News

Get the latest news here

ബാബറി മസ്ജിദ് കേസില്‍ തെളിവുകള്‍ കാശിക്ക് പോകുമ്പോള്‍ | വഴിപോക്കന്‍

അടുത്ത രാജ്യസഭ സ്ഥാനാർത്ഥി.
ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക സി.ബി.ഐ. കോടതി വിധി ഇന്നലെ(സെപ്റ്റംബർ 30) വന്നപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ആദ്യ പരിഹാസങ്ങളിലൊന്ന് ഇതായിരുന്നു. വിധി പറഞ്ഞ ജഡ്ജി സുരേന്ദ്ര കുമാർ യാദവിന് നേർക്കായിരുന്നു ഈ ഉപാലംഭം.

കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ബഞ്ചിന് നേതൃത്വം നൽകിയ അന്നത്തെ ചിഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ആ പദവിയിൽനിന്ന് വിരമിച്ച് നാലു മാസങ്ങൾക്കുള്ളിൽ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഓർമ്മയിലായിരുന്നു ഈ ആക്ഷേപമെന്നത് ആരെങ്കിലും എടുത്തു പറയേണ്ടതായുണ്ടായിരുന്നില്ല.

ഇന്ത്യൻ കോടതികൾക്കു മുന്നിൽ കേസുകളുമായി എത്തുന്ന ഏറ്റവും വലിയ കക്ഷി ആരാണെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം കേന്ദ്ര സർക്കാർ എന്നായിരിക്കും. അധികാരം കൊണ്ടും വിഭവശേഷി കൊണ്ടും ഒരു വൻകിട കമ്പനിക്കും കേന്ദ്ര സർക്കാരിനെ മറികടക്കാനോ അതിശയിപ്പിക്കാനോ ആവില്ല. കേസുമായി വരുന്ന കക്ഷികളുമായി ജഡ്ജിമാർക്ക് ഒരു തരത്തിലുള്ള ബന്ധവുമരുതെന്നത് നീതിന്യായ വ്യവസ്ഥയുടെ ധാർമ്മിക അടിത്തറയാണ്. ഈ അടിത്തറയാണ് രാജ്യസഭാ എം.പി. സ്ഥാനം സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ഇളക്കിയത്.

വിരമിക്കുന്നതിനു ശേഷം ലഭിക്കുന്ന ജോലികളാണ് വിരമിക്കുന്നതിനു മുമ്പുള്ള വിധികൾ നിർണ്ണയിക്കുന്നതെന്ന് പാർലമെന്റിൽ കുറ്റപ്പെടുത്തിയത് ബി.ജെ.പിയുടെ പ്രധാന നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്ലിയാണ്. ജസ്റ്റിസ് ഗൊഗൊയിയുടെ ചാപല്യങ്ങൾ കാണുന്നതിനു മുമ്പേ ഈ ലോകത്തുനിന്ന് കടന്നുപോകാനായതിൽ ചിലപ്പോൾ ജെയ്റ്റ്ലിയുടെ ആത്മാവ് നിർവൃതി അടയുന്നുണ്ടാവും.

അരുൺ ജെയ്റ്റ്ലി കാണാതെ പോയ, അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച മറ്റൊരു സംഗതിയുണ്ട്. 1949-ൽ ഉത്തർപ്രദേശിലെ ഫൈസാബാദിൽ ജില്ലാ മജിസ്ട്രേറ്റായിരുന്ന കെ.കെ. നായർ 1962-ൽ ജനസംഘിന്റെ ടിക്കറ്റിൽ ഉത്തർപ്രദേശിലെ ബഹ്റിച്ച് മണ്ഡലത്തിൽനിന്നു മത്സരിച്ച് ജയിച്ച് ലോക്സഭയിലെത്തിയ സംഭവം.

