News

Get the latest news here

ഒടുവില്‍ ഒട്ടകം രാജേഷിനെ അഴിക്കുള്ളിലാക്കി പോലീസ്; പോത്തന്‍കോട്ട് എത്തിച്ചു, പിടിയിലായത് കൊല്ലത്ത്

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഒട്ടകം രാജേഷിനെ പോത്തൻകോട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് രാജേഷിനെ പോത്തൻകോട് എത്തിച്ചത്. സ്റ്റേഷനിലെത്തിച്ച ഒട്ടകം രാജേഷ്പ്രകോപനത്തിന്മുതിർന്നില്ല. സുരക്ഷാപ്രശ്നം കണക്കിലെടുത്ത് കൂടുതൽ പോലീസുകാരെയും ഇവിടെ വിന്യസിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിങ്കളാഴ്ച തന്നെ കോടതിയിൽ ഹാജരാക്കും.

സുധീഷിനെ വെട്ടിക്കൊന്നതിന് പിന്നാലെ ഒളിവിൽപോയ ഒട്ടകം രാജേഷിനെ കൊല്ലത്തുനിന്നാണ് പിടികൂടിയതെന്നാണ് പോലീസ് നൽകുന്നവിവരം. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കേരളത്തിലേക്ക് മടങ്ങുന്നതിനിടെ കൊല്ലം ബസ് സ്റ്റാൻഡിൽനിന്ന് പിടിയിലായെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച് കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്.

ഡിസംബർ 11-നാണ് പോത്തൻകോട് കല്ലൂരിൽ സുധീഷ് എന്ന യുവാവിനെ ബൈക്കുകളിലും ഓട്ടോയിലും എത്തിയ സംഘം വെട്ടിക്കൊന്നത്. അക്രമിസംഘത്തിൽനിന്ന് രക്ഷപ്പെടാനായി ഒരുവീട്ടിൽ ഓടിക്കയറിയ സുധീഷിനെ പിന്തുടർന്നെത്തിയ സംഘം ശരീരമാസകലം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ ഇരുകാലുകളും വെട്ടിമാറ്റി. ഇതിലൊരു കാലുമായാണ് അക്രമികൾ വാഹനങ്ങളിൽ മടങ്ങിയത്. വെട്ടിമാറ്റിയ കാൽ പിന്നീട് റോഡിൽ വലിച്ചെറിയുകയായിരുന്നു.

കേസിൽ ആകെ 11 പ്രതികളാണുള്ളത്. ഇതിൽ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടാംപ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പോലീസ് സംഘത്തിന്റെ വള്ളംമറിഞ്ഞ് ഒരു പോലീസുകാരൻ മരിക്കുകയും ചെയ്തു. വർക്കല പണയിൽക്കടവിൽവെച്ചാണ് വള്ളം മറിഞ്ഞ് പോലീസുകാർ അപകടത്തിൽപ്പെട്ടത്. എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ ബാലുവിനാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഒട്ടകം രാജേഷ് ഒരു തുരുത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചാണ് പോലീസ് സംഘം വള്ളത്തിൽ തിരച്ചിലിന് പോയത്. അതേസമയം, രാജേഷിനെക്കുറിച്ച് കഴിഞ്ഞദിവസങ്ങളിൽ പോലീസിന് ലഭിച്ച പലവിവരങ്ങളും തെറ്റായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

Content Highlights:pothancode murder case finally ottakam rajesh arrested by police
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.