News

Get the latest news here

ആർ.ടി.പി.സി.ആർ. പരിശോധനയിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്താനാവില്ലെന്നോ? | Fact Check

ഭീതിയുടെ നിഴൽപറ്റി ലോകത്തിന് മേൽ ഒമിക്രോൺ പടരുന്നതിനൊപ്പം പുതിയ വൈറസ് വകഭേദത്തെക്കുറിച്ച് അനവധി വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആർ.ടി.പി.സി.ആർ. പരിശോധനയിൽപോലും ഒമിക്രോണിന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കില്ല എന്ന തരത്തിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഡോ. ഷഹീദുള്ള അമീൻ എന്നഫേസ്ബുക്ക് അക്കൗണ്ടിൽനിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.



പോസ്റ്റിൻറെ പരിഭാഷ: "വൈറസ് തിരിച്ചെത്തിയിരിക്കുന്നു, കൂടുതൽ ഊർജ്ജവും തന്ത്രങ്ങളുമായാണ് അതെത്തിയിരിക്കുന്നത്. നമ്മൾ ചുമയ്ക്കില്ല, പനിയില്ല; എന്നാൽ സന്ധി വേദന, ക്ഷീണം, വിശപ്പില്ലായ്മയും കോവിഡ് ന്യുമോണിയയും കാണപ്പെടുന്നു! മരണനിരക്ക് തീർച്ചയായും കൂടുതലാണ്, കുറഞ്ഞ സമയംകൊണ്ട് അസുഖം മൂർച്ഛിക്കും. അതേ സമയം, ചിലപ്പോൾ രോഗലക്ഷണങ്ങളൊന്നും കണ്ടെന്നും വരില്ല.. നമുക്ക് ജാഗ്രതയോടെ ഇരിക്കാം... തൊണ്ടയും മൂക്കും ചേരുന്ന ഭാഗത്തല്ല ഇവയുണ്ടാവുക, ഇത് ശ്വാസകോശത്തെ നേരിട്ട് ബാധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിൻഡോ പിരീഡ് കുറയുന്നു. പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങളില്ലാത്തനിരവധി രോഗികളെ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ എക്സ്-റേ റിപ്പോർട്ടിൽ ന്യുമോണിയ കാണിക്കുന്നു!

COVID19 നിർണ്ണയത്തിനായി നടത്തുന്ന മൂക്കിലെ സ്വാബ് പരിശോധന ഫലം പലപ്പോഴും നെഗറ്റീവാണ്! ഫോറിൻജിയൽ നാസൽ ടെസ്റ്റ് പരിശോധന ഫലങ്ങളും തുടരെ തെറ്റാവുകുന്നു. അതായത് ശ്വാസകോശത്തിലേക്ക് വൈറസ് നേരിട്ട് പടരുന്നതിനാലാണിത്. വൈറൽ ന്യുമോണിയ കാരണം കടുത്ത ശ്വാസതടസ്സം ഉണ്ടാക്കുന്നു!പുതിയ വകഭേദം എന്തുകൊണ്ട് കൂടുതൽ മാരകവുമാകുന്നു എന്ന് ഇതിനുള്ള വിശദീകരണമിതാണ് !

ശ്രദ്ധിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, മുഖാവരണം ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക.
*WAVE* ആദ്യത്തേതിനേക്കാൾ മാരകമാണ്. അതിനാൽ നമ്മൾ വളരെ ശ്രദ്ധയോടെയും എല്ലാ മുൻകരുതലുകളും എടുക്കുകയും വേണം.
സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ ഇത് ഷെയർ ചെയ്യുക..."

ഈ പോസ്റ്റിനെ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കാം..

അന്വേഷണം

2021 നവംബർ 24-നാണ് പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിലെ ഗ്വാട്ടങ്ക് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ബോട്സ്വാനയിലും സമാനസമയത്ത് കേസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് നവംബർ 26-ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ.) കോവിഡ് B.1.1.529-നെ ഉത്കണ്ഠയുളവാക്കുന്ന വകഭേദം എന്ന വിശേഷണത്തോടെ ഒമിക്രോൺ എന്ന് പേരിട്ടു.
https://www.who.int/news/item/28-11-2021-update-on-omicron

ഡബ്ല്യൂ.എച്ച്.ഒ. നൽകുന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ, ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ പോസ്റ്റീവ് ആകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്, എന്നാൽ ഡെൽറ്റ ഉൾപ്പടെയുള്ള മറ്റ് കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് അതിവ്യാപനത്തിനിടയാക്കും എന്ന് പ്രാഥമികഘട്ടത്തിൽ പറയാനാവില്ല. ഇത് സംബന്ധിച്ച് പഠനങ്ങൾ നടന്നു വരികയാണ്.

പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത് ആർ.ടി.പി.സി.ആർ. പരിശോധനയിൽ ഈ കോവിഡ് വൈറസിന്റെ സാന്നിധ്യം നിർണ്ണയിക്കാനാവില്ല എന്നാണ്. എന്നാൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം (ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് ) പുറത്തിറക്കിയ വാർത്താ ബുള്ളറ്റിനിൽ പറയുന്നത്, ഒമിക്രോൺ നിർണ്ണയത്തിന് ആർ.ടി.പി.സി.ആർ. പരിശോധന തന്നെയാണ് പ്രാഥമികമായി നടത്തുകയെന്നാണ്. തുടർന്ന് വൈറസ് സാന്നിധ്യം ഉറപ്പിക്കുന്നതിനായി ജനിതക പരിശോധനയും നടത്തും.



ഒമിക്രോൺ അതീവ അപകടകാരിയാണെന്നും, നിരവധി പേരുടെ ജീവനെടുത്തതായും പോസ്റ്റിൽ പറയുന്നുണ്ട്. യു.എസ്. പ്രസിഡൻറ് ജോ ബൈഡൻറെ ചീഫ് മെഡിക്കൽ അഡൈ്വസറായ ഡോ. ആൻറണി ഫൌസിയുടെ അഭിപ്രായത്തിൽ ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്രോൺ അത്ര കണ്ട് അപകടകാരിയായിരിക്കില്ല. എന്നാൽ വൈറസിന്റെ അതിവ്യാപനം ലോകത്ത് നടക്കുന്നുണ്ട്. വൈറസ് സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിൽ സ്ഥിതിഗതികൾ അപകടകരമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
https://www.theweek.in/news/world/2021/12/06/anthony-fauci-says-early-reports-encouraging-about-omicron-variant.html

ഒമിക്രോൺ വൈറസ് മൂലമുള്ള മരണനിരക്ക് വളരെ വലതാണെന്ന് ഡോ. ഷഹിദുള്ള അമിൻ പോസ്റ്റിൽ അവകാശപ്പെടുന്നു. എന്നാൽ, ലോകത്ത് ഒമിക്രോൺ മൂലം മരണം സംഭവിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരത്തെ രോഗബാധ വന്നവർക്കും വാക്സിനെടുത്തവർക്കും വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഒമിക്രോണിന്റെ അപകടകരമായ പ്രത്യേകതയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ്ജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ടി.എസ്. അനീഷ്പറഞ്ഞു.

എന്നാൽ, ഒമിക്രോണിൽ അണുബാധ തീവ്രത കുറവായിരിക്കും, രോഗലക്ഷണങ്ങളിൽ വ്യത്യാസമുള്ളതായി ചില വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഇത് രോഗതീവ്രത കുറയുന്നത് മൂലമായേക്കാം എന്നും ഡോ. അനീഷ് പറഞ്ഞു. ഒമിക്രോൺ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും എന്ന അനുമാനത്തിൽ ഇപ്പോൾ എത്തിച്ചേരാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

വാസ്തവം

കോവിഡ് വകഭേദമായ ഒമിക്രോണിനെ ആർ.ടി.പി.സി.ആർ. പരിശോധനയിലൂടെ കണ്ടെത്താനാവില്ല എന്നതടക്കമുള്ള മുന്നറിയിപ്പുകളുമായി നടക്കുന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. കോവിഡ് വൈറസ് നിർണ്ണയത്തിന് ആർ.ടി.പി.സി.ആർ. പരിശോധന തന്നെയാണ് പ്രാഥമികമായി നടത്തുകയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഒമിക്രോൺ വൈറസ് സാന്നിധ്യം ഉറപ്പിക്കുന്നതിനായി ജനിതക പരിശോധനയും നടത്തും. ഒമിക്രോൺ പിടിപ്പെട്ട് നിരവധി പേർ മരണപ്പെട്ടു എന്ന തരത്തിലുള്ള വാദവും അടിസ്ഥാനരഹിതമാണ്. ഇതുവരെ ഒമിക്രോൺ മൂലം മരണം സംഭവിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

Content Highlights:Does the RTPCR test not detect the presence of omicron? | Fact Check
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.