News

Get the latest news here

കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചോ? വാസ്തവമെന്ത്? | Fact Check

കഴിഞ്ഞ ചില ദിവസങ്ങളായി വാട്സാപ്പിൽ കെ.എസ്.ഇ.ബിയുടേതെന്ന പേരിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. പുതുക്കിയ വൈദ്യുതി നിരക്കിനെപറ്റിയാണ് പ്രസ്തുത വാട്സാപ്പ് സന്ദേശം. പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ വൈദ്യുതി ബിൽ കണക്കുകൂട്ടുന്നത് എങ്ങനെയെന്നും ഉപയോഗത്തിനനുസരിച്ച് ഈടാക്കുന്ന തുകയെപ്പറ്റിയും സന്ദേശത്തിൽ പറയുന്നു.

ഇതോടൊപ്പം വൈകുന്നേരങ്ങളിൽ ഉയർന്ന വൈദ്യുതി ഉപഭോഗം വേണ്ടിവരുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കാനും സന്ദേശം ആവശ്യപെടുന്നു. ഇതിനകം അനവധിപേർ പങ്കുവെച്ച പ്രസ്തുത സന്ദേശത്തിന് പിന്നിലെ വാസ്തവം പരിശോധിക്കുന്നു.



അന്വേഷണം

വിശദമായ അന്വേഷണത്തിൽ പ്രസ്തുത സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. കെ.എസ്.ഇ.ബി. അധികൃതർ വിഷയത്തിൽ പ്രതികരിച്ചതിങ്ങനെ: വൈദ്യുതി നിരക്ക് പുതുക്കുന്നത് കെ.എസ്.ഇ.ബി. അല്ല, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. നിരക്ക് പുതുക്കുന്നതായി ബന്ധപ്പെട്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ അവർ മാധ്യമങ്ങളിൽ പ്രസിദ്ധികരിക്കുകയും അതിന്മേൽ പൊതുജനങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്യും. അതിനു ശേഷമാണ് നിരക്ക് വർധന സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുക. അതിനാൽ സമൂഹ മാധ്യമങ്ങളിലെ സന്ദേശം അടിസ്ഥാനരഹിതമാണ്.

ഇതോടൊപ്പം വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി. അവരുടെ ഔദ്യോഗിക ഫേസ്ബുക് പേജിലും അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.



പ്രസ്തുത അറിയിപ്പ് ഇതാണ്: 2022-23 വൈദ്യുതി താരിഫ് നിർണയത്തെ സംബന്ധിച്ച് വൈദ്യുതി നിയമം 2003-ലെ സെക്ഷൻ 181 പ്രകാരം 1.4.2022 മുതലുള്ള അഞ്ചു വർഷത്തേക്കുള്ള കൺട്രോൾ പിരീഡിൽ താരീഫ് നിർണയവുമായി ബന്ധപ്പെട്ട കരട് റഗുലേഷനെ സംബന്ധിച്ച് KSEBL സമർപ്പിച്ച സമർപ്പണത്തിന്റെ ഫലമായി പ്രധാന പ്രശ്നങ്ങളിൽ എല്ലാം തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും റഗുലേഷൻ അന്തിമമായി 16.11.2021-ന് പുറപ്പെടുവിക്കുകയും ചെയ്തു. അതിൻപ്രകാരം 31.12.2021 മുൻപ് കേരളത്തിലെ എല്ലാ വിതരണ കമ്പനികളും തങ്ങളുടെ വരവ്-ചെലവ് കണക്കുകളും താരീഫ് പെറ്റിഷനും സമർപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മേൽ പെറ്റിഷൻ സമർപ്പണത്തിന്റെ നടപടികൾ പുരോഗമിച്ചുവരുന്നു. തുടർന്ന് മേൽ പെറ്റിഷന്റെ വെളിച്ചത്തിൽ പൊതുജന അഭിപ്രായങ്ങൾ ആരാഞ്ഞു കൊണ്ട് ആവശ്യമായ ഭേദഗതി വരുത്തി മാത്രമേ വൈദ്യുതി താരിഫ് നിർണ്ണയിക്കപ്പെടുകയുള്ളൂ. ആയതിനാൽ ഇപ്പോൾ പ്രചരിക്കുന്ന ഉടൻ വൈദ്യുത ചാർജ് വർധനയുണ്ടാകും എന്ന വാർത്ത അടിസ്ഥാനരഹിതമാണ്.



വാസ്തവം

പുതുക്കിയ വൈദ്യുതി നിരക്കിനെ പറ്റിയുള്ള, കെ.എസ്.ഇ.ബിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശം അടിസ്ഥാനരഹിതമാണ്. നിരക്ക് വർദ്ധനവ് സംബന്ധിക്കുന്ന നടപടിക്രമങ്ങൾ കെ.എസ്.ഇ.ബി. അല്ല, മറിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് സ്വീകരിക്കുക. അത് സംബന്ധിച്ച കാര്യങ്ങൾ പൊതുജനസമക്ഷം അവതരിപ്പിച്ചതിന് ശേഷം മാത്രമേ, ഔദ്യോഗികമായ തീരുമാനം ഉണ്ടാവുകയുള്ളു. ഇതോടൊപ്പം കെ.എസ്.ഇ.ബി. അവരുടെ ഫേസ്ബുക് പേജിൽ പ്രസിദ്ധികരിച്ച അറിയിപ്പിലും വൈദ്യുതി ചാർജിൽ വർദ്ധനവുണ്ടാകും എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പറയുന്നു. അതിനാൽ വാട്സാപ്പ് സന്ദേശവും അതിലെ കണക്കുകളും വസ്തുതാവിരുദ്ധമാണ്.

Content Highlights:Has electricity tariff been increased in Kerala? What is the truth? | Fact Check
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.