News

Get the latest news here

തെറ്റായ നയങ്ങളുടെ ഭാരം അടിച്ചേല്‍പിച്ചിട്ടും മോദിസര്‍ക്കാരിന് രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടിവന്നില്ല

ചില സ്വരങ്ങൾ വ്യത്യസ്തമായ ഈണത്തിൽ കേൾക്കുമ്പോൾ കൗതുകം തോന്നും. ഒരുകാലത്ത് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ. അദ്ദേഹം ഇപ്പോൾ ബ്രൗൺ സർവകലാശാലയിലെ വാട്സൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിൽ സീനിയർ ഫെലോ ആണ്. ഉറച്ച അക്കാദമിക് പിൻബലമുള്ള ഡോ. സുബ്രഹ്മണ്യൻ മികച്ച എഴുത്തുകാരൻ കൂടിയാണ്. ഫോറിൻ അഫയേഴ്സ് മാസികയുടെ ഡിസംബർ ലക്കത്തിൽ, ഒരു ലേഖനത്തിൽ, ആത്മനിർഭർ ഭാരത് എന്ന പേരിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള സാമ്പത്തികനയത്തിലെ ചില പോരായ്മകൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

പലവിധ ആശങ്കകൾ

ഡോ. സുബ്രഹ്മണ്യന്റെ പ്രധാനപ്പെട്ട മൂന്ന് ആശങ്കകൾ സബ്സിഡി, സംരക്ഷണവാദം, പ്രാദേശിക വ്യാപാരക്കരാറുകളിൽനിന്നുള്ള പിന്മാറ്റം എന്നിവയാണ്. സംശയാസ്പദമായ സ്ഥിതിവിവരക്കണക്കുകൾ, ഫെഡറൽ മൂല്യങ്ങളോടുള്ള കലഹം, ഭൂരിപക്ഷവാദം, സ്വതന്ത്ര സ്ഥാപനങ്ങൾക്കുമേലുള്ള അധികാരപ്രയോഗം എന്നിവയും അദ്ദേഹത്തെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്. തുടരാൻ അവസരമുണ്ടായിട്ടും നാലുവർഷത്തെ സേവനത്തിനുശേഷം 2018-ൽ സ്ഥാനമൊഴിയാൻ അരവിന്ദ് സുബ്രഹ്മണ്യനെ പ്രേരിപ്പിച്ചത് എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ലേഖനത്തിലെ വരികൾക്കിടയിൽനിന്ന് കിട്ടും. അസംതൃപ്തനായിരുന്നു എന്നു മാത്രമല്ല, കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് പോകുന്നുവെന്ന് അദ്ദേഹം മുൻകൂട്ടി അറിയുകയും ചെയ്തു എന്നുവേണം മനസ്സിലാക്കാൻ.


സ്ഥിതി വഷളാവുകതന്നെ ചെയ്തു. യു.പി.എ. സർക്കാരിന്റെ കാലത്ത് 12 ശതമാനമായിരുന്ന ശരാശരി താരിഫ് ഇപ്പോൾ 18 ശതമാനമാണ്. താരിഫ് ഇതര ഡ്യൂട്ടികളുടെ വിവേചനരഹിതമായ പ്രയോഗം വേറെയും. രാജ്യത്തിന് ഗുണകരമാവുമായിരുന്ന പല ബഹുരാഷ്ട്ര വ്യാപാര കരാറുകളിൽനിന്നും ഇന്ത്യ പിന്നാക്കം പോകുന്നു. രാഷ്ട്രീയ, പ്രതിരോധ സഖ്യങ്ങളോട് (GSOMIA, COMCASA, QUAD, the Second QUAD, RELOS) അമിതാവേശം കാണിക്കുന്ന പ്രധാനമന്ത്രി വ്യാപാരക്കരാറുകളോടുമാത്രം മുഖം തിരിക്കുന്നത് വൈരുധ്യമാണ്.