അയോധ്യയുടെ ആധുനിക ചരിത്രത്തിൽ മലയാളിയായ കെ.കെ. നായർക്ക് സുപ്രധാന സ്ഥാനമാണുള്ളത്. 1528-ൽ ബാബറുടെ സൈന്യാധിപൻ മിർ ബാഖി പണികഴിപ്പിച്ചതാണ് ബാബറി മസ്ജിദ് എന്നാണ് ചരിത്രം പറയുന്നത്. പള്ളി പണിത് മൂന്നൂറോളം വർഷങ്ങൾക്കു ശേഷം 1857-ലാണ് ഇവിടെ തർക്കം മുള പൊട്ടുന്നതെന്ന് രാമജന്മഭൂമി വിവാദത്തെക്കുറിച്ച് രാം കെ നാം എന്ന ഡോക്യുമെന്ററി എടുത്ത വിശ്രുത സംവിധായകൻ ആനന്ദ പട്വർദ്ധൻ ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആ വർഷമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടർന്ന് അയോധ്യയിലെ പള്ളിക്ക് മുന്നിൽ ആറടി ഉയരത്തിൽ മതിൽ നിർമ്മിക്കപ്പെട്ടത്. ഇതോടെ പ്രാർത്ഥനകൾക്കായി പള്ളിയുടെ ഉൾവശം മുസ്ലിങ്ങൾക്കും പുറംഭാഗം ഹിന്ദുക്കൾക്കുമായി വിഭജിക്കപ്പെട്ടു.

എന്തുകൊണ്ട് 1857 എന്ന ചോദ്യം പ്രസക്തമാണെന്ന് പട്്വർദ്ധൻ പറയുന്നുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ ആദ്യ സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളായിരുന്നു അത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ച് നടത്തിയ ഈ സമരം ബ്രിട്ടീഷ് ഭരണകൂടത്തെ അങ്കലാപ്പിലാക്കി. ഇതിനുള്ള മറുമരുന്നാണ് അയോധ്യയിലെ മതിലിലൂടെ അവർ തയ്യാറാക്കിയത്.

അയോധ്യയിൽ മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കുമിടിയിൽ ഇതേത്തുടർന്ന് ഉടലെടുത്ത സംഘർഷങ്ങൾ ഇല്ലാതാക്കാൻ മുന്നിട്ടിറങ്ങിയത് രണ്ടുപേരായിരുന്നു. ഹിന്ദു ആത്മീയ ആചാര്യൻ ബാബാ രാംചരൺ ദാസും സ്ഥലത്തെ മുസ്ലിം ഭൂ ഉടമ ആച്ഛൻ ഖാനും. ഇവർ രണ്ടു പേരും ചേർന്ന് നടപ്പാക്കിയ സമാധാന സന്ധി 1949 വരെ നില നിന്നുവെന്നാണ് പട്വർദ്ധൻ ചൂണ്ടിക്കാട്ടുന്നത്. ബാബാ രാം ചരൺ ദാസിനെയും ആച്ഛൻ ഖാനെയും ബ്രിട്ടീഷ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിക്കൊന്നു. 1948 ജനവരി 30-ന് ഗാന്ധിജിക്ക് നേരെ വെടിയുതിർത്ത ഗോഡ്സെയും ല്ക്ഷ്യമിട്ടത് ഇന്ത്യയിലെ മതമൈത്രിയായിരുന്നുവെന്നത് യാദൃശ്ചികമല്ല.

1949 ഡിസംബർ 22-ന് അർദ്ധരാത്രിയിലാണ് ബാബറി മസ്ജിദിൽ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടത്. അന്ന് ഫൈസാബാദ് ജില്ല മജിസ്ട്രേറ്റായിരുന്ന കെ.കെ. നായരുടെ ഒത്താശയോടെയാണ് ഈ നിയമലംഘനം നടന്നതെന്ന് വ്യാപകമായ വിമർശമുണ്ടായിരുന്നു. പ്രധാനമന്ത്രി നെഹ്റു ഈ സംഭവത്തോട് രൂക്ഷമായാണ് പ്രതികരിച്ചത്. നിയമലംഘനം ഇല്ലാതാക്കാൻ അടിയന്തര നടപടി വേണമെന്ന് നെഹ്റു അന്നത്തെ യു.പി .മുഖ്യമന്ത്രി ജി.ബി. പന്തിനോട് ആവശ്യപ്പെട്ടു.

