News

Get the latest news here

കടല വില്‍ക്കുമ്പോള്‍ കണ്ട സ്വപ്നം; സ്‌കേറ്റിങ്ങില്‍ പുതിയ ദൂരവും വേഗവും തേടി മധു

ബീച്ചിൽ അമ്മയോടൊപ്പം കടല വിൽക്കുമ്പോഴും സ്കേറ്റിങ്ങിൽ വലിയ ദൂരം താണ്ടാനുള്ള സ്വപ്നത്തിലാണ് മധു. നാലുചക്രമുള്ള മരപ്പലകയിൽ ഒറ്റക്കാലൂന്നി കുതിക്കുന്ന മധുവിനെ കൊച്ചുകുട്ടിയായിരിക്കുമ്പോൾതന്നെ കക്കോടിമുക്കിലുള്ളവർക്കറിയാം. കോഴിക്കോട് ബീച്ചിലെ കപ്പലണ്ടി വിൽപ്പനക്കാരായ മഹേഷിന്റെയും ബേബിയുടെയും ആറ് മക്കളിൽ മൂന്നാമൻ. ബീച്ചിലെ തിരക്കിനിടയിൽ സ്കേറ്റിങ് ബോർഡിൽ പരിശീലനം നടത്തുന്ന ഈ പത്തൊമ്പതുകാരൻ കൗതുകമുണർത്തുന്ന കാഴ്ചയാണ്. കടപ്പുറത്തെത്തിയ ഒരു അറബി സഞ്ചാരി അച്ഛന് സമ്മാനിച്ച സ്കേറ്റിങ് ബോർഡാണ് മധുവിന്റെ സ്വപ്നങ്ങൾക്ക് തുടക്കമായത്.

ബീച്ചിന്റെ സാന്ധ്യശോഭയിൽ സഹോദരങ്ങൾക്കൊപ്പം കടലവിൽപ്പനയുമായി നടക്കുമ്പോൾ ഐ.ടി.ഐ. പഠനം മുടങ്ങിയ വിഷമവും സ്കേറ്റിങ്ങിലെ സാധ്യതകളുമാണ് മധു പങ്കിടുന്നത്. ഇന്ത്യയിൽ ദേശീയമത്സരങ്ങളിൽ സ്കേറ്റിങ് ഇതുവരെ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ഒളിമ്പിക്സിൽ സ്കേറ്റിങ് ബോർഡ് മത്സരം ഒരു കായിക ഇനമായപ്പോൾ മധുവിന്റെ ആഹ്ളാദം തിരമാലകൾക്കൊപ്പമായിരുന്നു. രാജ്യാന്തരയാത്രകളും ഐസ് സ്കേറ്റിങ്ങും മനസ്സിൽ കൊണ്ടുനടക്കുന്ന മധുവിന് തന്റെ ആവേശത്തെ നിരുത്സാഹപ്പെടുത്തുന്നവർക്ക് ഒരിക്കൽ മറുപടിനൽകാനാവുമെന്ന വിശ്വാസവുമുണ്ട്.

അമ്മയുടെ താലിമാല പണയംവെച്ചാണ് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞമാർച്ചിൽ സ്കേറ്റർ യാത്ര നടത്തിയത്. കാസർകോട് മുതൽ തിരുവന്തപുരംവരെ സ്കേറ്റിങ് ബോർഡിൽ നടത്തിയ യാത്ര പൂർത്തിയാക്കാൻ 65 ദിവസമെടുത്തു. സ്കേറ്റിങ് അക്കാദമി എന്ന ആശയത്തിന് യാത്രയിലുടനീളം വലിയ പ്രോത്സാഹനമാണ് ലഭിച്ചത്.

എന്നാൽ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും തൂണേരി ഗവ. കോളേജിലെ ഐ.ടി.ഐ. പഠനം ഉപേക്ഷിക്കേണ്ടിവന്നു. 15 ദിവസത്തേക്ക് കിട്ടിയ അവധി നീണ്ടുപോയതാണ് കാരണമെന്ന് മധു പറയുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ കോഴ്സിന് പഠിച്ചിരുന്ന മധുവിന് പ്രാക്ടിക്കൽ ക്ളാസുകൾ നിരന്തരമായി മുടങ്ങിയപ്പോൾ പഠനം തുടരാനാവാത്ത സാഹചര്യമായിരുന്നുവെന്ന് അധ്യാപകൻ പറഞ്ഞു. എങ്കിലും മധുവിന്റെ സ്വപ്നങ്ങൾക്ക് ചിറക് പകരാൻ സഹപാഠികളും അധ്യാപകരും ഒപ്പമുണ്ട്.

വയനാട്, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലൊക്കെ സ്കേറ്റർബോർഡിൽ മധു സാഹസികയാത്ര നടത്തിയിട്ടുണ്ട്. സ്കേറ്റർ റോളിൽ ഇന്ത്യ ചുറ്റണമെന്നാണ് ഇനിയുള്ള മോഹം. കന്യാകുമാരി മുതൽ കശ്മീർ വരെയൊരു സ്വപ്നയാത്ര. പക്ഷേ, അതിനിണങ്ങിയ മികച്ചൊരു സ്കേറ്റർ ബോർഡ് വാങ്ങണമെങ്കിൽ 18,000 രൂപയെങ്കിലും ചെലവ് വരും. അത് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ഈ ചെറുപ്പക്കാരൻ.


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.