News

Get the latest news here

കാമുകിയുടെ ജീവിതം തകര്‍ത്തതിന്‍റെ പക; മോഷ്ടിച്ചത് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ 500 ലാപ്‌ടോപ്പുകള്‍

രാജ്കോട്ട്:മെഡിക്കൽ വിദ്യാർഥികളുടെ ലാപ്ടോപ്പ് മോഷ്ടിക്കുന്ന യുവാവ് ഗുജറാത്തിൽ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ തമിഴ്ശെൽവൻ കണ്ണനെ(24)യാണ് ജാംനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ എം.പി. ഷാ മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽനിന്ന് ആറ് ലാപ്ടോപ്പുകൾ മോഷണം പോയ കേസിലാണ് പ്രതി പിടിയിലായത്. ഇതുവരെ വിവിധ മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽനിന്നായി അഞ്ഞൂറോളം ലാപ്ടോപ്പുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡിസംബർ 26-നാണ് എം.പി. ഷാ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽനിന്ന് ലാപ്ടോപ്പുകൾ മോഷണം പോയത്. അന്നേദിവസം ജാംനഗറിലെത്തിയ പ്രതി ഹോട്ടലിൽ മുറിയെടുത്ത് തങ്ങി. തുടർന്ന് പെൺകുട്ടികളുടെ ഹോസ്റ്റലിൽ രഹസ്യമായി പ്രവേശിക്കുകയും ഒരു മുറിയുടെ താക്കോൽ കണ്ടെത്തുകയും മുറി തുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിക്കുകയുമായിരുന്നു.

ചോദ്യംചെയ്യലിൽ പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തമിഴ്ശെൽവൻ വെളിപ്പെടുത്തിയത്. മെഡിക്കൽ വിദ്യാർഥികളുടെ ലാപ്ടോപ്പുകൾ മാത്രമാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. 2015-ൽ ജീവിതത്തിലുണ്ടായ ഒരു സംഭവമായിരുന്നു അതിന് കാരണം. ചെന്നൈയിലെ ചില മെഡിക്കൽ വിദ്യാർഥികൾ അന്ന് തമിഴ്ശെൽവന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകർത്തിയിരുന്നു. ഇത് പിന്നീട് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് മെഡിക്കൽ വിദ്യാർഥികളോട് പക തോന്നിയത്.

ഇതുവരെ അഞ്ഞൂറോളം മെഡിക്കൽ വിദ്യാർഥികളുടെ ലാപ്ടോപ്പുകൾ മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ദക്ഷിണേന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ മോഷണങ്ങൾ. പിന്നീട് ഫരീദാബാദിലേക്ക് താമസം മാറി. തുടർന്ന് ഉത്തരേന്ത്യയിലെയും മെഡിക്കൽ കോളേജുകളിൽ മോഷണം നടത്തി. ഇന്റർനെറ്റിൽനിന്നാണ് മെഡിക്കൽ കോളേജുകളുടെ വിവരങ്ങൾ സംഘടിപ്പിച്ചിരുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

Content Highlights:man arrested in gujarat for stealing medical students laptops
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.