News

Get the latest news here

സിപിഎം നടപടിയെടുത്തവര്‍ സിപിഐയിലേക്ക് ചേക്കേറുന്നു; കണ്ണൂരിലെ തര്‍ക്കം എല്‍ഡിഎഫിലേക്ക്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ സിപിഎം-സിപിഐ തർക്കം എൽഡിഎഫിലേക്കും വ്യാപിക്കുന്നു. സിപിഎം വിട്ട കോമത്ത് മുരളീധരനെ സിപിഐയിൽ എടുത്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ പാർട്ടി നടപടി സ്വീകരിച്ച ഒരാളെ മറ്റൊരു ഇടതുപക്ഷ പാർട്ടി സ്വീകരിക്കുന്നതിലെ അസ്വാഭാവികത സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള നേതാക്കൾ ജയരാജനെ തള്ളി കൊണ്ട് രംഗത്തെത്തുകയും ചെയ്തു.

നടപടി എടുത്ത ഒരാളെ സ്വീകരിക്കുക എന്ന് പറയുന്നത് ഇടതുപക്ഷ സ്വഭാവമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യോജിച്ചതല്ലെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ ഒരു അസ്വാഭാവികതയും ഇക്കാര്യത്തിൽ ഇല്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. കാലങ്ങളായി തുടരുന്നത് അങ്ങനെയാണ്. സിപിഐ വിട്ട് ഇറങ്ങി പോയവരാണ് സിപിഎം രൂപീകരിച്ചതെന്നും കാനം ഓർമിപ്പിച്ചു.

രണ്ട് പാർട്ടിയിൽ നിന്നും ആളുകൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടുണ്ട്. അതൊരു പുതിയ കാര്യമല്ല. സിപിഐയിൽ നിന്ന് 33 നാഷണൽ കൗൺസിൽ അംഗങ്ങൾ ഇറങ്ങിപ്പോയാണ് സിപിഎം ഉണ്ടാക്കുന്നത്- കാനം പറഞ്ഞു.

അനേകം പേർ സിപിഐ കൂടാരത്തിലേക്ക് വരുന്നുണ്ടെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞു. സിപിഎം വിടുമ്പോൾ വിശുദ്ധർ എങ്ങനെ കുറ്റക്കാരാകുന്നുവെന്നും അദ്ദേഹം ചോദിച്ചു.

അച്ചടക്കലംഘനത്തിന്റേയും പാർട്ടി വരുദ്ധ പ്രവർത്തനത്തിന്റേയും പേരിലാണ് തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരനെ സിപിഎം പുറത്താക്കിയത്. എന്നാൽ അദ്ദേഹം 57 ഓളം വരുന്ന അനുയായികൾക്കൊപ്പം കഴിഞ്ഞ ദിവസം സിപിഐയിൽ ചേർന്നതോടെയാണ് ജില്ലയിൽ സിപിഎം-സിപിഐ ബന്ധം വഷളായത്. സകല കുറ്റങ്ങളും ചെയ്തവർക്ക് കയറിക്കിടക്കാനുള്ള കൂടാരമായി സിപിഐ മാറിയെന്നാണ് എംവി ജയരാജൻ ഇതിനോട് പ്രതികരിച്ചത്. സംഭവം എൽഡിഎഫിലും ഉന്നയിക്കാനിരിക്കുകയാണ് സിപിഎം.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.