News

Get the latest news here

പാലത്തിലെ വിടവിൽവീണ് നിയന്ത്രണംപോയ ഓട്ടോയില്‍ ബസ് ഇടിച്ചു; നവവരന്‍ മരിച്ചുകോട്ടയം : എം.സി.റോഡിൽ നീലിമംഗലത്ത്‌ പുതുതായി പണിത പാലത്തിലെ വിടവ്‌ യുവാവിന്റെ ജീവനെടുത്തു. ഞായറാഴ്ച പുലർച്ചെ 5.45-ന് ഈ പാലത്തിലെ വിടവിൽവീണ് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ കെ.എസ്.ആർ.ടി.സി. ബസിൽ ഇടിച്ചാണ് അപകടം. കടുത്തുരുത്തി മുട്ടുചിറ ഇരവിമംഗലം ഇലവത്തിൽ രഞ്ജിൻ സെബാസ്റ്റ്യൻ (ഉണ്ണി-28) ആണ് മരിച്ചത്. സെപ്റ്റംബർ 16-നായിരുന്നു രഞ്ജിന്റെയും ആലപ്പുഴ സ്വദേശിനിയായ സോനയുടെയും വിവാഹം. ഞായറാഴ്ച ഭാര്യയുടെ ബന്ധുക്കൾ അടുക്കളകാണാൻ എത്താനിരിക്കെയാണ്‌ രഞ്ജിന്റെ മരണം. മുട്ടുചിറയിലെ ഓട്ടോഡ്രൈവറായ രഞ്ജിൻ കോട്ടയം നഗരത്തിൽ ഇറച്ചി എത്തിച്ചുകൊടുത്തിട്ട് വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. പുതിയപാലത്തിലെ വിടവിൽ ചാടി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷയും എതിർദിശയിലെത്തിയ കെ.എസ്.ആർ.ടി.സി.ബസും ഇടിക്കുകയായിരുെന്നന്ന് നാട്ടുകാർ പറഞ്ഞു. ഓട്ടോറിക്ഷ പൂർണമായി തകർന്നു. നാട്ടുകാരാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽനിന്ന്‌ രഞ്ജിനെ പുറത്തെടുത്തത്. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.പരേതനായ സെബാസ്റ്റ്യന്റെയും ലൂസിയുടെയും മകനാണ് രഞ്ജിൻ. സഹോദരങ്ങൾ: രഞ്ജിത്ത്, രഞ്ജു, അഞ്ജു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് മുട്ടുചിറ റൂഹാദകുദിശാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. 2018 ജൂലായിലാണ്‌ പുതിയ പാലം തുറന്നുകൊടുത്തത്‌. 2016-ലാണ്‌ പാലം പൂർത്തിയാക്കിയത്‌. നിർമാണം പൂർത്തിയാക്കിയശേഷം ബലക്ഷയമുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന്‌ പാലം തുറന്നുനൽകേണ്ടെന്ന്‌ തീരുമാനിക്കുകയായിരുന്നു. ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനി പരിശോധന നടത്തുകയും നേരിയ വളവുകണ്ടെത്തുകയുംചെയ്തു. പിന്നീട്‌ ചെന്നൈ ഐ.ഐ.ടി.യിലെ വിദഗ്‌ധസംഘത്തിന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ തുറന്നത്‌.മധുവിധു തീരുംമുമ്പേ നാടിന്റെ കണ്ണീരായി രഞ്ജിൻകടുത്തുരുത്തി : വീട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയാണ് രഞ്ജിന്റെ വിയോഗം. ഒന്നര മാസം മുമ്പ് വിവാഹിതനായ രഞ്ജിൻ മധുവിധു കാലം തീരുംമുമ്പേ വാഹനാപകടത്തിൽ മരിച്ചത് ഉൾക്കൊള്ളാനാവാതെ വിതുമ്പുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം. കോട്ടയം നഗരത്തിലടക്കം ഓട്ടോറിക്ഷയിൽ ഇറച്ചി വിതരണംചെയ്യുന്ന ജോലിയാണ് രഞ്ജിന്. ഞായറാഴ്ച ബന്ധുവീട്ടുകാർ എത്തുന്നതിനാൽ പോകേണ്ടെന്ന തീരുമാനത്തിലായിരുന്നു. എന്നാൽ, പകരം ഓട്ടം പോകാൻ മറ്റൊരാളെ കിട്ടാതെ വന്നതിനാൽ രഞ്ജിൻതന്നെ ഓട്ടോയുമായി ഇറങ്ങാൻ നിർബന്ധിതനായി. നഗരത്തിലെത്തി ഇറച്ചി നൽകിയ ശേഷം വീട്ടിലേക്ക്‌ മടങ്ങിപ്പോകുമ്പോഴാണ് നീലിമംഗലം പാലത്തിലെ വിള്ളൽ വില്ലനായത്. അപകട വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമടക്കമുള്ളവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. കോട്ടയം അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒാഫീസർ കെ.ടി.സലിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം നടത്തി. രഞ്ജിനെ സേനയുടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സേനാംഗങ്ങളായ വി.അനീഷ്, അരുൺചന്ദ്, ശ്രീപാൽ, ജോട്ടി പി.ജോസഫ്, റോബിൻസൺ, നിജിൻകുമാർ, സനൽസാം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപകടത്തെ തുടർന്ന്‌ റോഡിൽ തളംകെട്ടി നിന്ന ഓയിലും രക്തവും സേനാംഗങ്ങൾ വൃത്തിയാക്കി. ഗാന്ധിനഗർ പോലീസും മോട്ടോർവാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തി.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.