News

Get the latest news here

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വാഗ്വാദം; തിരുത്തല്‍വാദികള്‍ക്കെതിരെ ഗഹ്‌ലോത്

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ വാഗ്വാദം നടന്നതായി റിപ്പോർട്ട്. തിരുത്തൽവാദികളെ വിമർശിച്ച് നേതാക്കൾ രംഗത്തെത്തി. ഗുലാം നബി ആസാദിന്റെയും ആനന്ദ് ശർമയുടെയും നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത് വിമർശിച്ചു.

കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന പ്രവർത്തക സമിതിയിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത്. വീഡിയോ കോൺഫറൻസ് മുഖാന്തിരമായിരുന്നു ചർച്ച. തിരുത്തൽ വാദികളും മറ്റ് പ്രധാന നേതാക്കളും തമ്മിലാണ് വാക്കേറ്റമുണ്ടായത്.

ചർച്ച ആരംഭിച്ചതിനു പിന്നാലെ സംഘടനാ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് തിരുത്തൽവാദി നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമയും ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് അശോക് ഗഹ്ലോത് രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചത്.

കർഷക പ്രതിഷേധം ഉൾപ്പെടെയുള്ളവയാണ് നിലവിലെ പ്രധാന പ്രശ്നങ്ങൾ. ഇതാണ് ആദ്യം ചർച്ച ചെയ്യേണ്ടത്. സംഘടനാ പ്രശ്നങ്ങൾ മറ്റൊരു സമയത്ത് ചർച്ച ചെയ്താൽ മതിയെന്ന നിലപാടാണ് ഗഹ്ലോത് മുന്നോട്ടുവെച്ചത്. ആനന്ദ് ശർമയും ഗുലാം നബി ആസാദും ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ പാർട്ടി വിരുദ്ധമാണ്. പാർട്ടിയെ ദുർബലപ്പെടുത്തുന്ന നീക്കമാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഗെഹ്ലോത് പറഞ്ഞു.

തുടർന്ന് രാഹുൽ ഗാന്ധി പ്രശ്നത്തിൽ ഇടപെടുകയും രംഗം ശാന്തമാക്കുകയും ചെയ്തു. പ്രവർത്തക സമിതിയോഗം അവസാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാൻ യോഗത്തിൽ ധാരണയിൽ എത്തിയിട്ടുണ്ട്. മേയ്മാസം അവസാനത്തോടെ പ്ലീനറി സെഷൻ വിളിച്ചു ചേർക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനു മുൻപായി സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനും നീക്കം നടക്കുന്നുണ്ട്.

content highlights: heated argument between leaders in aicc working committee
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.