News

Get the latest news here

കനേഡിയന്‍ പ്രധാനമന്ത്രിയുടെ കര്‍ഷക സമര പിന്തുണ; കോവിഡ് യോഗം ബഹിഷ്‌കരിച്ച് ഇന്ത്യ

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് തുടർച്ചയായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയതിന് പിന്നാലെ കാനഡ വിദേശകാര്യ മന്ത്രി വിളിച്ച യോഗം ബഹിഷ്കരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടായിരുന്നു കനേഡിയൻ വിദേശകാര്യമന്ത്രി ഫ്രാങ്കോസ് ഫിലിപ്പ് നയിക്കുന്ന യോഗം ഡിസംബർ ഏഴാം തീയതി നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് ട്രൂഡോ എത്തിയത്. ഇതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് കഴിഞ്ഞ ദിവസം കനേഡിയൻ സ്ഥാനപതിയെ ഇന്ത്യ വിളിച്ച് വരുത്തിയിരുന്നു. ഇത്തരം പരാമർശങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമാകുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിൽ നിന്നുള്ള വിദേശകാര്യ മന്ത്രിയുടെ പിൻവാങ്ങൽ.

മറ്റ് ചില തിരക്കുകൾ ഉള്ളതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം കാനഡയെ അറിയിച്ചിരിക്കുന്നത്. എസ് ജയശങ്കറും ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് കനേഡിയൻ വിദേശ കാര്യ മന്ത്രാലയം വിളിച്ച് ചേർത്തിരുന്ന മറ്റൊരു വെർച്വൽ മീറ്റിങ്ങിൽ കഴിഞ്ഞ മാസം ജയശങ്കർ പങ്കെടുത്തിരുന്നു.

സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രൂഡോ വ്യക്തമാക്കിയത്. ഇതിന് മുമ്പും ട്രൂഡോ ഇതേ രീതിയുള്ള പ്രസ്താവന നടത്തിയിരുന്നു. കനേഡിയൻ നേതാക്കളുടെ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ട്രൂഡോ വീണ്ടും കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

കർഷക സമരം സംബന്ധിച്ച വിഷയത്തിൽ കനേഡിയൻ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും നടത്തിയ പരാമർശം അസ്വീകാര്യവും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലുമാണെന്നാണ് വെള്ളിയാഴ്ച കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചത്. ഇത്തരം നടപടികൾ തുടർന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും അറിയിച്ചിരുന്നു. കർഷകരെ സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ വിദേശ രാജ്യത്തലവനും ട്രൂഡോയായിരുന്നു.




Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.