News

Get the latest news here

കല്ലും മുള്ളും താണ്ടി ഡോ.ശോശാമ്മ ഐപ്പ് തീര്‍ത്ത 'വെച്ചൂര്‍ വിപ്ലവം'

1980-ൽ ഒരു കൂട്ടം വെറ്ററിനറി ഡോക്ടർമാർ ഇടവഴികളും മൺപാതകളും ടാറിട്ട റോഡുകളും താണ്ടി ഒഴുക്കിയ വിയർപ്പാണ് ഇന്നത്തെ വെച്ചൂർ പശു. വംശനാശത്തിന്റെ വക്കിൽ നിന്ന് വെച്ചൂർ പശുവിന് പുനർജന്മം നൽകാനായി അവർ നിരത്തിലിറങ്ങുമ്പോൾ അതിന് നേതൃത്വം നൽകിയത് പത്തനംതിട്ടയിലെ നിരണത്ത് നിന്നുള്ള ഡോ.ശോശാമ്മ ഐപ്പ് ആയിരുന്നു. കർഷകനായ നാരയണ അയ്യർ വഴി മനോഹരൻ എന്ന വ്യക്തിയുടെ വീട്ടിൽ നിന്ന് ആദ്യമായി ഇവർക്ക് ഒരു വെച്ചൂർ പശുവിനെ കിട്ടി. അതിൽ നിന്ന് തുടങ്ങിയ വെച്ചൂർ പശു പരിരക്ഷണ യഞ്ജം ഇന്നും മുന്നേറുകയാണ്.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും വെച്ചൂർ പശു കൺസർവേഷൻ ട്രസ്റ്റിൽ സജീവമാണ് ശോശാമ്മ. ഒടുവിൽ രാജ്യത്തിന്റെ ആദരമായി പത്മശ്രീ പുരസ്കാരവും ശോശാമ്മയെ തേടിയെത്തിയിരിക്കുന്നു. പിന്നിട്ട വഴികളിലെ മുള്ളിനേയും കല്ലിനേയും കുറിച്ചും ആരും തിരഞ്ഞുവരാത്ത, പലർക്കും താത്പര്യം കുറഞ്ഞ ഈ മേഖയിൽ എങ്ങനെ എത്തിപ്പെട്ടുവെന്നും ശോശാമ്മ പറയുന്നു.

വെച്ചൂർ പശു സംരക്ഷണ സമിതി തുടങ്ങാനുണ്ടായ കാരണങ്ങൾ

1989-ലാണ് അന്യംനിന്നുപോകുന്ന നമ്മുടെ തനത് കന്നുകാലികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. സങ്കരയിനം പശുക്കളെ ഉരുത്തിരിച്ചെടുക്കുക, പാലുത്പാദനം വർധിപ്പിക്കുക, നാടൻ ഇനം വിത്തുകാളകളെ വന്ധ്യംകരണം നടത്തുക എന്നിവയായിരുന്നു 1960 മുതൽ സർക്കാറിന്റെ നയം. ഇതിനായി വിദേശ ജനുസ്സുകളായ ജഴ്സി, ബ്രൗൺ സ്വിസ്, ഹോൾസ്റ്റീൻ ഫ്രീഷ്യൻ ഇനങ്ങളെ ഉപയോഗിച്ചിരുന്നു. 1961-ലെ കേരള ലൈവ്സ്റ്റോക്ക് ഇംപ്രൂവ്മെന്റ് ആക്ടനുസരിച്ചാണ് നാടൻ വിത്തുകാളകളെ വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നത്.

അങ്ങനെ ഇവിടെ സങ്കരപ്രജനനം മൂന്ന് പതിറ്റാണ്ടോടടുക്കുമ്പോഴാണ് വരുംതലമുറയ്ക്കുവേണ്ടി വെച്ചൂർ പശുവിനെ സംരക്ഷിക്കണമെന്ന ആഗ്രഹവുമായി കേരള കാർഷിക സർവകലാശാലയിൽനിന്ന് ഞാനും ഒരുകൂട്ടം വിദ്യാർഥികളും മുന്നിട്ടിറങ്ങിയത്. പത്തനംതിട്ടയിലെ നിരണത്താണ് എന്റെ സ്വദേശം. എന്റെ വീട്ടിൽ 1950-കളിൽ വെച്ചൂർ പശുക്കളെ വളർത്തിയിരുന്നു. ഔഷധഗുണമുള്ള പാലാണ് വെച്ചൂരിന്റേതെന്ന് 1940-ലിറങ്ങിയ വേലുപ്പിള്ളയുടെ തിരുവിതാംകൂർ മാന്വലിലും പ്രതിപാദിച്ചിരുന്നു.

