By
Admin
/
Dec 27, 2021 //
Editor's Pick /
യാത്ര ചെയ്യാന്‍ രണ്ട് പഴയ കാറുകള്‍, കോടികള്‍ 'കാക്കാന്‍' രണ്ടുപേരും; പീയുഷിന്റേത് സാധാരണജീവിതം
ലഖ്നൗ: നികുതി വെട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശിലെ വ്യവസായി പീയുഷ് ജെയിൻ ഇതുവരെ ജീവിച്ചിരുന്നത് യാതൊരു ആഡംബരങ്ങളും പുറത്തുകാണിക്കാതെയെന്ന് റിപ്പോർട്ട്.257 കോടി രൂപ പീയുഷ് ജെയിനിന്റെ പക്കൽനിന്ന് അധികൃതർ പിടിച്ചെടുത്തെങ്കിലും രണ്ട് പഴയ കാറുകൾ മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഈ വാഹനങ്ങളിലായിരുന്നു വർഷങ്ങളായി പീയുഷിന്റെ യാത്ര. കാൻപുരിലെ വസതിക്കുള്ളിലേക്ക് സുരക്ഷാജീവനക്കാർക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സുഗന്ധദ്രവ്യ വ്യവസായിയായ പീയുഷ് ജെയിനിനെ കഴിഞ്ഞദിവസാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ജി.എസ്.ടി. ഇന്റലിജൻസും ആദായനികുതി വകുപ്പും ഇദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ കോടികളാണ് പിടിച്ചെടുത്തത്. പണമായി മാത്രം 257 കോടി രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. ഇതിന് പുറമേ കിലോക്കണക്കിന് സ്വർണവും വിദേശത്തടക്കമുള്ള സ്വത്തുവകകളുടെ രേഖകളും പിടിച്ചെടുത്തു.
അതേസമയം, ഇത്രയും സമ്പാദ്യം കുമിഞ്ഞുകൂടിയിട്ടും ധനികനാണെന്ന് ഷോ കാണിക്കാൻ പീയുഷ് ജെയിൻ തയ്യാറായിരുന്നില്ല. ഒരുവശത്ത് നികുതിവെട്ടിച്ചും മറ്റും കോടികൾ സമ്പാദിക്കുമ്പോഴും സാധാരണരീതിയിലുള്ള ജീവിതമാണ് ഇദ്ദേഹം നയിച്ചുവന്നിരുന്നത്. പൊതുജനങ്ങളുടെയും സർക്കാറിന്റെയും കണ്ണിൽപ്പെടാതിരിക്കാനായിരുന്നു ഈ സാധാരണജീവിതം.
ഒരൊറ്റ വീട്ടുജോലിക്കാരെപ്പോലും കാൻപുരിലെ വസതിയിൽ അദ്ദേഹം താമസിപ്പിച്ചിരുന്നില്ലെന്നാണ് വിവരം. ആകെ രണ്ട് വാച്ച്മാൻമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർക്ക് വീടിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. മാത്രമല്ല, ഒന്നരവർഷത്തിനിടെ വാച്ച്മാന്മാരെ മാറ്റിനിയമിക്കുകയും ചെയ്തിരുന്നു. ഒരാൾക്ക് മാസം 7500 രൂപ ശമ്പളം നൽകിയാണ് പീയുഷ് തന്റെ കോടികൾ സംരക്ഷിച്ചിരുന്നത്.
ഇട്ടുമൂടാനുള്ള പണം സമ്പാദിച്ചിട്ടും സാധാരണ കാറുകളിലായിരുന്നു പീയുഷിന്റെ യാത്ര. രണ്ട് പഴയ കാറുകളാണ് അദ്ദേഹം ഉപയോഗിച്ചുവന്നിരുന്നത്. ഒരു പഴയ ടൊയോട്ട കൊറോളയും ഫോക്സ് വാഗൻ വെന്റോയും. മകൻ പ്രത്യൂഷിന്റെ പേരിലായിരുന്നു ടൊയോട്ട കാർ വാങ്ങിയിരുന്നത്. ഫോക്സ് വാഗൻ കാറിന് ഏഴ് വർഷം പഴക്കമുണ്ട്. ഈ കാറിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ നവംബറിൽ അവസാനിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
ആദായനികുതി വകുപ്പും ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് പീയുഷ് ജെയിനിന്റെ കാൻപുരിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. വീട്ടിൽനിന്ന് കണ്ടെടുത്ത പണം എണ്ണിതീർക്കാൻ മാത്രം മണിക്കൂറുകളാണ് ഉദ്യോഗസ്ഥർക്ക് വേണ്ടിവന്നത്. പണം ഇനിയും എണ്ണാനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനുപുറമേയാണ് കിലോക്കണക്കിന് സ്വർണവും വിവിധ വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തത്. കോടികൾ വിലമതിക്കുന്ന 16 വസ്തുവകകളുടെ രേഖകളാണ് റെയ്ഡിൽ കണ്ടെത്തിയത്. ഇതിൽ നാലെണ്ണം കാൻപുരിൽ തന്നെയാണ്. ഏഴ് വസ്തുവകകൾ കനൗജിലാണെന്നും രണ്ടെണ്ണം മുംബൈയിലുണ്ടെന്നും ഒരെണ്ണം ഡൽഹിയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ദുബായിൽ രണ്ട് വസ്തുവകകളുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പീയുഷിന്റെ വീട്ടിൽ 18 ലോക്കറുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. 500 താക്കോലുകളടങ്ങിയ വലിയൊരു താക്കോൽക്കൂട്ടവും കണ്ടെടുത്തു. ഇതിൽ പല താക്കോലുകളും ഉപയോഗിച്ചാണ് ലോക്കറുകൾ തുറക്കാൻ ശ്രമിച്ചത്.
അതേസമയം, ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയപ്പോൾ പീയുഷ് ജെയിൻ ഡൽഹിയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജോലിക്കാരൻ വെളിപ്പെടുത്തി. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെല്ലാം ഡൽഹിയിലായിരുന്നു. പീയുഷിന്റെ രണ്ട് ആൺമക്കൾ മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥർ വിളിപ്പിച്ചതോടെയാണ് പീയുഷ് ജെയിൻ കാൻപുരിൽ മടങ്ങിയെത്തിയതെന്നും വീട്ടുജോലിക്കാരനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സുഗന്ധദ്രവ്യ വ്യാപാരിയെന്ന നിലയിലാണ് പീയുഷ് ജെയിൻ അറിയപ്പെട്ടിരുന്നത്. കാൻപുർ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്. കനൗജിലും മുംബൈയിലും പീയുഷിന് ഓഫീസുകളുണ്ട്.
Content Highlights:piyush jain a businessman from up maintains minimal life style to avoid public eye
Related News
Comments