By
Admin
/
Dec 08, 2021 //
Editor's Pick /
പ്രൊഫ. എസ്. സീതാരാമന് ആദരമര്‍പ്പിച്ച് മാതൃഭൂമി; ആലുവയിലെ ആര്‍ബറേറ്റം ഇനി 'സീതാരാമവനം'
കൊച്ചി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എസ്. സീതാരാമന് ആദരമർപ്പിച്ച് മാതൃഭൂമി. അദ്ദേഹത്തിന്റെ ആദ്യ ചരമവാർഷിക ദിനത്തിൽ ആലുവയിലെ മാതൃഭൂമി ആർബറേറ്റത്തിന് സീതാരാമവനം എന്ന് പേരു നൽകി. റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ബോർഡ് അനാവരണം ചെയ്തു.
പെരിയാറിന്റെ തീരത്തുള്ള ആർബറേറ്റം എറണാകുളം ഡി.ടി.പി.സിയുമായി സഹകരിച്ച് മാതൃഭൂമിയാണ് പരിപാലിച്ചുവരുന്നത്. പ്രൊഫ. എസ്.സീതാരാമനായിരുന്നു ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. പ്രൊഫ. സീതാരാമന് നൽകാവുന്ന ഏറ്റവും മികച്ച ആദരമാണ് സീതാരാമവനമെന്ന പേരെന്നും ജീവിതം തന്നെ സന്ദേശമാക്കിയ ആളാണ് അദ്ദേഹമെന്നും ബോർഡ് അനാവരണം ചെയ്ത് സംസാരിക്കവേ റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ പറഞ്ഞു.
പ്രൊഫ. സീതാരാമന്റെ ഭാര്യ ഉമ ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കുന്നു|ഫോട്ടോ: ടി.കെ.പ്രദീപ് കുമാർ.
പ്രൊഫ. സീതാരാമന്റെ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണയായി നിന്നിട്ടുണ്ടെന്നും മാതൃഭൂമി നൽകിയ ആദരത്തിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ ഉമാ സീതാരാമൻ പറഞ്ഞു. നിലവിൽ അമേരിക്കയിലുള്ള ഉമാ സീതാരാമനും മറ്റു കുടുംബാംഗങ്ങളും ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുത്തത്.
മാതൃഭൂമി കൊച്ചി ന്യൂസ് എഡിറ്റർ പ്രകാശ്എസ്., ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് തമ്പി ജോർജ് സൈമൺ, ഡി.ടി.പി.സി. സെക്രട്ടറി ശ്യാം കൃഷ്ണൻ പി.ജി., കേരള നദീസംരക്ഷണ സമിതി ആലുവ പ്രസിഡന്റ് ഗോപാലകൃഷ്ണ മൂർത്തി, ദേശീയ ഹരിതസേന ജില്ലാ കോർഡിനേറ്റർ വേണു വാര്യത്ത്, പരിസ്ഥിതി സംരക്ഷണ സമിതി ആലുവ പ്രസിഡന്റ് ചിന്നൻ ടി. പൈനടത്ത്, കുട്ടമ്മശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ലൈല ബഷീർ തുടങ്ങിയവർ പ്രൊഫ. സീതാരാമനെ അനുസ്മരിച്ചു.
മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ അധ്യാപകരും വിദ്യാർഥികളും പരിസ്ഥിതിഗാനം ആലപിച്ചുകൊണ്ട് പ്രൊഫ. സീതാരാമൻ ആർബറേറ്റത്തിൽ നട്ട വൃക്ഷത്തിന് വെള്ളമൊഴിച്ച് ആദമർപ്പിച്ചു.മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ പി.സിന്ധു ചടങ്ങിൽ സംബന്ധിച്ചു. ഇത്തവണത്തെ സി.എസ്.ആർ. ടൈംസ് പുരസ്കാരം മാതൃഭൂമി സീഡ് പദ്ധതിയ്ക്കാണ്. ആലുവ ആർബറേറ്റത്തിന് പ്രത്യേക ജൂറി പരാമർശവുമുണ്ട്. ഇതിന്റെ അറിയിപ്പും ചടങ്ങിൽ നടന്നു.
content highlights:mathrubhumi arboretum renamed as sitharamavanam
Related News
Comments