News

Get the latest news here

'ചുരുളി'ക്ക് ക്ലീന്‍ ചിറ്റ്; ഭാഷാപ്രയോഗത്തില്‍ തകരാറില്ല, നിയമനടപടി ആവശ്യമില്ലെന്ന് പോലീസ്

തിരുവനന്തപുരം: ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തചുരുളി സിനിമയ്ക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്.സിനിമനിലവിലുള്ള നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്നുംഎഡിജിപി ബി. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി. സിനിമ കണ്ടശേഷമാണ് ഉന്നത പോലീസ് സംഘം ഇങ്ങനെ വിലയിരുത്തിയത്.

ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി ചിത്രം ഒ.ടി.ടിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാൻ കോടതിപോലീസിന് നിർദേശം നൽകിയത്. ഇതിനേത്തുടർന്നാണ് ബി. പദ്മകുമാർ അധ്യക്ഷനായ സമിതി സിനിമ കാണുകയും പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്. ചുരുളി ഒരുതരത്തിലുമുള്ള നിയമലംഘനവും നടത്തുന്നില്ല എന്നാണ് റിപ്പോർട്ടിലുള്ളത്.

നാട്ടിൽ പലവിധ കുറ്റകൃത്യങ്ങൾ നടത്തി നിയമത്തിൽ നിന്ന് രക്ഷപ്പെട്ട് കൊടുംകാട്ടിനുള്ളിൽ താമസിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചുരുളിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഥാപാത്രങ്ങൾ ദുഷ്കരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ജീവിക്കുന്നതിനാൽ പരുക്കൻ ഭാഷയാണ് അവർ ഉപയോഗിക്കുന്നത്. ആ കഥാപാത്രങ്ങക്ഷളുടെ വിശ്വാസ്യതയ്ക്ക് ഈ ഭാഷ അനിവാര്യമാണ്. ഇത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. അത് പരിഗണിക്കേണ്ടിവരും.

കൂടാതെ ഒ.ടി.ടി പ്ലാറ്റ്ഫോം എല്ലാവർക്കും എളുപ്പം കയറിച്ചെല്ലാവുന്ന പൊതുഇടമല്ല. പൊതുഇടത്തിൽ ഏതെങ്കിലും തരത്തിലുള്ള മോശം പ്രയോഗങ്ങൾ ഉണ്ടെങ്കിലേ അവ നിയമവ്യവസ്ഥയെ ലംഘിക്കുന്നുള്ളൂ. ഇന്റർനെറ്റ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്ത് പണമടച്ച് എത്തേണ്ട പ്ലാറ്റ്ഫോമാണ്. അതൊരു പൊതുസ്ഥലമായി കാണാൻ കഴിയില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.

സെൻസർഷിപ്പ് പോലുള്ള നിയമങ്ങൾ ഒ.ടി.ടി സംവിധാനങ്ങൾക്ക് ബാധകമാക്കിയിട്ടില്ല. ഈ സിനിമ തുടങ്ങുന്നതിന് മുമ്പ് ചിത്രത്തിൽ വയലൻസും മോശം പദപ്രയോഗങ്ങളുമുണ്ടെന്നും പ്രായപൂർത്തിയായവർക്ക് മാത്രം കാണാനുള്ളതാണ് എന്നുമുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ നിയമം ലംഘിക്കുന്ന ഒന്നും ചുരുളി സിനിമയിലില്ല എന്നും സമിതി കണ്ടെത്തി.

പോലീസ് റിപ്പോർട്ട് വന്നതോടെ ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വിരാമമായിരിക്കുകയാണ്.

Content Highlights : Police clean chit for Churuli movie directed by Lijo Jose Pellissery
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.