News

Get the latest news here

വെറുതെയല്ല ബി.ജെ.പി. മമതയെ പേടിക്കുന്നത് | വഴിപോക്കന്‍

1972-ൽ ഡി.എം.കെയിൽനിന്ന് പുറത്താക്കപ്പെട്ടപ്പോൾ മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എം.ജി. രാമചന്ദ്രൻ തകർന്നുപോയില്ല. താൻ കേവലമൊരു സിനിമാ നടൻ മാത്രമാണെന്നും ഡി.എം.കെയെ വെല്ലുവിളിക്കാൻ രണ്ടു ജന്മം കൂടി ജനിക്കേണ്ടി വരുമെന്നുമുള്ള ഡി.എം.കെ. കുലപതി എം. കരുണാനിധിയുടെ പരിഹാസത്തിന് ശക്തമായ മറുപടി കൊടുക്കാൻ എം.ജി.ആർ. തീരുമാനിച്ചു കഴിഞ്ഞിരുന്നു.

പാർട്ടിയുടെ പേരിലാണ് ആദ്യം എം.ജി.ആർ. മാജിക്ക് കാണിച്ചത്. ഡി.എം.കെ. എന്നു പറഞ്ഞാൽ അണികൾക്ക് പാർട്ടി സ്ഥാപകൻ അണ്ണാദുരൈ ആയിരുന്നു. അണ്ണാ എന്ന് സ്നേഹപൂർവ്വം അനുയായികൾ വിളിക്കുന്ന അണ്ണാദുരൈയുടെ ശവസംസ്കാരത്തിന് ചെന്നൈയിലെ മറീന ബീച്ചിൽ എത്തിയ ആൾക്കൂട്ടം ചരിത്രവും റെക്കോഡുമാണ്. ഈ അണ്ണാദുരൈയുടെ പേരിലാണ് എം.ജി.ആർ. പാർട്ടി തുടങ്ങിയത്.

അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പേര് തമിഴകത്തിന്റെ ഹൃദയം പിടിക്കാൻ വലിയ താമസമുണ്ടായില്ല. ഇതിനൊപ്പമാണ് പാർട്ടി പതാകയിൽ അണ്ണായുടെ ചിത്രം മുദ്രണം ചെയ്യാനും എം.ജി.ആർ. നിശ്ചയിച്ചത്. ഈ രണ്ടു തീരുമാനങ്ങളാണ് എ.ഡി.എം.കെയുടെ തലവര കുറിച്ചത്. എം.ജി.ആർ. അണ്ണായെ സ്വന്തമാക്കുന്നത് അമ്പരപ്പോടെ കണ്ടുനിൽക്കാൻ മാത്രമേ കലൈഞ്ജർ കരുണാനിധിക്ക് കഴിഞ്ഞുള്ളു.

രാഷ്ട്രീയം ഒരു കലയാണ്. തക്കസമയത്തെടുക്കുന്ന തീരുമാനങ്ങളാണ് നേതാക്കളെ നലം തികഞ്ഞ കലാകാരികളും കലാകാരന്മാരുമാക്കുന്നത്. 2004-ൽ സോണിയ ഗാന്ധിയെ നേതാവായി അംഗീകരിക്കാൻ കരുണാനിധി എടുത്ത തീരുമാനം അത്തരത്തിലൊന്നായിരുന്നു. പ്രഥമ യു.പി.എ. സർക്കാരിൽ നിർണ്ണായക പങ്കു വഹിക്കുന്നതിന് ഡി.എം.കെയ്ക്ക് വഴിയൊരുക്കിയത് ആ തീരുമാനമായിരുന്നു.

കരുണാനിധിക്ക് പുറമെ അന്ന് സോണിയയ്ക്കായി കളത്തിലിറങ്ങിയ മറ്റൊരു നേതാവ് ലാലുപ്രസാദ് യാദവായിരുന്നു. ലാലു അന്ന് തന്നോട് കാട്ടിയ മമത സോണിയ ഇന്നും മറന്നിട്ടില്ല. എതിർപ്പുകൾ വകവെയ്ക്കാതെ ഫോക്ലന്റ് ദ്വീപുകൾക്കു വേണ്ടിയുള്ള യുദ്ധത്തിന് പച്ചക്കൊടി കാട്ടാനുള്ള തീരുമാനമാണ് മാർഗരറ്റ് താച്ചറുടെ രാഷ്ട്രീയ ജിവിതം മാറ്റിയെഴുതിയത്.

