News

Get the latest news here

കാമറൂൺ ട്രാജഡി; മരിച്ചത് എട്ടുപേർ, 50 പേർക്ക് പരിക്ക്; കുഞ്ഞുങ്ങളടക്കം ആശുപത്രിയിൽ


പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ശുശ്രൂഷിക്കുന്നു


യവോൺഡെ (കാമറൂൺ): ആഫ്രിക്ക നേഷൻസ് കപ്പ് ഫുട്ബോളിൽ ആതിഥേയരായ കാമറൂണിന്റെ പ്രീക്വാർട്ടർ മത്സരത്തിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടുപേർ മരിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റു. കുഞ്ഞുങ്ങളടക്കം പലരുടെയും നില ഗുരുതരമാണ്.

കാമറൂൺ തലസ്ഥാനമായ യവോൺഡെയിലെ ഒലെംബെ സ്റ്റേഡിയത്തിൽ കൊമോറോസ് - കാമറൂൺ പോരാട്ടത്തിന് ഇരമ്പിയെത്തിയ ആരാധകരാണ് ദുരന്തത്തിന് ഇരയായത്. കോവിഡിനെത്തുടർന്ന് ശേഷിയുടെ 60 ശതമാനം പേർക്കേ സ്റ്റേഡിയത്തിൽ അനുമതിയുണ്ടായിരുന്നുള്ളൂ. ആതിഥേയരുടെ അഭിമാനപ്പോരാട്ടമായതിനാൽ പിന്നീടത് 80 ശതമാനമായി ഉയർത്തി. അതിലും ഉൾക്കൊള്ളാതെ ആരാധക സമുദ്രം ആർത്തിരമ്പിയതോടെ സംഘാടകരുടെ നിയന്ത്രണം വിട്ടു. ദുരന്തത്തിന്റെ വ്യക്തമായ ചിത്രം ഇനിയും ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയ്ക്ക് ലഭിച്ചിട്ടില്ല.

2019-ൽ നേഷൻസ് കപ്പിന്റെ ആതിഥേയാവകാശം കാമറൂണിന് ലഭിച്ചിരുന്നു. എന്നാൽ, തീരെ തയ്യാറെടുക്കാത്ത കാമറൂണിന് അത് അനുവദിച്ചുകൊടുക്കാൻ ഫിഫ തയ്യാറായില്ല. സുരക്ഷാ ആശങ്കകളും ഉയർന്നു. സ്റ്റേഡിയം നിർമാണങ്ങളും പൂർത്തീകരിച്ചിരുന്നില്ല. ആതിഥേയാവകാശം ഈജിപ്തിലേക്ക് മാറ്റി. സെനഗലിനെ 1-0ന് തോൽപ്പിച്ച് അൾജീരിയ ചാമ്പ്യന്മാരായി.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.