News

Get the latest news here

കുറ്റാന്വേഷകന്റെ ജോലിയല്ല സിഎജിക്കെന്ന് ജയിംസ് മാത്യു; കടന്നുകയറ്റമെന്ന് വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം : എൻ.ഐ.എയോ ഇ.ഡിയോ പോലെ ഒരു ഏജൻസിയെ പോലെയാണ് സിഎജിയെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നതെന്നും ഒരു കുറ്റാന്വേഷകന്റെ ജോലിയല്ല സിഎജിക്കെന്നും ജയിംസ് മാത്യു എംഎൽഎ. ആരും കാണാത്ത ഒരു കുറ്റകൃത്യത്തിന്റെ ഉറവിടം കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട ആളൊന്നുമല്ല സുനിൽ രാജെന്നും അദ്ദേഹത്തിന്റെ പേര് എടുത്ത് പറഞ്ഞുകൊണ്ട് ജയിംസ് മാത്യു പറഞ്ഞു.

സുനിൽ രാജ് എന്ന പറവൂരുകാരൻ ചെയ്ത പ്രവൃത്തിയെന്താണെന്ന് വളരെ കൃത്യമായി മനസിലാക്കി തന്നെയാണ് സർക്കാരുംധനകാര്യ വകുപ്പും ഇത്തരത്തിൽ സമീപനം സ്വീകരിച്ചതെന്നും ജയിംസ് മാത്യു കൂട്ടിച്ചേർത്തു. എന്നാൽ പറവൂരുകാരൻ പരാമർശത്തിൽ വി.ഡി. സതീശൻ എതിർപ്പുന്നയിച്ചതോടെ പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം സഭയെ അറിയിച്ചു.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ എതിർത്തുകൊണ്ട് പ്രതിപക്ഷം നടത്തുന്ന പരാമർശങ്ങൾ വിചിത്രമായി തോന്നുന്നുവെന്ന് വീണാ ജോർജ് പറഞ്ഞു. ഏത് ചട്ടത്തിന്റെയോ ക്രമത്തിന്റെയോ അടിസ്ഥാനത്തിലാണ് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളെന്ന് അവർ ചോദിച്ചു.എന്താണ് എതിർക്കപ്പെട്ടിരിക്കുന്നത്, എന്തുകൊണ്ടാണ് എതിർക്കപ്പെടുന്നതെന്ന് പ്രതിപക്ഷാംഗങ്ങൾ ശ്രദ്ധിക്കണമെന്നും വീണാ ജോർജ് പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ ഉപയോഗിച്ച് രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ നടപ്പിലാക്കുന്ന ബിജെപിയുടെ തന്ത്രമാണെന്നും അവർ ആരോപിച്ചു.

സംസ്ഥാന നിയമസഭയുടെ പരിധിയിലേക്ക് കടന്നുകയറിയത് സിഎജിയാണെന്ന് ഷംസീർ പറഞ്ഞു. സിഎജി അതിക്രമിച്ച് കയറിയാൽ മിണ്ടാതെ ഇരിക്കണമെന്നാണോ. ഭരണഘടനാ സ്ഥാപനങ്ങളെ പൂർണമായും ദുർവിനിയോയം ചെയ്യിച്ചതാരാണെന്ന ചരിത്രം പറയണോ എന്നുംഅദ്ദേഹം ചോദിച്ചു. സിഎജിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. ആ രാഷ്ട്രീയ കളിക്ക് എന്തിനാണ് യുഡിഎഫ് കൂട്ടുനിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: Veena George, James Mathew, A. N. Shamseer
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.