കഴിഞ്ഞ ദിവസം ബംഗാളിൽ മമത ബാനർജി കാട്ടിയത് ഇതേ മാജിക്കാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നു മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം പോലെ ബി.ജെ.പിയെ അടുത്ത കാലത്ത് ഞെട്ടിച്ച മറ്റൊരു പ്രസ്താവനയുണ്ടാവില്ല. നന്ദിഗ്രാം ഒരു പ്രതീകമാണ്. 2011-ൽ ബംഗാളിൽ സി.പി.എം. ഭരണത്തിന് അന്ത്യം കുറിച്ച പടയോട്ടത്തിൽ മമതയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ഊർജ്ജ ഖനിയായിരുന്നു നന്ദിഗ്രാം.

സിംഗൂരിൽ ടാറ്റയുടെ നാനൊ കാർ പദ്ധതിക്കായിട്ടാണ് കൃഷിഭൂമി നോട്ടമിട്ടതെങ്കിൽ നന്ദിഗ്രാമിൽ പ്രത്യേക സാമ്പത്തിക മേഖല തീർക്കാനാണ് കർഷകരുടെ ഭൂമി വൻതോതിൽ ഏറ്റെടുക്കാൻ സി.പി.എം. സർക്കാർ ശ്രമിച്ചത്. ഇതിനെതിരെയുള്ള ജനകീയ പ്രക്ഷോഭമാണ് ബംഗാൾ പിടിക്കുന്നതിന് മമതയെ സഹായിച്ചത്. അന്ന് നന്ദീഗ്രാമിൽ ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ നിന്ന ശുഭേന്ദു അധികാരിയാണ് അടുത്തിടെ മമതയെ വിട്ട് ബി.ജെ.പിയിലേക്ക് പോയത്. 2016-ൽ എൺപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശുഭേന്ദു വിജയിച്ച മണ്ഡലമാണിത്. ഇവിടെയാണ് ഇക്കുറി താൻ മത്സരിക്കുമെന്ന് മമത അതിനാടകീയമായി പ്രഖ്യാപിച്ചത്.

ശത്രുവിനെ ശത്രുവിന്റെ മടയിൽ നേരിടുന്ന യുദ്ധതന്ത്രമാണിത്. ശത്രു നമ്മളെ അന്വേഷിച്ച് ഇങ്ങോട്ടു വരുന്നതിനു മുമ്പ് അങ്ങോട്ടുപോയി പ്രഹരിക്കുന്ന കലാപരിപാടി. മമതയുടെ പാളയത്തിൽനിന്ന് നേതാക്കളെ അടർത്തിയെടുക്കാൻ ബി.ജെ.പി. കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടയിലാണ് മമതയുടെ ഈ അപ്രതീക്ഷിത നീക്കമെന്ന് മറക്കാനാവില്ല.

ഇന്ത്യയിൽ മമതയെപ്പോലെ ബി.ജെ.പി. പേടിക്കുന്ന മറ്റൊരു നേതാവില്ല. നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും മുന്നിൽ മമത തീർക്കുന്ന പ്രതിരോധം കോൺഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും ഒരു പാഠപുസ്തകം പോലെ ഹൃദിസ്ഥമാക്കേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളവും തമിഴ്നാടും അസമും പുതുച്ചേരിയുമല്ല ബംഗാളാണ് ബി.ജെ.പിയുടെ മുഖ്യ പോർക്കളം.

എത്രയോ കാലമായി ബംഗാൾ ബി.ജെ.പിയുടെ സ്വപ്നഭൂമിയാണ് ബംഗാൾ. ടാഗോറിന്റെയും സുഭാഷ് ചന്ദ്ര ബോസിന്റെയും വിവകോനന്ദന്റെയും ഈ തട്ടകം ബി.ജെ.പിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ബി.ജെ.പിയുടെ ആദിരൂപമായ ജനസംഘിന്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മനാട്.

