News

Get the latest news here

തിരുവനന്തപുരത്ത് സൈനികനെയും കുടുംബത്തെയും വീട്ടില്‍ കയറി മര്‍ദിച്ചു; ഭയന്നോടിയപ്പോള്‍ കാറിടിപ്പിച്ചു

കിളിമാനൂർ(തിരുവനന്തപുരം): വീട്ടിൽ അതിക്രമിച്ചുകയറി സൈനികനെയും മാതാവിനെയും, ഭാര്യയെയും ഗുണ്ടാസംഘം മർദ്ദിച്ചു. ഭയന്ന് പുറത്തേക്ക് ഓടുന്നതിനിടെ മൂവരേയും കാറിടിച്ച് കൊലപ്പെടുത്താനും ശ്രമം. ഗുരുതരമായ പരിക്കുകളോടെ മൂവരും ആശുപത്രിയിൽ.

സംഭവത്തിൽ ഒരാളെ പള്ളിക്കൽ പോലീസ് അറസ്റ്റുചെയ്തു. മടവൂർ തകരപ്പറമ്പ് പഴുവടി ജി.എസ്.ഭവനിൽ ഗണപതിപോറ്റിയുടെ മകൻ സൈനികനായ സ്വാതി (32), സ്വാതിയുടെ ഭാര്യ സരിഗ സതീഷ് (29), അമ്മ ശ്യാമളകുമാരി (65) എന്നിവരെയാണ് കാറിലെത്തിയ മൂന്നുപേർ ആക്രമിച്ചത്. സംഭവത്തിൽ സമീപവാസിയായ ബാബു സദനത്തിൽ ടി.ബാബു (64) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ശ്യാമളകുമാരിക്കും സരിഗയ്ക്കും നേരേയാണ് ആദ്യം ആക്രമണമുണ്ടായതെന്നു പോലീസ് പറയുന്നു. നിലവിളികേട്ട് ഓടിയെത്തിയ സ്വാതിക്കുനേരേയും അക്രമമുണ്ടായി. ഇരുമ്പുദണ്ഡു കൊണ്ടുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മൂവരും പുറത്ത് റോഡിലേക്ക് ഓടിയിറങ്ങുന്നതിനിടെ അക്രമിസംഘത്തിന്റെ കാർ മുന്നോട്ടെടുത്ത് സ്വാതിയെയും ഭാര്യയെയും ഇടിച്ച് തെറിപ്പിക്കുകയും, രക്ഷപ്പെടാൻ ശ്രമിച്ച ശ്യാമളകുമാരിയെ കാർ പിന്നോട്ടെടുത്ത് ഇടിച്ചിട്ടശേഷം സംഭവസ്ഥലത്തു നിന്നും കാർ ഓടിച്ചു പോവുകയും ചെയ്തു. ഈ സമയം ബാബു അക്രമികളോട് മൂവരേയും കൊല്ലാൻ ആക്രോശിച്ചെന്നും പോലീസ് പറയുന്നു.

ഉച്ചയോടെയുണ്ടായ വാക്കുതർക്കമാണ് അക്രമസംഭവങ്ങളിലേക്ക് വഴിവച്ചത്. സ്വാതിയുടെയും ബാബുവിന്റെയും വീടിന് മുൻവശത്തുള്ള തകരപ്പറമ്പ്-മടവൂർ റോഡിൽ ടാറിടൽ നടക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് വാഹനം കയറാൻ പറ്റുന്നവിധം ടാറിടണമെന്ന് സ്വാതി കരാറുകാരനോട് ആവശ്യപ്പെട്ടു. സമീപത്തുണ്ടായിരുന്ന ബാബു ഇതിനെതിരേ പ്രതികരിക്കുകയും ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തു.

തുടർന്ന് ബാബു അക്രമിസംഘത്തെ വിളിച്ചു വരുത്തിയെന്നാണ് കേസ്. പരിക്കേറ്റ മൂവരും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിലെ ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. പള്ളിക്കൽ എസ്.എച്ച്.ഒ. അജി ജി.നാഥ്, എസ്.ഐ. പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Content Highlights: soldier and family attacked in kilimanoor thiruvananthapuram
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.