പക്ഷേ, പ്രതിഷ്ഠകൾ മാറ്റാനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ താൻ ജില്ലാ മജിസ്ട്രേറ്റായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് കെ.കെ. നായർ അന്നത്തെ യു.പി. ചീഫ് സെക്രട്ടറിയോട് പറഞ്ഞത്. ഇതേത്തുടർന്ന് കെ.കെ. നായരെ സംസ്ഥാന ഭരണകൂടം സസ്പെന്റ് ചെയ്തു. കോടതി പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. പക്ഷേ, അധികം വൈകാതെ കെ.കെ. നായർ ജോലി രാജിവെച്ച് ജനസംഘിൽ ചേർന്നു. 1952-ൽ കെ.കെ. നായരുടെ ഭാര്യ ശകുന്തളയാണ് ആദ്യം ജനസംഘ് സ്ഥാനാർത്ഥിയായി ഉത്തർപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1962-ൽ രണ്ടു പേരും ജനസംഘിന്റെ ബാനറിൽ ലോക്സഭയിലേക്ക് പോയി.

രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ വാഴ്്ത്തപ്പെടാത്ത നായകൻ എന്നാണ് ആർ.എസ്.എസ്. മുഖപ്രസിദ്ധീകരണമായ ഓർഗനൈസർ കെ.കെ. നായരെ വിശേഷിപ്പിച്ചത്. ജന്മസ്ഥലമായ കേരളത്തിൽ കെ.കെ. നായർക്ക് അർഹിക്കുന്ന അംഗികാരം കിട്ടിയിട്ടില്ലെന്ന് ലേഖനകർത്താവ് വിഷാദം കൊള്ളുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ട കേസിൽ സി.ബി.ഐ. പ്രത്യേക കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയാണ് നായരേയും ബാബാ രാംചരൺ ദാസിനെയും ആച്ഛൻ ഖാനെയും ഓർമ്മയിലേക്ക് കൊണ്ടുവന്നത്.

ഇന്ത്യൻ ജനതയുടെ കൺമുന്നിലാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. പള്ളി പൊളിക്കുന്ന ദൃശ്യങ്ങൾ ബി.ബി.സി. അടക്കമുള്ള മാദ്ധ്യമങ്ങളുടെ ക്യാമറകൾ ഒപ്പിയെടുത്തിരുന്നു. ഡൽഹിയിലെ വീട്ടിലിരുന്ന് ആ കാഴ്ച കണ്ട ടൈംസ് ഒഫ് ഇന്ത്യയുടെ നിയമകാര്യ ലേഖകൻ രാകേഷ് ഭട്നാകർ അപ്പോൾ തന്നെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വെങ്കട ചെല്ലയ്യയെ ഫോണിൽ വിളിച്ചു.

ബാബറി പള്ളി തകർക്കപ്പെട്ടുവെന്ന് രാകേഷ് പറഞ്ഞപ്പോൾ ജസ്റ്റിസ് ചെല്ലയ്യയ്ക്ക് വിശ്വസിക്കാനായില്ല. അദ്ദേഹവും ജസ്റ്റിസ് ജി.എൻ. റേയും അടങ്ങിയ ബഞ്ചിനാണ് ഒരു കാരണവശാലും പള്ളി പൊളിക്കപ്പെടില്ലെന്ന് അന്നത്തെ യു.പി. മുഖ്യമന്ത്രി കല്ല്യാൺസിങ് ഉറപ്പുകൊടുത്തത്. ജസ്റ്റിസ് ചെല്ലയ്യയ്ക്ക് കേൾക്കാനായി താൻ ടെലിഫോൺ റിസീവർ ടി.വിയോട് ചേർത്തുപിടിച്ചെന്ന് രാകേഷ് എഴുതി.

