News

Get the latest news here

മുംബൈയിലുള്ള കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടികടന്ന പാക് യുവാവ് പിടിയില്‍

ജയ്പുർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ അതിർത്തിവേലി ചാടി കടന്ന പാകിസ്താനി യുവാവിനെ അറസ്റ്റ് ചെയ്തു. പാക് അതിർത്തി ജില്ലയായ ബഹവൽപുർ സ്വദേശിയായ 22-കാരൻ മുഹമ്മദ് ആമിറാണ് പിടിയിലായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത മുംബൈയിലെ യുവതിയുടെ അടുത്തേക്കാണ് പോകാൻ ശ്രമിച്ചതെന്ന് യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ശനിയാഴ്ച ബിഎസ്എഫിന്റെ പട്രോളിങിനിടെയാണ് ഇയാൾ പിടിയിലാകുന്നതെന്ന് ശ്രീ ഗംഗാനഗർ എസ്പി ആനന്ദ് ശർമ പറഞ്ഞു. ഒരു മൊബൈൽ ഫോണും കുറച്ച് പണവും യുവാവിൽ നിന്ന് കണ്ടെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാൾ അവകാശപ്പെടുന്ന കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുമെന്ന് എസ്പി അറിയിച്ചു.

ബഹവൽപുർ ജില്ലയിലെ ഹസിൽപുർ തഹ്സിലിലുള്ള മുഹമ്മദ് ആമിർ എന്നാണ് ഇയാൾ പോലീസിനോട് സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട സ്ത്രീയുമായി താൻ പ്രണയത്തിലാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. ദീർഘനാളായി തുടരുന്നുണ്ട് ബന്ധം. പരസ്പരം നമ്പറുകൾ കൈമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഇയാൾ പറയുന്നു.

മുംബൈയിലേക്ക് പോകുന്നതിന് ഇന്ത്യൻ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ഇന്ത്യൻ അധികൃതർ അഭ്യർത്ഥന നിരസിച്ചതായി മുഹമ്മദ് ആമിർ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ മുംബൈയിലേക്കുള്ള യാത്ര മാറ്റിവെക്കാൻ തനിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ടാണ് അതിർത്തി ചാടി കടന്ന് മുംബൈയിലെത്താൻ താൻ ശ്രമിച്ചതെന്നും ആമിർ മൊഴി നൽകി.

അതേ സമയം അതിർത്തിയിൽ നിന്ന് 1200 കിലോമീറ്റർ അകലെയുള്ള മുംബൈയിലേക്ക് എങ്ങനെ പോകുമെന്നതിന് ഇയാൾക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. താൻ നടക്കുമെന്നാണ് ആമിർ മറുപടി നൽകിയതെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് അമീർ താമസിക്കുന്ന ഹസിൽപൂർ തഹ്സിൽ. ഇവിടെ നിന്ന് എങ്ങനെയാണ് അതിർത്തിയിലെത്തിയതെന്ന് വ്യക്തമല്ല.

അതേ സമയം ആമിർ പറഞ്ഞ മുംബൈയിലെ യുവതിയെ പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കിൽ മാത്രമേ ഇത്തരമൊരു നടപടികളിലേക്ക് കടക്കൂവെന്നാണ് പോലീസ് അറിയിക്കുന്നത്.

ഇയാൾക്ക് മുംബൈയിലുള്ള കാമുകിയെ കാണാൻ അവസരം നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും പോലീസ് പറഞ്ഞു. പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ 22-കാരനെ പാകിസ്താന് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.