News

Get the latest news here

കോടോം ബേളൂര്‍ പഞ്ചായത്ത് ഒരുക്കുന്നു, ട്രൈബൽ വില്ലേജ് ടൂർ ക്യാമ്പ്

രാജപുരം: വിനോദസഞ്ചാര മേഖലയിൽ പുത്തൻ ചുവടുമായി കോടോം ബേളൂർ പഞ്ചായത്ത്. ജില്ലയിൽ ഏറ്റവുധികം ഊരുകളുള്ള പഞ്ചായത്തിൽ സഞ്ചാരികളെ ആകർഷിക്കുംവിധം ട്രൈബൽ വില്ലേജ് ടൂർ ക്യാമ്പ് ഒരുക്കാൻ തയ്യാറെടുക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. ചുരുങ്ങിയത് നാല് ഏക്കറിൽ അഞ്ച് കോടി രൂപ ചെലവിൽ തനത് ശൈലിയിൽ വില്ലേജ് ക്യാമ്പ് നിർമിക്കാനാണ് ആലോചന. അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണസമിതി. കോടോത്ത് പോത്തനടുക്കം കാവിന് സമീപം 25 ഏക്കറോളം ഭൂമി ആരും ഉപയോഗിക്കാതെകിടക്കുന്നുണ്ട്. അതിൽനിന്ന് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ അധികൃതർ തയ്യാറായാൽ പദ്ധതി വേഗത്തിൽ നടപ്പാക്കാനാകും.

ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി ട്രൈബൽ വില്ലേജ് ടൂർ ക്യാമ്പിന്റെ രൂപരേഖ തയ്യാറാക്കി പഞ്ചായത്ത് അധികൃതർ ഒരുവർഷം മുൻപ് സർക്കാരിൽ സമർപ്പിച്ചിരുന്നു. നിലവിൽ സർക്കാർ നടപ്പാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു വിനോദസഞ്ചാര കേന്ദ്രം-പദ്ധതിയുടെ ഭാഗമായി ഇത് യാഥാർഥ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി. പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്ത് രണ്ടാമത്തെ ആദിവാസി ടൂറിസം വില്ലേജായി ഇത് മാറും.

മറ്റ് ജില്ലകളിലെയടക്കം ആദിവാസികളുടെ ജീവിതം, സംസ്കാരം, ആചാരങ്ങൾ, ഗോത്രകലകൾ, ഗോത്ര നിർമിതികൾ എന്നിവയെ നേരിട്ട് അറിയാനും പഠിക്കാനുമുള്ള സൗകര്യമായിരിക്കും ഇവിടെയുണ്ടാവുക. സന്ദർശകർക്ക് ആദിവാസികളുടെ തനത് ഭക്ഷണവും താമസസൗകര്യവുമുണ്ടാകും. ക്യാമ്പിലെത്തുന്നവർക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്നതിനൊപ്പം മലയോരത്തെ അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്താൻ വില്ലേജ് ടൂർ പദ്ധതിയും നടപ്പാക്കും. ക്യാമ്പിലെ താമസവും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള സന്ദർശനവും ഉൾപ്പെടുന്ന തരത്തിൽ രണ്ട് ദിവസത്തെ പാക്കേജായിരിക്കും ഉണ്ടാവുക. പദ്ധതി നടപ്പാക്കാനായാൽ മലയോരത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം വലിയൊരുവിഭാഗത്തിന് തൊഴിൽ ലഭ്യമാക്കാനും കഴിയും.

സഞ്ചാരികൾക്കായി ഒരുക്കുന്നത്

ട്രൈബൽ വില്ലേജ് ടൂർ ക്യാമ്പിലെത്തുന്ന സഞ്ചാരികൾക്ക് വലിയ സൗകര്യങ്ങളാണ് പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ള രൂപരേഖയിൽ പറയുന്നത്. ഗോത്ര ജനവിഭാഗങ്ങളുടെ പരമ്പരാഗത മാതൃകയിലുള്ള വീടുകളായിരിക്കും സഞ്ചാരികൾക്ക് താമസിക്കാനുണ്ടാവുക. ഇതോടൊപ്പം ട്രൈബൽ മ്യൂസിയം, ആർട്ട് ഗാലറി, ഗോത്രവിഭാഗങ്ങളെക്കുറിച്ചുള്ള പഠനസൗകര്യം, തനത് ഭക്ഷണശാലകൾ, ആദിവാസി ചികിത്സാകേന്ദ്രം, കരകൗശല വിൽപ്പന ശാലകൾ, പരിശീലന കേന്ദ്രങ്ങൾ, ക്യാമ്പ് സൈറ്റ്, മീറ്റിങ് ഹാൾ, ആരാധനാലയ മാതൃകകൾ, പൊതുശുചിത്വ സമുച്ചയങ്ങൾ, വ്യാപാരശാലകൾ തുടങ്ങിയവയും ഉണ്ടാകും.

ആദിവാസി കലാരൂപങ്ങളുടെ അവതരണത്തിനുള്ള സ്ഥിരം വേദിയും ഒരുക്കും. ഈ വിഭാഗങ്ങളിലെ കലാകാരൻമാരെയും യുവതീയുവാക്കളെയും പ്രോത്സാഹിപ്പിക്കുക, ഇവരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക, ജില്ലയിലെ പ്രധാന ടൂറിസം ഹബ്ബാക്കി കോടോം ബേളൂരിനെ മാറ്റുക തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

Content Highlights:Kodom Beloor Panchayat is organizing a Tribal Village Tour Camp
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.