News

Get the latest news here

അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം നിർമിച്ചതായി റിപ്പോര്‍ട്ട്; നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈന നിർമാണപ്രവർത്തനങ്ങൾ നടത്തിയെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവികാസങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.

നമ്മുടെ സർക്കാരും റോഡുകളും പാലങ്ങളും ഉൾപ്പെടെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഇത് അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഏറെ സഹായകരമായി. മറ്റുപ്രദേശങ്ങളുമായുള്ള ബന്ധം എളുപ്പമാക്കി. അതേസമയം, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാസംഭവ വികാസങ്ങളും സർക്കാർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരവും പ്രാദേശികമായ സമഗ്രതയും സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അരുണാചൽ പ്രദേശ് അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അരുണാചൽ പ്രദേശിൽ ഇന്ത്യൻ അതിർത്തി കൈയേറി ചൈന പുതിയ ഗ്രാമം നിർമിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. 101 വീടുകൾ ചൈന ഇവിടെ നിർമിച്ചെന്നും ഇന്ത്യയും ചൈനയും അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്താണ് നിർമാണപ്രവർത്തനങ്ങൾ നടന്നതെന്നും എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രാമത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും എൻ.ഡി.ടിവി പുറത്തുവിട്ടിട്ടുണ്ട്.

Content Highlights:china built homes and construction works in arunachal pradesh mea response
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.