അന്ന് വൈകീട്ട് തന്നെ ജസ്റ്റിസ് വെങ്കടചെല്ലയ്യയും ജസ്റ്റിസ് റേയും അടങ്ങുന്ന ബഞ്ച് ജസ്റ്റിസ് റേയുടെ വീട്ടിൽ ചേർന്നു. യു.പി. സർക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ കെ.കെ. വേണുഗോപാൽ(ഇപ്പോൾ ഇന്ത്യയുടെ അറ്റോണി ജനറൽ) തന്റെ ശിരസ്സ് അപമാനത്താൽ കുനിഞ്ഞുപോവുകയാണെന്നും താൻ കേസിൽനിന്ന് പിന്മാറുകയാണെന്നും കോടതിയോട് പറഞ്ഞു.
ഇതിന് ജസ്റ്റിസ് ചെല്ലയ്യയുടെ മറുപടി ഇതായിരുന്നു: നിങ്ങളുടെ തലയിൽ ഇവിടെ ആർക്കും താൽപര്യമില്ല. രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനെയാണ് നിങ്ങൾ അപമാനിച്ചിരിക്കുന്നത്.

ഇതേ നിലപാടാണ് രണ്ടു വർഷം മുമ്പ് ഈ കേസിൽ എൽ.കെ. അദ്വാനി അടക്കമുള്ളവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് പ്രത്യേക സി.ബി.ഐ. കൊടതിക്ക് നിർദ്ദേശം നൽകിയ സുപ്രീം കോടതി ബഞ്ചും കൈക്കൊണ്ടത്. 25 കൊല്ലം മുമ്പ് തകർക്കപ്പെട്ടത് ഇന്ത്യയുടെ മതേതര ചട്ടക്കൂടാണ് എന്നാണ് കോടതി ആവർത്തിച്ചത്. ഇക്കഴിഞ്ഞ നവംബർ ഒമ്പതിന് അയോധ്യയിലെ ഭൂമി രാമജന്മഭൂമി ട്രസ്റ്റിന് കൈമാറിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിൽ അഞ്ചംഗ സുപ്രീം കോടതി ബഞ്ച് പറഞ്ഞത് 1949-ൽ രാമവിഗ്രഹം സ്ഥാപിച്ചതും 1992-ൽ പള്ളി തകർത്തതും നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണെന്നാണ്.

28 വർഷം മുമ്പ് അക്രമികൾ തകർത്തത് വെറുമൊരു പള്ളിയല്ല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിന്റെ ആത്മാവിനാണ് അന്ന് ആഴത്തിൽ മുറിവേറ്റത്. ഈ മുറിവ് തീർത്തവർ ശിക്ഷിക്കപ്പെടേണ്ടത് നീതിയുടെ നിറവേറലിന് അനിവാര്യമായിരുന്നു. അയോധ്യയിലെ ഭൂമി രാമക്ഷേത്രം നിർമ്മിക്കാനായി വിട്ടുകൊടുത്ത വിധി നിശിതമായി വിമർശിച്ചവർ പോലും മനസ്സിൽ കൊണ്ടു നടന്ന പ്രത്യാശ പള്ളി തകർത്തവരെ കോടതി വെറുതെ വിടില്ലെന്നായിരുന്നു. ഈ പ്രതീക്ഷയും വിശ്വാസവുമാണ് ഇപ്പോൾ നാനാവിധമായിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയിൽ ഈ വിധിയേൽപിക്കുന്ന ആഘാതം ഭീകരമാണ്.