വെച്ചൂർ പശുക്കളുടെ സവിശേഷതകൾ

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഇവ ഉരുത്തിരിഞ്ഞത്. എട്ടുമാസത്തോളം കറവക്കാലമുള്ള ഇവയിൽനിന്ന് പ്രതിദിനം മൂന്നു ലിറ്ററോളം പാലുകിട്ടും. കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനമാണ്. അധികം ചെലവില്ലാതെ വളർത്താം. ശരാശരി ഉയരം 90 സെന്റീമീറ്ററേയുള്ളൂ. തൂക്കം 140 കിലോഗ്രാം വരെ. ചുവപ്പ്, കറുപ്പ്, വെളുപ്പ്, ചാരനിറം... ഇങ്ങനെ നാലുനിറങ്ങളിലുണ്ട്. പാലിലെ കൊഴുപ്പുകണികകൾ വളരെ ചെറുതാണ്. അതുകൊണ്ട് അത് എളുപ്പത്തിൽ ദഹിക്കും. പാലിന് പോഷകമൂല്യവും കൂടും. ഇത് രോഗികൾക്കും പ്രായമായവർക്കും വളരെ ഗുണം ചെയ്യും. ആയുർവേദമരുന്നുകളിൽ വെച്ചൂർ പശുക്കളുടെ പാൽ, നെയ്യ്, ഗോമൂത്രം മുതലായവ ധാരാളമായി ഉപയോഗിക്കാറുണ്ട്. ഇവയുടെ പാലിലുള്ള ബീറ്റ കേസിൻ പ്രോട്ടീൻ എ 2 രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. പാലിൽ ആർജിനിന്റെയും ലാക്ടോഫെറിന്റെയും അളവും കൂടുതലാണ്.

വെച്ചൂരിനെ തേടിയുള്ള യാത്രയെക്കുറിച്ച്

പശുക്കളെ അന്വേഷിച്ച് വെച്ചൂരിലെത്തിയപ്പോൾ ഒരൊറ്റ പശുവിനെപ്പോലും തുടക്കത്തിൽ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. വിദ്യാർഥികളായിരുന്ന അരുൺ സക്കറിയ, ജയൻ കെ.സി., ജയൻ ജോസഫ് എന്നിവരും ഞാനും ചേർന്നുനടത്തിയ നീണ്ട അന്വേഷണത്തിലാണ് ഒരെണ്ണത്തെ കണ്ടെത്തിയത്. ഒരു വർഷംകൊണ്ട് 24 എണ്ണത്തിനെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ആ പശുക്കൾ കാർഷിക സർവകലാശാലയുടെ മണ്ണുത്തി ഫാമിലെത്തിയതു മുതൽ വിവാദങ്ങൾ നിരന്തരമായി പിന്തുടർന്നു.

