News

Get the latest news here

ഇന്ത്യയുടെ ജനാധിപത്യം ലോകം മുഴുവന്‍ അഭിനന്ദിക്കുന്നത്; റിപ്പബ്ലിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂഡൽഹി: നമ്മുടെ ജനാധിപത്യത്തിന്റെ വൈവിധ്യവും ഊർജ്ജസ്വലതയും ലോകമെമ്പാടും അഭിനന്ദിക്കുന്ന ഒന്നാണെന്ന് റിപ്പബ്ലിക്​ദിന സന്ദേശത്തിൽരാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വർഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമരസേനാനികളെ ഓർക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നിശബ്ദമാക്കിയേക്കാം. എന്നാൽ ആത്മാവ് എന്നത്തേയും പോലെ ശക്തമാണ്. സ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അസാമാന്യ ധീരത പ്രകടിപ്പിക്കുകയും അതിനുവേണ്ടി പോരാടാൻ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തിൽ നമുക്ക് സ്മരിക്കാം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനം രണ്ട് ദിവസം മുമ്പാണ് നമ്മൾ ആചരിച്ചത്. സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഇന്ത്യയുടെ അഭിമാനമുയർത്താനുള്ള അഭിലാഷവും നമുക്ക് പ്രചോദനം നൽകുന്നതാണ്.

ഇപ്പോൾ നേരിടുന്നത് പോലെ ഒരു പ്രതിസന്ധി കാലഘട്ടം ലോകത്തിന്മുമ്പ് നേരിടേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രപതി പറഞ്ഞു. രണ്ട് വർഷത്തിലേറെയായി മനുഷ്യരാശി കൊറോണ വൈറസുമായി പോരാടുകയാണ്. ലക്ഷക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും അതിന്റെ ആഘാതത്തിൽ ലോക സമ്പദ്​വ്യവസ്ഥ ആടിയുലയുകയും ചെയ്തു. അസാധാരണമായ ദുരിതമാണ് ലോകം നേരിട്ടത്. കോവിഡിന്റെപുതിയ വകഭേദങ്ങളുടെ വ്യാപനം പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.

നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തുന്നത്. ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും കുടുംബത്തിൽ നിന്ന് അകന്ന് അവർ മാതൃരാജ്യത്തിന് കാവൽ തുടരുന്നു. അതിർത്തികൾ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് നമ്മുടെ പൗരന്മാർ സമാധാന ജീവിതം ആസ്വദിക്കുന്നത്.

ധീരനായ ഒരു സൈനികൻ ഡ്യൂട്ടിക്കിടെ വീരമൃത്യുവരിക്കുമ്പോൾ രാജ്യം മുഴുവൻ ദുഃഖത്തിലാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ മാസം, നിർഭാഗ്യകരമായ ഒരു അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരരായ സൈനികരെയും നമുക്ക് നഷ്ടപ്പെട്ടു. ദാരുണമായ നഷ്ടത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിലാണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:Diversity and vibrancy of our democracy is appreciated worldwide, says President Ram Nath Kovinds addresses nation on eve of Republic Day
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.