മോദിയുടെ സാമ്പത്തിക നയങ്ങളിൽ നിരാശനായ മറ്റൊരു മുൻ സാമ്പത്തിക ഉപദേഷ്ടാവാണ് ഡോ. അരവിന്ദ് പനാഗാരിയ. അദ്ദേഹം ഇപ്പോൾ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക് പ്രൊഫസറും നിതി ആയോഗിന്റെ വൈസ് ചെയർപേഴ്സണുമാണ്. അടുത്തിടെ ഇക്കണോമിക് ടൈംസിൽ എഴുതിയ ലേഖനത്തിൽ സർക്കാരിനെ വാഴ്ത്തുന്നതിനൊപ്പം ചില അപ്രിയസത്യങ്ങൾ പറയാൻകൂടി അദ്ദേഹം ശ്രമിക്കുന്നുണ്ട്. പനാഗാരിയ എഴുതുന്നു: '...സ്വതന്ത്ര വ്യാപാരക്കരാറുകളിലേർപ്പെട്ട് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കണം.

ഉയർന്ന താരിഫുകൾ പിൻവലിക്കണം. കാലഹരണപ്പെട്ട 1956-ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ആക്ടിന് പകരം ഉന്നത വിദ്യാഭ്യാസ മേഖലയെ മുന്നോട്ടുനയിക്കാനുതകും വിധം പുതിയ നിയമം കൊണ്ടുവരുകയും പ്രത്യക്ഷ നികുതിയുടെയും പരോക്ഷ നികുതിയുടെയും സ്രോതസ്സ് വികസിപ്പിക്കുകയും വേണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം വേഗത്തിലാക്കുകയും പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യണം.'

ഏതാനും വർഷങ്ങൾ മുൻപുവരെ ഡോ. അരവിന്ദ് സുബ്രഹ്മണ്യനും ഡോ. അരവിന്ദ് പനാഗാരിയയും സർക്കാരിനോട് ഏറ്റവും അടുത്തുപ്രവർത്തിച്ചവരാണ്. രണ്ടുപേരും ഉദാരീകരണത്തെ പ്രോത്സാഹിപ്പിക്കുന്നവർ. ലോകത്തെത്തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ അധ്യാപനം നടത്തുന്ന ഇവർ സ്വകാര്യവത്കരണത്തിന്റെ വക്താക്കളുമാണ്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പരാധീനതകൾ തിരിച്ചറിയാൻ ഇരുവർക്കും സാധിക്കുന്നുണ്ടെങ്കിലും അതിന്റെ വിനാശകരമായ അനന്തരഫലങ്ങളെ തുറന്നുകാണിക്കുന്നതിൽ അവർ വിമുഖത പ്രകടിപ്പിക്കുന്നു.

ഒട്ടേറെ ഭവിഷ്യത്തുകൾ

ഈ ലേഖനം വായിക്കുന്നവർ അനാരോഗ്യകരമായ സാമ്പത്തികനയത്തിന്റെ പ്രത്യാഘാതങ്ങൾ അറിഞ്ഞിരിക്കണമെന്നുണ്ട്. ഒട്ടേറെ ദരിദ്രരുള്ള രാജ്യത്ത് ആളോഹരി വരുമാനം വീണ്ടും താഴേക്കുപോകുന്നു; കുട്ടികളിലെ പോഷകാഹാരക്കുറവും വളർച്ചമുരടിപ്പും വ്യാപകമാകുന്നു; 116 രാജ്യങ്ങൾ മാത്രമുള്ള ആഗോളപട്ടിണി സൂചികയിൽ 94-ാം സ്ഥാനത്തുനിന്ന് 104-ാം സ്ഥാനത്തേക്ക് പതനം; നോട്ടസാധുവാക്കലും ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാത്തതും മഹാവ്യാധിയെ തെറ്റായി കൈകാര്യംചെയ്തതും കാരണം ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു; വർധിക്കുന്ന തൊഴിലില്ലായ്മ (നഗരത്തിൽ 8.4 ശതമാനം, ഗ്രാമീണമേഖലയിൽ 6.4 ശതമാനം); ഉയർന്ന പണപ്പെരുപ്പം (5.6 ശതമാനം); ഉയർന്ന പരോക്ഷനികുതിയും തെറ്റായി അവലംബിച്ച ജി.എസ്.ടി.യും; പെട്രോൾ, ഡീസൽ, എൽ.പി.ജി.യിൽ നിന്നുള്ള അമിത ലാഭക്കൊയ്ത്ത്; ലൈസൻസ് രാജിന്റെ തിരിച്ചുവരവ്; കുത്തകകളുടെ വളർച്ച; ചങ്ങാത്ത മുതലാളിത്തം; ബിസിനസ്, എൻജിനിയറിങ്, മെഡിക്കൽ, സയൻസ് വൈദഗ്ധ്യത്തിന്റെ ചോർച്ച എന്നിങ്ങനെ പോകുന്നു ഭവിഷ്യത്തുകൾ.

