News

Get the latest news here

സഞ്ജയ് ഗാന്ധി മുതല്‍ സൗന്ദര്യവരെ; പ്രമുഖരുടെ ജീവനെടുത്ത ആകാശ ദുരന്തങ്ങള്‍

നിന്നനിൽപ്പിൽ പറയുന്നുയരാനും എവിടെ വേണമെങ്കിലും വന്നിറങ്ങാനും സാധ്യമാകുന്നതിനാൽതിരക്കുപിടിച്ച ജീവിതം നയിക്കുന്നവരുടെ ഇഷ്ടവാഹനമാണ്ഹെലികോപ്റ്ററുകൾ. രാഷ്ട്രീയ നേതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത ഹെലികോപ്റ്ററുകറും ചെറുവിമാനങ്ങളും രാജ്യത്തെ നിരവധി തവണകണ്ണീരിലാഴ്ത്തിയ ചരിത്രമുണ്ട്. സഞ്ജയ് ഗാന്ധി മുതൽ തെന്നിന്ത്യൻ നടി സൗന്ദര്യ വരെയുള്ള അനേകം പ്രമുഖരാണ് ഇതിനോടകം രാജ്യത്ത് ഹെലികോപ്റ്റർ അപകടങ്ങളിൽ കൊല്ലപ്പെട്ടത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിലൂടെ രാജ്യം വീണ്ടുമൊരു ആകാശ ദുരന്തത്തിന്റെ ഞെട്ടലിലാണ്.

നിലവിലെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവും കോൺഗ്രസ് നേതാവുമായിരുന്ന മാധവ് റാവു സിന്ധ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡി തുടങ്ങിയവരും വ്യോമ അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഹെലികോപ്റ്റർ-വിമാന അപകടങ്ങളിൽ കൊല്ലപ്പെട്ട പ്രമുഖരാണ് ചുവടെ.

വൈ.എസ്.രാജശേഖര റെഡ്ഡി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി. 2009 സെപ്റ്റംബർ രണ്ടിന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഗ്രാമങ്ങളിൽ സന്ദർശനം നടത്താനുള്ള യാത്രയ്ക്കിടയിൽ രുദ്രകൊണ്ടയ്ക്കും റോപെന്റയ്ക്കും ഇടയിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെടുകയും കൊല്ലപ്പെടുകയുമായിരുന്നു.

കർണൂലിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ നല്ലമല വനത്തിലെ കുന്നിൻ മുകളിൽ നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. രാജശേഖര റെഡ്ഡിയും മറ്റു നാല് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. മോശം കാലവസ്ഥയെ തുടർന്ന് വനമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ ഹെലികോപ്റ്റർ മരത്തിലിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി മകനാണ്.

സഞ്ജയ് ഗാന്ധി

കോൺഗ്രസിന്റെ തലപ്പത്തേക്ക്ഇന്ധിരാഗാന്ധിയുടെ പിന്തുടർച്ചക്കാരനായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മകൻ സഞ്ജയ് ഗാന്ധി 1980-ലാണ് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ഡൽഹി ഫ്ളെയിംഗ് ക്ലബ്ബിന്റെ പുതിയ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണാണ് സഞ്ജയ് ഗാന്ധി 1980 ജൂൺ 23-ന് മരിക്കുന്നത്.

മാധവ് റാവു സിന്ധ്യ

കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായിരുന്നു മാധവ്റാവു സിന്ധ്യ. ഒമ്പത് തവണ ലോക് സഭയിൽ അംഗമായിട്ടുണ്ട്. 2001-ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഭോഗാവ് തഹസിൽ മോട്ട ഗ്രാമത്തിനടുത്തുള്ള വയലിലേക്ക് മാധവ് റാവു സിന്ധ്യ യാത്ര ചെയ്തിരുന്ന വിമാനം തകർന്നുവീഴുകയായിരുന്നു. നാല് മാധ്യമപ്രവർത്തകരും സിന്ധ്യയുമടക്കം എട്ടുപേരാണ് അന്നത്തെ അപകടത്തിൽ മരിച്ചത്. പത്ത് സീറ്റുകളുള്ള ഇവർ സഞ്ചരിച്ച വിമാനം കനത്ത മഴമൂലം മോശം കാലവസ്ഥയെ തുടർന്ന് നെൽവയലിൽ തകർന്നുവീഴുകയായിരിന്നു.

ജി.എം.സി. ബാലയോഗി

ലോക്സഭാ സ്പീക്കറും തെലുങ്കുദേശം പാർട്ടി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി 2002 മാർച്ച് മൂന്നിന് ആന്ധപ്രദേശിൽ വെച്ച് ഹെലികോപ്റ്റർ തകർന്നാണ് മരിച്ചത്.പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്ത് നിന്ന് ബാലയോഗി സഞ്ചരിച്ച സ്വകാര്യ ഹെലികോപ്റ്റർ കൃഷ്ണ ജില്ലയിലെ കൈകലൂരിനടുത്തുള്ള മത്സ്യക്കുളത്തിൽ തകർന്നു വീഴുകയായിരുന്നു. ലോക്സഭാ സ്പീക്കറായിരിക്കെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ എസ് രാജുവും ഹെലികോപ്റ്ററിന്റെ പൈലറ്റും അപകടത്തിൽ മരിച്ചു.

ദോർജി ഖണ്ഡു

കോൺഗ്രസ് നേതാവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോർജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്.ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവൻ ഹാൻസ് ഹെലികോപ്റ്റർ തവാങ്ങിൽ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി.

അഞ്ചുദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ 2011 മേയ് 4-ന് അരുണാചൽപ്രദേശ് -ഭൂട്ടാൻ അതിർത്തിയിൽ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും മേയ് 5-ന് ഖണ്ഡുവിന്റേത് അടക്കമുള്ള യാത്രികരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. നിലവിലെ അരുണാചൽ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പേമ ഖണ്ഡു മകനാണ്.

സൗന്ദര്യ

തെന്നിന്ത്യൻ നടി സൗന്ദര്യ 2004 ഏപ്രിൽ ഏഴിനാണ് ബെംഗളൂരുവിലുണ്ടായ ഒരു വിമാനാപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ നിന്ന് കരിംനഗറിലേക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമ്പോഴായിരുന്നു അപകടം. ബിജെപി വാടകയ്ക്കെടുത്ത ഒരു സ്വകാര്യ ചെറുവിമാനത്തിലായിരുന്നു യാത്ര. വിമാനം പറന്നുയർന്ന ഉടൻ തീ പിടിക്കുകയും തകർന്നുവീഴുകയുമായിരുന്നു. സൗന്ദര്യയുടെ സഹോദരൻ അമർനാഥ് അടക്കം മറ്റു മൂന്ന് പേരും കൊല്ലപ്പെട്ടു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.