പാക്കിസ്താനെ രണ്ടാക്കിക്കൊണ്ട് ഇന്ദിര ഗാന്ധി സർക്കാർ ചരിത്രമെഴുതിയത് 1971-ലാണ്. ബി.ജെ.പിയുടെ ദേശീയതയ്ക്ക് മുന്നിൽ കോൺഗ്രസ് എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഈ ചരിത്രത്തിന് 50 വർഷം തികയുമ്പോൾ ബംഗാൾ തങ്ങളുടെ കൈപ്പിടിയിലമർന്നാൽ അത് മുന്നോട്ടുവെയ്ക്കുന്ന സന്ദേശത്തിന്റെ വിലയെക്കുറിച്ച് ബി.ജെ.പിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

അതുകൊണ്ടുതന്നെയാണ് സമസ്ത വിഭവങ്ങളും സമാഹരിച്ചുകൊണ്ട് ബംഗാളിൽ ബി.ജെ.പിയുടെ പടപ്പുറപ്പാടിന് അമിത് ഷാ തന്നെ നേതൃത്വം വഹിക്കുന്നത്. ഈ ലക്ഷ്യത്തിനു മുന്നിൽ ബി.ജെ.പിക്ക് ഒരേയൊരു കടമ്പയേ കടക്കാനുള്ളു. മമത ബാനർജി എന്ന ദീദി തീർക്കുന്ന കടമ്പ. അതൊരു ചെറിയ പ്രതിബന്ധമല്ലെന്ന് ബി.ജെ.പിക്ക് കൃത്യമായറിയാം.

2011-നും 2021-നുമിടയിൽ ബംഗാളിൽ ബി.ജെ.പി. കൈവരിച്ചത് അസൂയാവഹമായ വളർച്ചയാണ്. പത്തു കൊല്ലം മുമ്പുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 294 സീറ്റുകളിൽ 289-ൽ മത്സരിച്ച ബി.ജെ.പിക്ക് ഒരിടത്തും പച്ചതൊടാനായില്ല. 4.6 ശതമാനം വോട്ടാണ് അന്ന് ബി.ജെ.പിക്ക് കിട്ടിയത്. 2016-ൽ വോട്ട് വിഹിതം 10.6 ശതമാനമായെങ്കിലും വിജയിക്കാനായത് വെറും മൂന്നു സീറ്റിൽ മാത്രമാണ്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, ബി.ജെ.പി. അത്ഭുതം കാട്ടി. 40 ശതമാനം വോട്ടും 18 സീറ്റും സ്വന്തമാക്കിക്കൊണ്ടാണ് ബി.ജെ.പി. ബംഗാളിൽ വൻമുന്നേറ്റം നടത്തിയത്. പക്ഷേ, ബി.ജെ.പിയുടെ ഈ നേട്ടത്തിനു മുന്നിൽ വിള്ളലുകൾ വീണത് മമതയുടെ കോട്ടയിലല്ല എന്നതാണ് ശ്രദ്ധേയം. 2011-ൽ കോൺഗ്രസിനൊപ്പം മത്സരിച്ചപ്പോൾ ടി.എം.സിയുടെ വോട്ട് വിഹിതം 38.9 ശതമാനമായിരുന്നു. 2016-ൽ തനിച്ചു നിന്നപ്പോൾ ടി.എം.സിക്ക് 45.6 ശതമാനം നേടാനായി. ബി.ജെ.പി. വൻകുതിപ്പ് നടത്തിയ 2019-ൽ ടി.എം.സിയുടെ വോട്ട് വിഹിതം 43.3 ശതമാനമായിരുന്നു. അതായത് 2016-ലെ പത്ത് ശതമാനത്തിൽനിന്ന് 2019-ലെ 40 ശതമാനത്തിലേക്ക് ബി.ജെ.പി. എത്തിയപ്പോഴും മമതയുടെ വോട്ടുബാങ്കിൽ കാര്യമായ വിള്ളലുകളൊന്നും തന്നെയുണ്ടായില്ലെന്നർത്ഥം.

