By
Admin
/
Jan 29, 2022 //
Editor's Pick /
കസ്റ്റംസ് നോട്ടീസുകൾ വിദേശത്തേക്കില്ല, വിദേശകാര്യ മന്ത്രാലയം വരെ മാത്രം
കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ വിദേശപൗരൻമാർക്കുള്ള കസ്റ്റംസിന്റെ കാരണംകാണിക്കൽ നോട്ടീസുകൾ വിദേശത്തേക്കെത്തുന്നില്ല. വിദേശകാര്യ മന്ത്രാലയത്തിനപ്പുറത്തേക്ക് സ്വർണക്കടത്ത് കേസിലെ നോട്ടീസ് പോയിട്ടില്ല. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാൽ വിദേശപൗരൻമാരെ ചോദ്യംചെയ്യാൻപോലും അന്വേഷണ ഏജൻസികൾക്ക് അനുമതി നൽകിയിട്ടില്ല.
ഇതുവരെ കസ്റ്റംസ് അയച്ച കാരണംകാണിക്കൽ നോട്ടീസുകൾക്ക് മറുപടിയും ലഭിച്ചിട്ടില്ല. ഈന്തപ്പഴവും മതഗ്രന്ഥവും കടത്തിയെന്ന കേസിൽ യു.എ.ഇ. കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ കസ്റ്റംസിന് കേന്ദ്രം അനുമതി നൽകി. ഇത് കോടതി നടപടികളുടെ ഭാഗം മാത്രമാണെന്നാണു സൂചന.
നയതന്ത്ര ചാനലിലൂടെ സ്വർണം, ഈന്തപ്പഴം, മതഗ്രന്ഥം എന്നിവ കടത്തിയെന്ന കസ്റ്റംസ് കേസുകളിൽ യു.എ.ഇ. കോൺസുലേറ്റ് മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് എന്നിവരെയടക്കം പ്രതിചേർക്കേണ്ടതാണ്. ഇവർ ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധികൾ കുറ്റക്കാരാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
സ്വർണക്കടത്തിൽ 2021 ജൂണിൽ ഇവർക്കുള്ള കാരണംകാണിക്കൽ നോട്ടീസ് വിദേശകാര്യ മന്ത്രാലയത്തിലേക്ക് കത്തായി നൽകി. അവിടെനിന്ന് യു.എ.ഇ. സർക്കാരിലേക്കാണ് ഈ നോട്ടീസുകൾ അയക്കേണ്ടത്. നോട്ടീസിനൊപ്പം ചോദ്യാവലിയും കസ്റ്റംസ് പ്രിവന്റീവ് സംഘം വിദേശകാര്യ മന്ത്രാലയത്തിലേക്ക് അയച്ചിരുന്നു. ആറുമാസം കഴിഞ്ഞിട്ടും ഇതിന് ഒരു മറുപടിയും വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് കസ്റ്റംസിന് ലഭിച്ചിട്ടില്ല.
ഈന്തപ്പഴക്കടത്തിലും മതഗ്രന്ഥങ്ങൾ കടത്തിയ കേസിലും യു.എ.ഇ. മുൻ നയതന്ത്ര ഉദ്യോസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ് അയക്കാൻ കസ്റ്റംസ് പ്രിവന്റീവ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. രണ്ടാഴ്ച മുമ്പാണ് അനുമതി ലഭിച്ചത്. മതഗ്രന്ഥവുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി കെ.ടി. ജലീലിനും കാരണംകാണിക്കൽ നോട്ടീസ് നൽകിയേക്കും.
ഈ കേസുകൾ കോടതിയിലെത്തുമ്പോൾ വിദേശത്തുള്ള പ്രതികളുടെ കാര്യം ഉന്നയിക്കപ്പെട്ടാൽ മറുപടി പറയാൻ മാത്രമാണ് 'കാരണം കാണിക്കൽ നോട്ടീസ്' എന്ന സാങ്കേതികത്വം പൂർത്തിയാക്കുന്നത് എന്നാണു സൂചന.
Content Highlights : Customs Show Cause Notice
Related News
Comments