News

Get the latest news here

കേരള പ്രോപ്പര്‍ട്ടി എക്‌സ്പോ ഇന്ന് തുടങ്ങുന്നു

ഷാർജ: നാട്ടിൽ ഒരു വീട് സ്വപ്നം കാണുന്ന പ്രവാസികൾക്കെല്ലാം വഴികാട്ടുന്ന കേരള പ്രോപ്പർട്ടി എക്സ്പോയ്ക്ക് വെള്ളിയാഴ്ച തുടക്കമാവും. ഇത് മൂന്നാം തവണയാണ് മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ കേരള പ്രോപ്പർട്ടി എക്സ്പോ ഒരുക്കുന്നത്. വെള്ളിയാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന മേള ശനിയാഴ്ച രാത്രി എട്ട് മണി വരെ നീണ്ടുനിൽക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ അബ്ദുള്ള സാലിം സുൽത്താൻ അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്യും.

ബിൽഡർമാരുടെ അപക്സ് അതോറിറ്റിയായ ക്രെഡായി (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ) യുടെ സഹകരണത്തോടെയാണ് പ്രോപ്പർട്ടി എക്സ്പോയുടെ മൂന്നാം സീസണും സംഘടിപ്പിക്കുന്നത്. പ്രമുഖ ബിൽഡർമാർ അണിനിരക്കുന്ന അറുപതോളം സ്റ്റാളുകളിലായി അവരുടെ മുന്നൂറിലേറെ ഭവന പദ്ധതികളാണ് മേളയിൽ അവതരിപ്പിക്കുന്നത്. നിർമാണം പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളാണ് ഇവയെല്ലാം. ഭവനവായ്പയ്ക്ക് ആവശ്യമായ ബാങ്കിങ് സൗകര്യവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 2018- ലും 2019-ലും വിജയകരമായി സംഘടിപ്പിച്ച മേള കോവിഡ് കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്.

കേരളത്തിലെ പ്രമുഖ ബിൽഡർമാരെല്ലാം അണിനിരക്കുന്ന ഏറ്റവും വലിയ പ്രോപ്പർട്ടി ഷോ എന്ന വിശേഷണം കൂടി മാതൃഭൂമി ഡോട്ട് കോമിന്റെ ഈ സംരംഭത്തിനുണ്ട്. ആദ്യ രണ്ട് മേളകളും വൻ വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് ബിൽഡർമാരും മൂന്നാം സീസണിൽ പങ്കെടുക്കുന്നത്.

പൂർത്തിയായതും നിർമാണം നടക്കുന്നതുമായ ഫ്ളാറ്റുകൾക്കും വില്ലകൾക്കും പുറമേ സർവീസ് അപ്പാർട്ട്മെന്റ്, ഷോപ്പിങ് സെന്റർ, ഇന്റീരിയർ ഡെക്കറേഷൻ തുടങ്ങിയവയുടെ സ്റ്റാളുകളും എക്സ്പോയിൽ ഉണ്ട്. ബാങ്കിങ്, ഫിനാൻസ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽനിന്ന് ഭവനവായ്പകളെക്കുറിച്ചും മനസ്സിലാക്കാം. എക്സ്പോയോടനുബന്ധിച്ച് കുട്ടികൾക്കായി രണ്ട് ദിവസവും വൈകീട്ട് മൂന്നിന് ചിത്രരചനാ മത്സരവും ഒരുക്കുന്നു. മൈ ഹാപ്പി ഹോം എന്നതാണ് വിഷയം.

Content Highlights:Kerala property expo
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.