അതൊന്ന് വിശദീകരിക്കാമോ

നമ്മുടെ നാടൻ പശുക്കളുടെ പരിരക്ഷ സർക്കാറിന്റെ സങ്കരപ്രജനന നയത്തിനെതിരായിരുന്നു. അതുകൊണ്ട് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് പ്രോത്സാഹനം ലഭിച്ചില്ല. സർവകലാശാലയിലെ ചില അധ്യാപകരുടെ എതിർപ്പ്, സർവകലാശാലയിലെത്തിച്ച പശുക്കൾ വെച്ചൂരല്ലെന്ന കുപ്രചാരണം എന്നിവയും നേരിട്ടു. വെച്ചൂർ പദ്ധതിക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ അംഗീകാരം നേടി മുന്നോട്ടുനീങ്ങിയപ്പോഴാണ് ഏറെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത 19 എണ്ണം വിഷബാധയേറ്റ് കൊല്ലപ്പെട്ടത്. ആരോ വിഷം നൽകിയതാണെന്ന് ഉറപ്പായിരുന്നു. പക്ഷേ, അതിന്റെ അന്വേഷണത്തിന് പദ്ധതി മേധാവിയെ മാറ്റിനിർത്തണം എന്ന കാര്യത്തിലാണ് ഊന്നലുണ്ടായത്. ഇതിനെതിരായി കേരള ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടിയശേഷമേ ഞങ്ങൾക്ക് പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞുള്ളൂ. പദ്ധതിക്കായി കമ്പ്യൂട്ടർ വാങ്ങാൻ സർവകലാശാല അനുമതി നിഷേധിച്ചു. ഒടുവിൽ ഡാറ്റാ സ്റ്റോറേജ് കാബിനറ്റ് എന്ന പേരിലാണ് അത് വാങ്ങിയത്. തുടരന്വേഷണങ്ങൾ മൂലം അക്കാലത്ത് ഏറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചു. അന്ന് ഞങ്ങളോടൊപ്പംനിന്ന വൈസ് ചാൻസലർമാരായ ഡോ. സൈലാസ്, ഡോ. മൈക്കിൾ, ഡീൻ ഡോ. രാധാകൃഷ്ണ കൈമൾ, ഡോ. കെ.സി. രാഘവൻ, ഡോ. അരവിന്ദാക്ഷൻ, ഡോ. എ.പി. ഉഷ, ഡോ. തിരുപ്പതി തുടങ്ങിയവരോട് വളരെ നന്ദിയുണ്ട്്.

വെച്ചൂർ പശുവിന്റെ പേറ്റന്റ് ഒരു വിദേശ സർവകലാശാല നേടിയെന്നും കേട്ടിരുന്നു

ഇവിടത്തെ സർവകലാശാലയിലെ വിവാദം അല്പം ശമിച്ചപ്പോഴായിരുന്നു അതുണ്ടായത്. വെച്ചൂർ പശുക്കളുടെ ജനിതകഘടന കണ്ടെത്തുന്നതിൽ സ്കോട്ട്ലൻഡിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് പേറ്റന്റ് നേടിയെന്ന് പരിസ്ഥിതിപ്രവർത്തക വന്ദനാശിവയാണ് ആരോപിച്ചത്. ഇ.പി. 765390 എന്നതാണ് പേറ്റന്റ് നമ്പറെന്നും പദ്ധതിയിലെ ശാസ്ത്രജ്ഞരാണ് ഇതിനുപിന്നിലെന്നും വന്ദനാശിവ പറഞ്ഞു. ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര ജേണലായ നേച്ചറുമൊക്കെ അത് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതോടെ വെച്ചൂരിനെ എതിർക്കുന്നവർ പൂർവാധികം ശക്തിയോടെ വീണ്ടും രംഗത്തെത്തി. വൈസ് ചാൻസലർ ഡോ. ശ്യാമസുന്ദരൻ നായർ ലോകത്തുള്ള വെച്ചൂരിന്റെ പേറ്റന്റ് ഉറവിടങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ടു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, റാഫി കാനഡ തുടങ്ങിയ എല്ലാ ഏജൻസികളുടെയും സഹായത്തോടെ പേറ്റന്റ് തിരച്ചിൽ ഊർജിതമാക്കി. വന്ദനാശിവയ്ക്ക് ഇന്റർനെറ്റിൽനിന്നാണ് പേറ്റന്റിനെക്കുറിച്ച് അറിവുലഭിച്ചതെന്ന വാദം ഇതിനകം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. 1998-ൽ തുടങ്ങിയ വിവാദം തീരാൻ രണ്ടുവർഷങ്ങളെടുത്തു. ഇ.പി. 765390 എന്ന പേറ്റന്റ് നമ്പർ തെറ്റാണെന്നും അത് റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റേതല്ല മറിച്ച് പി.പി.എൽ. തെറാപ്യൂട്ടിക്സിന്റെ മനുഷ്യരുടെയും ഹോൾസ്റ്റീൻ ഫ്രീഷ്യൻ പശുക്കളുടെയും ജീനുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റേതാണെന്നും തെളിഞ്ഞു. കാർഷിക സർവകലാശാല ധവളപത്രമിറക്കി വിവാദം അവസാനിപ്പിച്ചു.

