News

Get the latest news here

മാക്‌സ്‌വെല്ലും അലക്‌സ് കാരിയും തിളങ്ങി; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസീസിന് പരമ്പര

മാഞ്ചെസ്റ്റർ: ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസീസിന്. ഓൾഡ് ട്രാഫഡിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചാണ് ഓസീസ് 2-1ന് പരമ്പര സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയർത്തിയ 303 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് രണ്ടു പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഒരു ഘട്ടത്തിൽ അഞ്ചിന് 73 റൺസെന്ന നിലയിൽ തകർന്ന ഓസീസിന് സെഞ്ചുറികളുമായി തിളങ്ങിയ ഗ്ലെൻ മാക്സ്വെല്ലും അലക്സ് കാരിയുമാണ് രക്ഷകരായത്.

ഡേവിഡ് വാർണർ (24), ആരോൺ ഫിഞ്ച് (12), മാർക്കസ് സ്റ്റോയിനിസ് (4), മാർനസ് ലബുഷെയ്ൻ (20), മിച്ചൽ മാർഷ് (2) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയ ശേഷമാണ് ആറാം വിക്കറ്റിൽ മാക്സ്വെല്ലും കാരിയും ഓസീസിന്റെ രക്ഷകരായത്. 212 റൺസാണ് ഇരുവരും ചേർന്ന് ഓസീസ് സ്കോറിലേക്ക് ചേർത്തത്.

114 പന്തുകൾ നേരിട്ട കാരി ഏഴു ഫോറും രണ്ടു സിക്സുമടക്കം 106 റൺസെടുത്തു. 90 പന്തുകൾ കളിച്ച മാക്സ്വെൽ ഏഴു സിക്സും നാലു ഫോറുമടക്കമാണ് 108 റൺസെടുത്തത്. അവസാന ഓവറിൽ മൂന്നു പന്തിൽ 11 റൺസടിച്ച മിച്ചൽ സ്റ്റാർക്കിന്റെ ഇന്നിങ്സ് കൂടിയായപ്പോൾ ഓസീസ് പരമ്പര സ്വന്തമാക്കി. അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് വേണമെന്ന ഘട്ടത്തിലായിരുന്നു സ്റ്റാർക്കിന്റെ ബാറ്റിങ് പ്രകടനം.

തകർച്ചയോടെയാണ് ഇംഗ്ലണ്ട് ഇന്നിങ്സും തുടങ്ങിയത്. ആദ്യ രണ്ടു പന്തുകളിൽ സ്റ്റാർക്ക് ജേസൺ റോയിയേയും ജോ റൂട്ടിനേയും മടക്കി. സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോവാണ് ഇംഗ്ലണ്ട് ഇന്നിങ്സിന്റെ അടിത്തറ. 126 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കം ബെയർസ്റ്റോ 112 റൺസെടുത്തു. അർധ സെഞ്ചുറികൾ നേടിയ സാം ബില്ലിങ്സും (57), ക്രിസ് വോക്സും (53) ഇംഗ്ലണ്ടിനായി തിളങ്ങി. ഓസീസിനായി സ്റ്റാർക്കും ആദം സാംപയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Glenn Maxwell and Alex Carey struck centuries Australia miracle series win
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.