിലൂടെ ഖേൽരത്ന പട്ടികയിലെത്തിയത്.

ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ സ്റ്റാർ സുനിൽ ഛേത്രിയും വനിതാ ക്രിക്കറ്റിലെ വെറ്ററൻ താരം മിതാലി രാജും മെഡൽ ജേതാക്കൾക്കൊപ്പം ഖേൽരത്നക്കായി മത്സരിക്കും. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഫുട്ബോൾ ഇതിഹാസം പെലെയെ ഛേത്രി മറികടന്നിരുന്നു. സാഫ് കപ്പ് ഫൈനലിൽ മാലദ്വീപിനെതിരേ ഗോൾ നേടിയാണ് ഛേത്രി ചരിത്രമെഴുതിയത്.

Content Highlights: Neeraj, Mithali and Chhetri among 11 recommended for Khel Ratna
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.