News

Get the latest news here

ഇനി പറയാനുള്ളത് തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ പറഞ്ഞുകൊള്ളാം- തോമസ് ഐസക്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ നടത്തിയ പരസ്യ പ്രതികരണത്തെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയോട് പ്രതികരിക്കാതെ ധനമന്ത്രി തോമസ് ഐസക്. ഇനി പറയാനുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയിൽ പറഞ്ഞോളാമെന്നും പരസ്യമായി ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ സർക്കാരിലും പാർട്ടിയിലും വ്യത്യസ്തതകളുണ്ട് എന്നൊരു ധാരണ പരത്തി. ഇതൊന്നും തിരഞ്ഞെടുപ്പ് കാലത്ത് സഹായകരമല്ല. അത്തരത്തിലുള്ള വിവാദങ്ങൾ പാടില്ല എന്നാണ് പാർട്ടിയുടെ പ്രസ്താവനയിൽ പറഞ്ഞത്. അത് വളരെ ശരിയായ കാര്യമാണെന്ന് തോമസ് ഐസക് പറഞ്ഞു.

മുൻപ് പറഞ്ഞ അഭിപ്രായങ്ങളിൽ ഉറച്ചനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇനി അങ്ങനെയുള്ള കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിയിൽ പറഞ്ഞോളാമെന്ന് അദ്ദേഹം പറഞ്ഞു. പുറത്ത് ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ പറഞ്ഞാൽ അതിനെ ദുരുപയോഗിക്കുന്ന ആളുകളുണ്ട്. അത് അനാവശ്യമായ വിവാദങ്ങൾക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിനു പിന്നാലെ അതിരൂക്ഷമായ പരസ്യ വിമർശനവുമായി മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയത്.

വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെ..എസ്.എഫ്.ഇ. പോലെ മികവാർന്ന സ്ഥാപനത്തിനെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാൽ അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്നും സി.പി.എം. സെക്രട്ടറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.

Content Highlights:thomas isaac reacts on cpm secretariats criticism on KSFE issue
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.