News

Get the latest news here

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലി പിൻവലിക്കാൻ വിസമ്മതിച്ച് കർഷകർ. നാൽപ്പതോളം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ചയാണ് ജനുവരി 26ന് പ്രഖ്യാപിച്ച കിസാൻ ട്രാക്ടർ മാർച്ചുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംയുക്ത് കിസാൻ മോർച്ച ഇക്കാര്യം വ്യക്തമാക്കിയത്.

കർഷക സംഘടനകളുടെ കൊടിക്കൊപ്പം ദേശീയപതാകയും ട്രാക്ടറിൽ കെട്ടുമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടി ഉപയോഗിക്കില്ലെന്നും കർഷക നേതാക്കൾ പറഞ്ഞു. ന്യൂഡൽഹിയിൽ എത്തിച്ചേരാൻ സാധിക്കാത്തവർ തങ്ങളുടെ ഗ്രാമങ്ങളിൽ ട്രാക്ടർ മാർച്ച് നടത്തുമെന്നും കർഷകസംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, കർഷക സംഘടന നേതാവ് ബൽദേവ് സിങ് സിർസ ഉൾപ്പെടെ നാൽപ്പതു പേരെ ഇന്ന് എൻ.ഐ.എ. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിനെ കർഷക സംഘടനാ നേതാക്കൾ വിമർശിച്ചു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് സിർസ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തിയിരുന്നത്. സർക്കാരിൽനിന്ന് ക്രൂരമായ നടപടികളാണ് ഉണ്ടാകുന്നതെന്നും കർഷകർ ആരോപിച്ചതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

സമരവുമായി സഹകരിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുകയാണെന്ന് ഒരു കർഷക നേതാവ് പറഞ്ഞു. എൻ.ഐ.എ. സ്വീകരിച്ച നടപടികളെ ഞങ്ങൾ അപലപിക്കുകയാണ്. ഇതിനെ ഞങ്ങൾ നിയമപരമായി നേരിടും. സർക്കാരിന്റെ നിലപാട് അടിച്ചമർത്തലിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുന്നതിനെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർത്തിരുന്നു. രാജ്യത്തിന് അപമാനമാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ആയിരം ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് കർഷകർ അവകാശപ്പെടുന്നത്. റാലി സമാധാനപരമായിരിക്കുമെന്നും രാജ്പഥിൽ നടക്കുന്ന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും കർഷകർ കൂട്ടിച്ചേർത്തു.

ഞങ്ങൾ റിപ്പബ്ലിക് ദിന പരേഡിന് തടസ്സം സൃഷ്ടിക്കുകയില്ല- ഡൽഹിയിലെ സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകനേതാക്കളിൽ ഒരാൾ മാധ്യമങ്ങളോടു പ്രതികരിച്ചു. നഗരത്തിന് ചുറ്റുമുള്ള ഔട്ടർ റിങ് റോഡിലൂടെയാകും അമ്പതു കിലോമീറ്റർ നീളമുള്ള ട്രാക്ടർ റാലി സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി, ഹരിയാണ പോലീസ് സേന റാലിയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ പരേഡ് സമാധാനപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content highlights: will not call off tractor rally on republic day says protesting farmers
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.