തെറ്റായ നയങ്ങളുടെ ഭാരം സാധാരണക്കാരായ ജനങ്ങളുടെ മേൽ എത്രതന്നെ അടിച്ചേൽപ്പിച്ചിട്ടും മോദിസർക്കാരിന് ഇതുവരെ രാഷ്ട്രീയമായ തിരിച്ചടി നേരിടേണ്ടി വന്നിട്ടില്ല. പണമോ ഭക്ഷണമോ മരുന്നോ ഇല്ലാതെ പലായനം ചെയ്യേണ്ടിവന്ന ദശലക്ഷക്കണക്കിന് പാവപ്പെട്ട തൊഴിലാളികൾ; ഒാക്സിജന്റെയും ആശുപത്രി സൗകര്യങ്ങളുടെയും ഞെട്ടിപ്പിക്കുന്ന അപര്യാപ്തത; തൊഴിലില്ലാത്ത യുവാക്കൾ... ഇത്രയധികം അനാസ്ഥകൾക്ക് ഉത്തരവാദിയായ ഒരു സർക്കാരിന് ഇപ്പോഴും അധികാരത്തിൽ തുടരാൻ മറ്റേതെങ്കിലും സ്വതന്ത്ര ജനാധിപത്യവ്യവസ്ഥയിൽ സാധിക്കുമെന്ന് തോന്നുന്നില്ല.

വളരുന്ന അനീതി
എൽ. ചാൻസൽ, ടി. പിക്കെറ്റി എന്നിവർ തയ്യാറാക്കിയ 2022-ലെ ലോക അസമത്വ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 57 ശതമാനവും കൈയാളുന്നത് പത്തുശതമാനം മാത്രംവരുന്ന ജനസമൂഹമാണ്. 2021-ൽ 84 ശതമാനം കുടുംബങ്ങൾക്ക് വരുമാനത്തിൽ കുറവ് നേരിട്ടു. അതേസമയംതന്നെയാണ് ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം 102-ൽ നിന്ന് 142-ലേക്ക് ഉയർന്നതും.

2020 മാർച്ച് മുതൽ 2021 നവംബർ വരെയുള്ള കാലയളവിൽ ശതകോടീശ്വരന്മാരുടെ സമ്പത്ത് 23.14 ലക്ഷം കോടിയിൽനിന്ന് 53.16 ലക്ഷം കോടിയായി വർധിച്ചു. ഇതേ കാലയളവിൽ മറുവശത്ത് നാലരക്കോടിയിലധികം ആളുകളാണ് അങ്ങേയറ്റം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്. 2022-'23-ലെ ബജറ്റ് അവതരണത്തിന് ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇനിയും പുനഃപരിശോധനയ്ക്ക് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്. ജനങ്ങളെക്കുറിച്ച് കരുതലില്ലാത്ത ഒരു സർക്കാരിനെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയമായ തിരിച്ചടിമാത്രമാണ് മാർഗം.


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്നേതാവുമാണ് ലേഖകൻ
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.