News

Get the latest news here

രണ്ടാംദിനം കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 7891 ആരോഗ്യപ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവർത്തകർ വാക്സിൻസ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലായി 11,851 പേർക്കാണ് രണ്ടാം ദിവസം വാക്സിനേഷൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വെച്ചവരിൽ 66.59 ശതമാനം പേരാണ് വാക്സിൻ സ്വീകരിച്ചത്.

കോഴിക്കോട് ജില്ലയിൽ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയിൽ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്സിനേഷൻ പൂർത്തിയായതിനാൽ ജില്ലകളുടെ മേൽനോട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

രണ്ടാംദിവസവും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (657) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 530, എറണാകുളം 442, ഇടുക്കി 508, കണ്ണൂർ 643, കാസർകോട് 476, കൊല്ലം 571, കോട്ടയം 500, കോഴിക്കോട് 652, മലപ്പുറം 656, പാലക്കാട് 657, പത്തനംതിട്ട 648, തിരുവനന്തപുരം 527, തൃശൂർ 616, വയനാട് 465 എന്നിങ്ങനെയാണ് രണ്ടാം ദിനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച 57 പേരും വാക്സിനെടുത്തു. ഇതോടെ ആകെ 16,010 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷൻ സ്വീകരിച്ചത്.

ആർക്കും തന്നെ വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പാർശ്വഫലങ്ങൾ എന്തെങ്കിലും ഉണ്ടായാൽ നേരിടാൻ അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ.(Adverse Events Following Immunization) കിറ്റും ആംബുലൻസ് സേവനവും ഉൾപ്പെടെയുള്ളവ സജ്ജമാക്കിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് (തിങ്കളാഴ്ച) വാക്സിനേഷൻ കേന്ദ്രം തുടങ്ങി. ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുന്നതാണ്.

വാക്സിനെ സംബന്ധിച്ചുള്ള ആശങ്കകൾ മാറ്റാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, ശിശുരോഗ വിദഗ്ദ്ധൻ ഡോ. റിയാസ് എന്നിവരും എറണാകുളത്ത് ക്യാൻസർ രോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരനും രണ്ടാം ദിവസം വാക്സിൻ എടുത്തു.

Content Highlights:covid vaccination second day in kerala
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.