News

Get the latest news here

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാരിനെതിരേ സിറോ മലബാര്‍ സഭ, അപ്പീല്‍ പിന്‍വലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെതിരേ സിറോ മലബാർ സഭ. ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധിയെ അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഹൈക്കോടതി വിധിക്കെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ പിൻവലിക്കണമെന്ന് സഭ ആവശ്യപ്പെട്ടു.

ക്രൈസ്തവരോട് സർക്കാർ വിവേചനം കാണിക്കുന്നുവെന്നാണ് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ 80-20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുനഃപരിശോധനാ ഹർജിയും തള്ളി. ഇതിനെതിരേ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതാണ് സഭയുടെ എതിർപ്പിന് കാരണമായത്.

സർവകക്ഷി യോഗത്തിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സർക്കാർ ഇപ്പോൾ മുൻനിലപാടിൽ നിന്ന് പിന്മാറിയത് ചില സമ്മർദങ്ങളെ തുടർന്നാണെന്ന് അനുമാനിക്കേണ്ടയിരിക്കുന്നു. എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പാക്കേണ്ടതുണ്ട്. നിയമവേദികളിൽ സർക്കാർ നിലപാടുകൾ സ്വീകരിക്കുമ്പോൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളേയും ഒരേപോലെ കാണണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

സുപ്രീം കോടതിയെ സമീപിച്ച നടപടി സർക്കാർ പിൻവലിക്കണം. അല്ലാത്തപക്ഷം സിറോ മലബാർ സഭയും കോടതിയെ സമീപിക്കുമെന്നും സഭ വ്യക്തമാക്കുന്നു. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായ സമിതിയാണ് സിറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം കഴിഞ്ഞദിവസമാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്. ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിലവിൽ ക്രൈസ്തവർക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പിന്നാക്കാവസ്ഥ ഉണ്ടെങ്കിൽ അതിന് അനുപാതികമായി സ്കോളർഷിപ്പ് നൽകാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.