News

Get the latest news here

പ്രതിപക്ഷ നിരയിലെ പ്രധാനികളായ ഗുലാം നബി ആസാദിനും ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷന്‍

ന്യൂഡൽഹി: പ്രതിപക്ഷ നിരയിലെ രണ്ട് സുപ്രധാന നേതാക്കളും 73-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്മ പുരസ്കാര പട്ടികയിൽ ഇടംപിടിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദിനും ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കുമാണ് പത്മ പുരസ്കാരം നൽകാൻ കേന്ദ്രം തീരുമാനിച്ചത്. പത്മ ഭൂഷൻ പുരസ്കാരത്തിനാണ് ഇരുവരും അർഹരായത്.

കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾക്കിടെയാണ് ജമ്മു കശ്മീരിൽ നിന്നുള്ള മുതിർന്ന നേതാവായ ഗുലാം നബി ആസാദിന് കേന്ദ്രസർക്കാർ പത്മ പുരസ്കാരം നൽകുന്നത്.കോൺഗ്രസിന്റെ സംഘടനാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ പ്രധാനിയാണ് ആസാദ്. അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം അവസാനിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വികാരപരമായ പ്രസംഗം വാർത്താപ്രാധാന്യം നേടിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞ് ജമ്മുകശ്മീരിൽ ശക്തിപ്രകടനത്തിനൊരുങ്ങുന്നതിനിടയിലാണ് ആസാദിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ദീർഘകാലം ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് 78-ാം വയസിലാണ് പത്മ ഭൂഷൻ പുരസ്കാരം ലഭിക്കുന്നത്. 2011ൽ മമതാ ബാനർജി അധികാരം പിടിച്ചെടുക്കുന്നതുവരെ പശ്ചിമബംഗാൾ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം.കമ്യൂണിസ്റ്റ് നേതാക്കൾക്ക് നേരത്തേയും സർക്കാരുകൾ പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും അവർ സ്വീകരിച്ചിട്ടില്ല. ഹിരൺ മുഖർജി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതിബസു തുടങ്ങിയവർക്ക് നേരത്തേ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനറൽ ബിപിൻ റാവത്ത്, രാധേശ്യാം ഖേംക, കല്യാൺ സിങ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൻ ലഭിച്ചു.ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് മുൻ മുഖ്യമന്ത്രിയും പിന്നാക്ക വിഭാഗം നേതാവുമായിരുന്ന കല്യാൺ സിങ്ങിന് മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈന്ദവാശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കേന്ദ്രമായ ഗീതാ പ്രസ്സിന്റെ ചെയർമാനായിരുന്ന രാധേശ്യാം ഖേംഖയ്ക്കുള്ള മരണാനന്തര പുരസ്കാരത്തിനും രാഷ്ട്രീയപശ്ചാത്തലമുണ്ട്.

മഹാരാഷ്ട്രയിൽ നിന്നുള്ള പ്രബാ അത്രെയും പത്മവിഭൂഷൻ നേടി. എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ തുടങ്ങിയവർക്ക് പത്മഭൂഷണും ലഭിച്ചു.

കവി പി.നാരായണകുറുപ്പ്, കളരിയാശാൻ ശങ്കരനാരായണ മേനോൻ ചുണ്ടയിൽ, വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവർത്തക കെ.വി.റാബിയ എന്നിവർക്ക് കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്കാരം ലഭിച്ചു. ഇന്ത്യയ്ക്കുവേണ്ടി ടോക്യേ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്രയ്ക്കും പത്മശ്രീ ലഭിച്ചു.

ഇത്തവണ നാല് പേർ പത്മ വിഭൂഷണും 17 പേർ പത്മ ഭൂഷണും 107 പേർ പത്മ ശ്രീ പുരസ്കാരത്തിനും അർഹരായി. ഇതിൽ 34 പേർ വനിതകളാണ്. 13 പേർക്ക് മരണാനന്തര ബഹുമതിയുമാണ് ലഭിച്ചത്.

content highlights: Padma Awards For Oppositions Ghulam Nabi Azad, Buddhadeb Bhattacharjee
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.