വോട്ട് ചോർന്നത് കോൺഗ്രസിന്റെയും ഇടതു മുന്നണിയുടെയും കൂടാരങ്ങളിൽനിന്നാണ്. 2016-ൽ 12.4 ശതമാനം വോട്ട് നേടിയ കോൺഗ്രസിന് കഴിഞ്ഞ വർഷം കിട്ടിയത് 5.6 ശതമാനം വോട്ടാണ്. സി.പി.എമ്മും സി.പി.ഐയും ഉൾപ്പെട്ട ഇടതു മുന്നണിക്ക് 2016-ൽ 26. 6 ശതമാനം വോട്ട് കിട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 7.5 ശതമാനമായി ഇടിഞ്ഞു.

ഇക്കഴിഞ്ഞ പത്ത് കൊല്ലങ്ങൾക്കിടയിൽ ചുരുങ്ങിയത് ഒരു കോടി വോട്ടെങ്കിലും ഈ ക്യാമ്പുകളിൽനിന്ന് ബി.ജെ.പിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മമതയുടെ വീഴ്ചയല്ല, കോൺഗ്രസിന്റെയും ഇടതു മുന്നണിയുടെയും തകർച്ചയാണ് ബി.ജെ.പിക്ക് വളമായത്.

മമത എന്ന നേതാവു തന്നെയാണ് ബംഗാളിൽ ബി.ജെ.പി. നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവാണ് മമത. മുകുൽ റോയിയും ശുഭേന്ദുവുമൊക്കെ കളം മാറ്റി ചവിട്ടുമ്പോഴും ടി.എം.സി. കുലുങ്ങാത്തത് ആ പാർട്ടിയുടെ എല്ലാമെല്ലാം മമത തന്നെയാണെന്നതുകൊണ്ടാണ്.

ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിക്ക് പകരം ആരെന്ന് ബി.ജെ.പി. ഉയർത്തുന്ന ചോദ്യം പോലെ തന്നെയാണ് ദീദിക്ക് പകരം ആരെന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ ടി.എം.സി. ഉയർത്തുന്ന ചോദ്യവും. ബംഗാളികളുടെ ആത്മവീര്യത്തിൽ പിടിച്ചാണ് മമതയുടെ യുദ്ധം.

ഈ യുദ്ധത്തിൽ മമതയ്ക്ക് കരുത്തു പകരുന്ന വലിയൊരു ഘടകം ബംഗാളിലെ മുസ്ലിങ്ങളുടെ പിന്തുണയാണ്. സംസ്ഥാനത്തെ പത്തു കോടിയോളം വരുന്ന ജനസംഖ്യയിൽ 29 ശതമാനം വരുന്ന മുസ്ലിങ്ങൾ മമതയ്ക്കും ടി.എം.സിക്കുമൊപ്പം നിൽക്കുമെന്ന തിരിച്ചറിവ് ബി.ജെ.പിയെ പരിഭ്രാന്തിയിലാഴ്ത്തുന്നുണ്ട്. 125 മണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയാവാൻ മുസ്ലിം സമുദായത്തിന് കഴിയും.

അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം. ഇക്കുറി ബംഗാളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടി.എം.സിക്ക് അതൊരു ഭീഷണിയാകുന്ന കാര്യം സംശയമാണ്. ഉറുദു സംസാരിക്കുന്ന മുസ്ലിങ്ങളുടെ അംഗബലം ബംഗാളിൽ താരതമ്യേന വളരെക്കുറവാണെന്നതാണ് ഇതിനുള്ള കാരണം.

മമതയുടെ പോരാട്ടവീര്യമാണ് ബി.ജെ.പിയെ സംഭ്രമിപ്പിക്കുന്ന മറ്റൊരു ഘടകം. നീണ്ട 34 കൊല്ലം ബംഗാൾ അടക്കി വാണ സി.പി.എമ്മിനോട് മല്ലടിച്ചാണ് മമത വളർന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അകംപൊരുൾ മമതയ്ക്ക് ഉള്ളംകൈയ്യിലെ രേഖകൾ പോലെയാണ്. മമതയിൽനിന്ന് താനാണ് രാഷ്ട്രീയപാഠങ്ങൾ പഠിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ പറയുന്നത് വെറുതെയല്ല.