ഗവേഷണത്തിൽ പങ്കാളിത്തമുണ്ടാകുമല്ലോ

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്, നബാർഡ്, നാഷണൽ ബയോ ഡൈവേഴ്സിറ്റി ബോർഡ്, നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സസ്, കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ്, ലോക ഭക്ഷ്യകാർഷിക സംഘടന, യു.എൻ.ഡി.പി. എന്നിവയുടെ സഹകരണമുണ്ട്.

വെച്ചൂർ കൺസർവേഷൻ ട്രസ്റ്റിനെക്കുറിച്ച്

വെച്ചൂർ പശു സംരക്ഷണത്തിൽ കർഷകരുടെയും ശാസ്ത്രജ്ഞരുടെയും സന്നദ്ധപ്രവർത്തകരുടെയുമൊക്കെ സഹകരണം ആവശ്യമുണ്ടായിരുന്നു. ഒരു കൂട്ടായ്മയിലൂടെ സുസ്ഥിരപരിരക്ഷ ഉറപ്പുവരുത്താനാണ് ട്രസ്റ്റിന് രൂപംനൽകിയത്. വെച്ചൂർ പശുവിനെ തിരിച്ചറിയാൻ മൈക്രോ ചിപ്പിങ് രീതിയും ഉടൻ നടപ്പാക്കും.

മറ്റ് പദ്ധതികൾ

കാസർകോട് പശുക്കൾ, അട്ടപ്പാടി ബ്ലാക്ക് ആടുകൾ, കുട്ടനാട് എരുമകൾ, ഹൈറേഞ്ച് കുറിയ കന്നുകാലികൾ, അങ്കമാലി പന്നികൾ എന്നിവയുടെ പരിരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളുണ്ട്. കാസർകോട് പശുക്കളെ ഇന്ത്യയുടെ തനത് ജനുസ്സായി അംഗീകരിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

തിരിഞ്ഞു നോക്കുമ്പോൾ

ഒരുപാട് പ്രതിബന്ധങ്ങൾ നേരിട്ടെങ്കിലും ഇന്ന് വെച്ചൂർ പശു രാജ്യത്തിന്റെ തനത് ജനുസ്സായി മാറിക്കഴിഞ്ഞു. വെച്ചൂരിനെ വിമർശിച്ചവർ അതിന്റെ ആരാധകരായി! പശുക്കളുടെ എണ്ണം ഇന്ന് കേരളത്തിൽ 3000-ത്തിലധികമായി. വെച്ചൂർ പശുക്കളെ വെറ്ററിനറി സർവകലാശാലയിൽനിന്ന് ലഭിക്കാൻ കർഷകർ കാത്തിരിക്കുന്നു.

പുതിയ തലമുറയോട്...

വെച്ചൂർ പശുക്കളെ കണ്ടെത്തുന്നതിൽ വിദ്യാർഥികളുടെ സഹായം വളരെ വലുതായിരുന്നു. നമ്മുടെ യുവാക്കളുടെ കഴിവുകൾ അധ്യാപകർ തിരിച്ചറിയണം. കർഷകർക്കിണങ്ങിയ ഗവേഷണപ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കണം.

കുടുംബം, പുരസ്കാരം

പദ്മശ്രീക്ക് മുമ്പ് ലോക ഭക്ഷ്യകാർഷിക സംഘടനയുടെയും (എഫ്.എ.ഒ.), ഐക്യരാഷ്ട സംഘടനയുടെ വികസന പ്രോജക്ടിന്റെയും (യു.എൻ.ഡി. പി.) അംഗീകാരങ്ങൾ ലഭിച്ചു. മണ്ണുത്തിയിൽ ഇന്ദിരാനഗറിലാണ് താമസിക്കുന്നത്. കാർഷിക സർവകലാശാലയിലെ റിട്ട. പ്രൊഫ. ഡോ. അബ്രഹാം വർക്കിയാണ് ഭർത്താവ്. ഡോ. മിനിയും ജോർജുമാണ് മക്കൾ.

(പുനപ്രസിദ്ധീകരണം )Content Highlights: Dr Sosamma Iype who preserves Vechoor Cows Padma Shri
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.