News

Get the latest news here

മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസ്; കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ പിടികൂടി


മുജീബ് റഹ്മാൻ


കോഴിക്കോട്: മുക്കത്തിനടുത്ത് മുത്തേരിയിൽ ഓട്ടോയാത്രക്കാരിയായ വയോധികയെ പീഡിപ്പിക്കുകയും ആഭരണവും പണവും കവരുകയും ചെയ്ത കേസിൽ ജുഡീഷൽ കസ്റ്റഡിയിലിരിക്കേ ചാടിപ്പോയ ഒന്നാം പ്രതി പോലീസ് പിടിയിലായി. കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലിരിക്കേ കഴിഞ്ഞയാഴ്ച രക്ഷപ്പെട്ട കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കതിരൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യവീടിന്റെ സമീപത്തുള്ള കാട്ടിൽ ഒളിച്ച് കഴിയവേ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്.

പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസത്രീയ അന്വേഷണത്തിനൊടുവിലാണ് മുജീബ് റഹ്മാനെ അറസ്റ്റു ചെയ്തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജയിൽവകുപ്പിന്റെ മേൽനോട്ടത്തിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 20-ന് രാത്രിയാണ് പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടത്.

നടക്കാവ് ഇൻസ്പെക്ടർ ബിശ്വാസ്, എസ്ഐ കൈലാസ് നാഥ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോവിഡ് പരിശോധനയ്ക്ക് ശേഷം പ്രതിയെ റിമാൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് നടക്കാവ് എസ്.ഐ. കൈലാസ് നാഥ് പറഞ്ഞു.

ഇതിനിടെ കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി ജമാലുദ്ദീൻ ഇന്നലെ പിടിയിലായിരുന്നു. വേങ്ങര ചേറൂർ സ്വദേശിയായ ജമാലുദ്ദീൻ (26) ബെംഗളൂരുവിനുസമീപം ജിഗണിയിൽനിന്നാണ് പോലീസിന്റെ പിടിയിലായത്.

റൂറൽ എസ്.പി. ഡോ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈ.എസ്.പി. ടി. അഷ്റഫ്, മുക്കം ഇൻസ്പെക്ടർ ബി.കെ. സിജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. മുക്കം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ജൂലായ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വയോധിക വാഹനം കാത്തുനിൽക്കുമ്പോൾ ഒന്നാംപ്രതി മലപ്പുറം കൊണ്ടോട്ടി നമ്പില്ലത്ത് മുജീബ് റഹ്മാൻ ചോമ്പാലയിൽനിന്ന് മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൊണ്ടുപോയി കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണിതിരുകി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

വയോധികയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും സ്വർണാഭരണങ്ങൾ കവർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പീഡനത്തിനുപയോഗിച്ച ഓട്ടോറിക്ഷയ്ക്ക് വ്യാജ നമ്പർപ്ലേറ്റ് തരപ്പെടുത്തിക്കൊടുത്തതും കവർച്ചചെയ്ത സ്വർണം കൊടുവള്ളിയിൽ വിൽപ്പന നടത്തിയതും ഇന്നലെ അറസ്റ്റിലായ ജമാലുദ്ദീനുംസൂര്യപ്രഭയും ചേർന്നായിരുന്നു.

Content Highlights:Mukkam Assault; Police Arrested Auto Driver Who Escaped From Covid Center
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.