News

Get the latest news here

സ്റ്റാര്‍ലിങ്കിനോട് മത്സരിക്കാന്‍ റിലയന്‍സ് ജിയോയും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് രംഗത്തേക്ക്

അമേരിക്കൻ കമ്പനിയായ സ്റ്റാർലിങ്ക് ഇന്ത്യയിൽ വന്നതോടെയാണ് ഉപഗ്രഹം വഴി നേരിട്ട് ജനങ്ങൾക്ക് ബ്രോഡ്ബാൻഡ് സേവനം എത്തിക്കുന്നതിനുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിൽ ചർച്ചയാവുന്നത്. സ്റ്റാർലിങ്കിന് ഇനിയും സേവനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് കിട്ടിയിട്ടില്ല. അതേസമയം ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഈ രംഗത്തേക്കും പ്രവേശിക്കാനൊരുങ്ങുകയാണ്.

ഇതുവരെ ഇന്ത്യയിൽ നിന്ന് ഭാരതി എയർടെൽ മാത്രമാണ് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് രംഗത്തേക്ക് കടന്നുവന്നത്. സാറ്റ് കോം കമ്പനിയായ വൺവെബ്ബിന്റെ ഉടമസ്ഥർ ഭാരതി എയർടെലാണ്. ഈ രംഗത്തേക്കാണ് ജിയോയും കടന്നുവരുന്നത്. ഇതിനായി ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന പേരിൽ ഒരു സഹസ്ഥാപനത്തിന് റിലയൻസ് ജിയോ തുടക്കമിട്ടു. കമ്പനിയ്ക്ക് ലൈസൻസിനായി ടെലികോം വകുപ്പിന് അപേക്ഷ നൽകിക്കഴിഞ്ഞു.

സ്റ്റാർലിങ്ക്, വൺവെബ്, ആമസോൺ പ്രൊജക്ട് കുയ്പർ ഉൾപ്പടെയുള്ള കമ്പനികളുമായി മത്സരിക്കാനാണ് ജിയോയുടെ ജെ എസ് സിഎൽ എത്തുന്നത്. സർക്കാരിൽ നിന്ന് ലൈസൻസ് കിട്ടിക്കഴിഞ്ഞാൽ സമീപഭാവിയിൽ തന്നെ കമ്പനിക്ക് രാജ്യത്ത് സേവനം ആരംഭിക്കാൻ കഴിയും. എന്നാൽ സ്റ്റാർലിങ്ക് ഉദ്ദേശിക്കുന്ന രീതിയിലുള്ള പദ്ധതിയല്ല ജിയോയ്ക്ക്.

സെല്ലുലാർ സേവനങ്ങൾ നൽകുന്നതിനുള്ള സാറ്റലൈറ്റ് ബാൻഡ് വിഡ്ത് ലീസിന് കൊടുക്കാനും വിൽപന നടത്താനുമാണ് ജിയോ ലക്ഷ്യമിടുന്നത്. ഭാരതി എയർടെലിന്റെ വൺ വെബ്ബും ഈ രീതിയാണ് ഉദ്ദേശിക്കുന്നത്.

വൺവെബും ഇന്ത്യയിൽ ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.ഹ്യൂഗ്സ് കമ്മ്യൂണിക്കേഷൻസ് ഇന്ത്യ ലിമിറ്റഡുമായി ചേർന്നാണ് വൺവെബ് പദ്ധതി നടപ്പാക്കുക.

ലൈസൻസ് കിട്ടിയിട്ടില്ലാത്തതിനാൽ സ്റ്റാർലിങ്കും ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല. ഈ വർഷം സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത് എങ്കിലും അത് നടക്കാനിടയില്ല.

Content Highlights:reliance jio entering satellite broadband sector
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.