ബംഗാളിന് മാത്രമല്ല ,ഇന്ത്യയ്ക്കൊട്ടാകെ നിർണ്ണായകമായ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും മാറ്റുരയ്ക്കപ്പെടുന്ന തിരഞ്ഞെടുപ്പ്. ബംഗാളിൽ മമത നടത്തുന്ന പോരാട്ടം ഒരു സംസ്ഥാനത്തിനു വേണ്ടി മാത്രമുള്ളതല്ലെന്ന വിലയിരുത്തൽ ഉയരുന്നത് ഈ പരിസരത്തിലാണ്. ഇവിടെ കോൺഗ്രസും ഇടതുമുന്നണിയും ഒരു മൂന്നാം ശക്തിയാകാൻ ശ്രമിക്കുന്നത് ആരെയാവും സഹായിക്കുക എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്.

ബി.ജെ.പിയെ തോൽപിക്കുക എന്നു പറയുന്നത് പോലെ തന്നെയാണ് മമതയെയും തോൽപിക്കുക എന്ന് പറയുന്നതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടെടുക്കുമ്പോൾ അതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നതും ബംഗാളിലെ സവിശേഷ പശ്ചാത്തലം കൊണ്ടുതന്നെയാണ്. ഇടതു മുന്നണിയും കോൺഗ്രസും തമ്മിലുള്ള കൂട്ടുകെട്ട് മമത സർക്കാരിനെതിരെയുള്ള വോട്ടുകളിലാണ് ഭിന്നിപ്പുണ്ടാക്കുക എന്ന വായനയ്ക്ക് വലിയ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. കോൺഗ്രസുമായി കൂട്ടുകൂടാമെങ്കിൽ എന്തുാകൊണ്ട് ടി.എം.സിയുമായി സഖ്യത്തിനാവുന്നില്ലെന്ന ചോദ്യം സി.പി.എം. തീർച്ചയായും നേരിടുന്നുണ്ട്.

ബംഗാളിൽ നേരം വെളുക്കാൻ സി.പി.എമ്മിനും കോൺഗ്രസിനും ചിലപ്പോൾ ഇനിയും സമയമെടുത്തേക്കും. പക്ഷേ, ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിൽ ഒരു തരത്തിലുള്ള അനുരഞ്ജനത്തിനും താൻ തയ്യാറല്ലെന്നു തന്നെയാണ് മമത വ്യക്തമാക്കിയിരിക്കുന്നത്. താൻ പിന്തുടരാത്ത ഒരു നേതാവാണെങ്കിലും ഈ പോരാട്ടത്തിൽ ഒരുപക്ഷേ, ലെനിന്റെ വാക്കുകളാവാം മമതയെ നയിക്കുന്നത്: ശത്രുവുമായി ഒരു വിട്ടുവീഴ്ചയേയുള്ളു, അതവരെ തകർക്കുക എന്നതാണ്.

നാലാം പാനിപ്പത്ത് യുദ്ധം എന്നാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. ഈ യുദ്ധത്തിലെ ജയപരാജയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉളവാക്കുന്ന മാറ്റങ്ങൾ ചെറുതായിരിക്കില്ല.

വഴിയിൽ കേട്ടത്: ഡ്രാഗൺ പഴത്തിനെ കമലം എന്ന് വിളിക്കുമെന്ന് ഗുജറാത്ത് സർക്കാർ.
വിരൽ ചന്ദ്രനെ ചൂണ്ടിക്കാട്ടുമ്പോൾ വിഡ്ഢി വിരൽ മാത്രം കാണുന്നു (ചൈനീസ് പഴമൊഴി)

Content Highlights:Mamata Banerjee would be the real obstacle for BJP in Bengal Election | Vazhipokkan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.