പതിനേഴ് കൊല്ലമെടുത്താണ് 2009-ൽ ജസ്റ്റിസ് ലിബറാൻ കമ്മീഷൻ ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് നൽകിയത്. പള്ളി തകർത്തത് നിഷ്കളങ്കമായൊരു സംഭവമല്ലായിരുന്നെന്നും അതിനു പിന്നിൽ കൃത്യമായ തിരക്കഥയും ആസൂത്രണവുമുണ്ടായിരുന്നെന്നുമാണ് ജസ്റ്റിസ് ലിബറാൻ ചൂണ്ടിക്കാട്ടിയത്. അന്വേഷണ കമ്മീഷനുകൾക്ക് പക്ഷേ, റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമേ ആവുകയുള്ളു. അതിന്മേൽ നടപടി എടുക്കേണ്ടത് ഭരണകൂടമാണ്.

ഭരണകൂടങ്ങളുടെ നിശ്ശബ്ദതയും ഒത്താശയുമാണ് നിയമലംഘകർക്ക് വെളളവും വളവുമാകുന്നത്. 1991 നവംബർ നാലിനു തന്നെ അയോധ്യയിൽ ബാബറി മസ്ജിദ് സംരക്ഷിക്കേണ്ടതിന് കേന്ദ്ര സർക്കാർ എടുക്കേണ്ട നടപടികളുടെ കൃത്യമായ രൂപരേഖ അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോൾ പ്രധാനമന്ത്രി നരസിംഹ റാവുവിന് കൈമാറിയിരുന്നു. എത്രയും പെട്ടെന്ന് യു.പിയിൽ ബി.ജെ.പി. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നതായിരുന്നു ഗോഡ്ബോളിന്റെ ആദ്യ നിർദ്ദേശം. റാവു പക്ഷേ, ആ റിപ്പോർട്ടിന്മേൽ ഒരു നടപടിയുമെടുത്തില്ല. അതിന്റെ പ്രത്യാഘാതമാണ് ഇന്ത്യ ഇന്നും നേരിട്ടുകൊണ്ടിരിക്കുന്നത്.

ബാബറി മസ്ജിദ് സംഭവം ഇന്ത്യൻ ഭരണഘടനയുടെ അമ്ല പരീക്ഷണം(acid tets) ആണെന്നാണ് മാധവ് ഗോഡ്ബോൾ ഇതുമായി ബന്ധപ്പെട്ടെഴുതിയ പുസ്തകത്തിൽ പറഞ്ഞത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഇന്ത്യൻ ഭരണഘടനയാണ് തകർക്കപ്പെട്ടത്. അന്ന് തകർന്ന ഭരണഘടനയുടെ ഏടുകൾ കേടുപാടുകൾ തീർത്ത് നന്നാക്കാനുള്ള അവസരമാണ് ഇന്നലെ ഇല്ലാതായത്. തെളിവുകൾ എവിടെ എന്നാണ് കോടതി ചോദിക്കുന്നത്. തെളിവുകൾ കൂടും കടുക്കയുമായി കാശിക്ക് പോകുന്ന കാഴ്ചയാണ് സമകാലിക ഇന്ത്യയിലുള്ളത്.

എൽ.കെ. അദ്വാനി 1990-ൽ രഥയാത്ര നടത്തിയതെന്തിനായിരുന്നു എന്ന് ചോദിക്കരുത്. ലക്ഷക്കണക്കിന് കർസേവകർ പിക്കാസും കോടാലിയും മറ്റ് പണി ആയുധങ്ങളുമായി 1992 ഡിസംബർ ആറിന് അയോധ്യയിലെത്തിയത് തീർത്ഥാടനം നടത്താനായിരുന്നോ എന്നും ചോദിക്കരുത്. 1992-ൽ പള്ളി തകർക്കപ്പെട്ടില്ലായിരുന്നെങ്കിൽ ക്ഷേത്രം പണിയാനായി പള്ളി പൊളിക്കണം എന്ന് സുപ്രീം കോടതി ഉത്തരവിടുമായിരുന്നോ എന്ന ജസ്റ്റിസ് ഗാംഗുലിയുടെ ചോദ്യവും ഇനി ആരും ചോദിക്കരുത്. കാരണം ഒന്നിനുമൊന്നിനും ഈ രാജ്യത്ത് തെളിവില്ല.

