News

Get the latest news here

മത്സ്യത്തൊഴിലാളികളെ പാതിരാത്രി ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടു; കുഞ്ഞുങ്ങളുമായി തെരുവില്‍

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിൽനിന്ന് മത്സ്യത്തൊഴിലാളികളെ അർധരാത്രിയിൽ ഇറക്കിവിട്ടു. തിരുവനന്തപുരം വലിയതോപ്പിലെ സെയ്ന്റ് റോച്സ് കോൺവെന്റ് സ്കൂളിൽ താമസിച്ചിരുന്നവരെയാണ് പുറത്താക്കിയത്. ഡിസംബർ മൂന്നിനായിരുന്നു ഇവരെ സ്കൂളിൽ നിന്ന് ബലംപ്രയോഗിച്ച് ഇറക്കിവിട്ടത്. 2017-ൽ ഉണ്ടായ കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവരെയാണ് പാതിരാത്രിയിൽ ഇറക്കിവിട്ടത്.

കിടപ്പുരോഗിയും കൈക്കുഞ്ഞുങ്ങളുമടങ്ങുന്ന 16 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാൽ സ്കൂൾ തുറക്കണം, കുട്ടികൾക്ക് പഠിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇവരെ പാതിരാത്രിയിൽ പെരുവഴിയിലാക്കിയത്. സ്കൂളിൽനിന്ന് മാറണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പോകാൻ മറ്റിടമില്ലാതിരുന്നതിനാൽ ഇവർ മാറാൻ തയ്യാറായില്ല. ഇതേതുടർന്നാണ് ഇത്തരമൊരു അതിക്രമം നടന്നത്.

ഇവരുടെ സമ്മതമില്ലാതെ സാധനങ്ങളെല്ലാം തൊട്ടടുത്ത ലോഡ്ജിലേക്ക് മാറ്റി. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒടുവിൽ ഇവർ വലിയതുറയിലെ കേരള മറൈൻ ബോർഡിന്റെ കെട്ടിടത്തിന് മുന്നിൽ എത്തിപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങൾ പോലും നിർവഹിക്കാൻ സൗകര്യമില്ലാതെ ദിവസങ്ങളായി ഇവർ ഇവിടെയാണ് താമസിക്കുന്നത്.

ഇത്രയും ദിവസങ്ങളായിട്ടും തങ്ങൾ ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഇവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പ്രായമായ പെൺമക്കൾക്കും കൈക്കുഞ്ഞുങ്ങൾക്കും സുരക്ഷയില്ല. രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കിയില്ല. സംരക്ഷണം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുപോലും കാറ്റിൽപറത്തിയാണ് പാതിരാത്രിയിൽ തങ്ങളെ പെരുവഴിയിലാക്കിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

തങ്ങൾക്ക് സർക്കാർ അനുവദിച്ച ഭൂമിയിൽ താമസിക്കാൻ ചെറിയ ക്യാബിനെങ്കിലും കെട്ടി തന്നിരുന്നെങ്കിൽ മതിയായിരുന്നുവെന്നും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ആകാതെ നരകിക്കുകയാണെന്നും കണ്ണീരോടെ ഇവർ പറയുന്നു. ഇത്രയും ദിവസം ജീവൻ നിലനിർത്തിയത് തന്നെ സന്മനസുള്ളവരുടെ സഹായം കൊണ്ടാണ്. ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കാൻ തുടങ്ങിയത് ഇപ്പോഴാണ്.

തങ്ങളുടെ കുട്ടികൾ കൂടി പഠിക്കുന്ന സ്കൂളിൽ നിന്നാണ് ഇങ്ങനെ ഇറക്കിവിട്ടത്. സ്കൂൾ തുറന്ന് ക്ലാസ് ആരംഭിക്കണമെന്നാണ് അധികൃതർ കാരണം പറയുന്നത്. എന്നാൽ 2017 മുതൽ അഭയാർഥികളെ പോലെ താമസിക്കുന്നവരാണ് ഇവരിൽ അധികവും. അന്നില്ലാതിരുന്ന എന്ത് അത്യാവശ്യമാണ് ഇപ്പോഴുള്ളതെന്നും ഇവർ ചോദിക്കുന്നു.

content highlights:fishermen families thrown out of distress relief camp at midnight in thiruvananthapuram
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.