News

Get the latest news here

ഡല്‍ഹിക്കു പിന്നാലെ ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ ഫീസ് വെട്ടിക്കുറച്ച് ഗുജറാത്തും; നിരക്ക് 800 രൂപ

ഗാന്ധിനഗർ: കോവിഡ് ആർ.ടി-പി.സി.ആർ പരിശോധനയുടെ നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സർക്കാർ. 800 രൂപയാണ് പുതിയ നിരക്ക്. നേരത്തെ 1500-2000 രൂപ വരെയാണ് ഗുജറാത്തിലെ സ്വകാര്യ ലാബുകൾ ആർ.ടി-പി.സി.ആർ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്.

നിരക്ക് കുറച്ചവിവരം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻഭായ് പട്ടേലാണ് പ്രഖ്യാപിച്ചത്. രോഗികളുടെ ആവശ്യപ്രകാരം വീട്ടിലെത്തി പരിശോധന നടത്തണമെങ്കിൽ 1,100 രൂപ ഈടാക്കും. പുതുക്കി നിശ്ചയിച്ച നിരക്കുകൾ ചൊവ്വാഴ്ച മുതൽ തന്നെ പ്രാബല്യത്തിൽ വരുത്തുമെന്നും നിധിൻഭായ് പട്ടേൽ അറിയിച്ചു.

കഴിഞ്ഞ ദിവസം ഡൽഹി സർക്കാരും ആർടി-പിസിആർ പരിശോധനയുടെ നിരക്ക് 800 രൂപയാക്കി കുറച്ചിരുന്നു. 2,400 രൂപയാണ് നേരത്തെ രാജ്യതലസ്ഥാനത്തെ സ്വകാര്യ ലാബുകൾ ഈടാക്കിയിരുന്നത്.

കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന തുകയുടെ കാര്യത്തിൽ ഇടപെടില്ലെന്ന് ഐ.സി.എം.ആർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളാണ് അക്കാര്യത്തിൽ ഇടപെടൽ നടത്തേണ്ടതെന്നും നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ആർ.ടി-പി.സി.ആർ പരിശോധനാ ഫീസ് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചിരുന്നു.

രാജ്യത്താകമാനം ആർ.ടി - പി.സി.ആർ പരിശോധനയുടെ ഫീസ് 400 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പരിശോധനയുടെ യഥാർഥ ചെലവ് 200 രൂപയാണെന്നിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

content highlights:Gujarat Government Caps COVID 9 RT PCR Tests At₹800
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.