കൊറോണയെ പേടിച്ച് കൂട്ടപ്പലായനത്തിന് നിർബ്ബന്ധിതരായ കുടിയേറ്റ തൊഴിലാളികളിൽ എത്ര പേർ മരിച്ചുവെന്ന ചോദ്യത്തിന് കണക്കുകളില്ല എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്ന ചോദ്യത്തിനും ഭരണകൂടത്തിന് ഉത്തരമില്ല. യു.പിയിലെ ഹത്രാസിലുള്ള പത്തൊമ്പതുകാരിയെ ഒരു കൂട്ടം കാപിലകർ പിച്ചിച്ചീന്തിയിട്ട് അധികം നാളായില്ല. ചൊവ്വാഴ്ച അർദ്ധരാത്രി ആ പെൺകുട്ടിയുടെ മൃതദേഹം എന്തിനാണ് യു.പി. പോലീസ് ധൃതിപിടിച്ച് കത്തിച്ചു കളഞ്ഞതെന്ന ചോദ്യവും ഇതോടൊപ്പം തന്നെയാണുയരുന്നത്.

മാതാപിതാക്കളെ പോലും അവസാനമായൊന്ന് കാണിക്കാതെ ആ പെൺകുട്ടിയെ ചാരമാക്കിയത് എന്തിനാണ്? സംസ്കാരം വൈകിയിരുന്നെങ്കിൽ നിയമവാഴ്ച തകരാറിലാകുമായിരുന്നുവെന്നാണ് ഭരണകൂടം പറയുന്നത്. ആ പാവം പെൺകുട്ടിയുടെ നട്ടെല്ല് തകർത്ത് അവളെ ഇല്ലാതാക്കിയപ്പോൾ തകരാതിരുന്ന നിയമവാഴ്ച ഇനിയിപ്പോൾ എന്നാണ് ഈ രാജ്യത്ത് തകരുക?

വിഭജനകാലത്ത് മനുഷ്യർ മനുഷ്യർക്കെതിരെ നടത്തിയ അക്രമങ്ങൾ കണ്ട് മനസ്സ് തകർന്ന് രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞ വാക്കുകൾ ഓർക്കാതെ വയ്യ: ലോകത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായ ജമാ മസ്ജിദ് ഇവിടെയാണ്. മുസ്ലിങ്ങൾക്കെതിരെ തിരിയുന്നവർ ഈ പള്ളിയും പാക്കിസ്ഥാനിലേക്ക് അയക്കുമോ? അതോ ഇത് ഇടിച്ചു നിരത്തി ശിവാലയമോ ഗുരുദ്വാരയോ ആക്കുമോ? അങ്ങിനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ഹിന്ദുമതത്തിന്റെയും സിഖ് മതത്തിന്റെയും ശവസംസ്കാരമായിരിക്കും. മതം സംരക്ഷിക്കപ്പടേണ്ടത് ഇങ്ങനെയല്ല.

ഭരണഘടനയെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ ഒന്നൊന്നായി ഇന്ത്യൻ ജനതയെ പരാജയപ്പെടുത്തുമ്പോൾ അതിനെതിരെയുള്ള സമരമുഖത്ത് കാലുറപ്പിച്ചു നിന്നുകൊണ്ട് ഇങ്ങനെ സംസാരിക്കാൻ ഇന്നൊരു ഗാന്ധിജിയില്ലെന്നതാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
കേഴുക പ്രിയ നാടേ ! എന്നല്ലാതെ ഒന്നും തന്നെ പറയാനില്ല.

Content Highlights:Evidences in Babri Masjid demolition case vanished into air | Vazhipokkan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.