News

Get the latest news here

207 റണ്‍സ് വിജയലക്ഷ്യം; കോലിയടക്കം പുറത്ത്, ബാംഗ്ലൂരിന് തകര്‍ച്ച

ദുബായ്: ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ 207 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് മോശം തുടക്കം. നാലു റൺസ് എടുക്കുന്നതിനിടെ ദേവദത്ത് പടിക്കൽ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റൻ വിരാട് കോലി (1) എന്നിവരുടെ വിക്കറ്റുകൾ ബാംഗ്ലൂരിന് നഷ്ടമായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു.

ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ സെഞ്ചുറി പ്രകടനവും മികച്ച കൂട്ടുകെട്ടുകളുമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. 62 പന്തിൽ നിന്ന് സെഞ്ചുറി തികച്ച രാഹുൽ 69 പന്തുകൾ നേരിട്ട് ഏഴു സിക്സും 14 ഫോറുമടക്കം 132 റൺസോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലിൽ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്.

ഐ.പി.എല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന നേട്ടവും രാഹുൽ സ്വന്തമാക്കി. മത്സരത്തിനിടെ രണ്ടു തവണ ക്യാപ്റ്റൻ കോലി, രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് ബാംഗ്ലൂരിന് തിരിച്ചടിയായി. 83-ലും 89-ലും നിൽക്കെയാണ് രാഹുലിന്റെ ക്യാച്ചുകൾ കോലി നിലത്തിട്ടത്. അവസാനം നേരിട്ട ഏഴു പന്തിൽ നിന്ന് 32 റൺസാണ് രാഹുൽ അടിച്ചുകൂട്ടിയത്.

ഇതിനിടെ കെ.എൽ രാഹുൽ ഐ.പി.എല്ലിൽ 2000 റൺസ് തികയ്ക്കുകയും ചെയ്തു. ഐ.പി.എല്ലിൽ വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യക്കാരനെന്ന നേട്ടവും രാഹുൽ സ്വന്തമാക്കി. 60 ഇന്നിങ്സുകളിൽ നിന്നാണ് രാഹുലിന്റെ നേട്ടം. 63 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിൻ തെണ്ടുൽക്കറെയാണ് രാഹുൽ മറികടന്നത്.

ഓപ്പണിങ് വിക്കറ്റിൽ മായങ്ക് അഗർവാളിനൊപ്പം 57 റൺസ് ചേർത്ത രാഹുൽ രണ്ടാം വിക്കറ്റിൽ നിക്കോളാസ് പുരനൊപ്പവും 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

20 പന്തിൽ നിന്ന് 26 റൺസെടുത്ത മായങ്കിനെ പുറത്താക്കി യൂസ്വേന്ദ്ര ചാഹലാണ് പഞ്ചാബിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. നിക്കോളാസ് പുരൻ 17 റൺസെടുത്ത് പുറത്തായി. ഗ്ലെൻ മാക്സ്വെല്ലും (5) കാര്യമായ സംഭാവനയില്ലാതെ മടങ്ങി.

ബാംഗ്ലൂർ നിരയിൽ യൂസ്വേന്ദ്ര ചാഹലാണ് ബൗളിങ്ങിൽ മികച്ചുനിന്നത്. നേരത്തെ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിലെല്ലാം ടോസ് നേടുന്ന ക്യാപ്റ്റൻ ബൗൾ ചെയ്യാൻ തീരുമാനിക്കുന്ന പതിവ് തുടരുകയാണ്.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...



Content Highlights: IPL 2020 Kings XI Punjab to start afresh against confident Royal Challengers Bangalore
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.