News

Get the latest news here

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം, ചണ്ഡീഗഢിനെ ആറ് വിക്കറ്റിന് തകര്‍ത്തു

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ഗ്രൂപ്പ് ഡി യിലെ ആദ്യ മത്സരത്തിൽ കേരളം ചണ്ഡീഗഢിനെ കീഴടക്കി. ആറുവിക്കറ്റിനാണ് കേരളത്തിന്റെ വിജയം.

ചണ്ഡിഗഢ് ഉയർത്തിയ 185 റൺസ് വിജയത്തിലേക്ക് ബാറ്റേന്തിയ കേരളം 34 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. അർധസെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് കേരളത്തിനായി തിളങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ചണ്ഡിഗഢ് 56 റൺസെടുത്ത നായകൻ മനൻ വോറയുടെ മികവിൽ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. മനൻ വോറയ്ക്ക് പുറമേ 25 റൺസെടുത്ത അർപിത് പന്നുവും 26 റൺസ് നേടി പുറത്താവാതെ നിന്ന വാലറ്റക്കാരൻ സന്ദീപ് ശർമയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കേരളത്തിന്റെ ബൗളർമാർ എതിരാളികളെ വരിഞ്ഞുമുറുക്കി.

കേരളത്തിനുവേണ്ടി സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. മനുകൃഷ്ണൻ, വിഷ്ണു വിനോദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

185 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനിനെ (9) നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയ നായകൻ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. 24 റൺസെടുത്ത് സഞ്ജു മടങ്ങിയെങ്കിലും പിന്നാലെ വന്ന സച്ചിൻ ബേബി കേരളത്തെ വിജയത്തിലേക്ക് നയിച്ചു.

സച്ചിൻ ബേബി 78 പന്തുകളിൽ നിന്ന് 59 റൺസെടുത്ത് പുറത്താവാതെ നിന്നു. രോഹൻ 46 റൺസെടുത്ത് പുറത്തായി. 32 റൺസെടുത്ത വിഷ്ണു വിനോദും മികച്ച പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ കേരളം ഗ്രൂപ്പ് ഡി യിൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. നാളെ നടക്കുന്ന അടുത്ത മത്സരത്തിൽ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളി.

Content Highlights: Kerala vs Chandigarh Vijay Hazare Trophy cricket 2021-2022 match result
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.