News

Get the latest news here

ജൂണില്‍ കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ് ; സംഘടനാ തിരഞ്ഞെടുപ്പ് മേയ് മാസത്തിൽ

ന്യൂഡൽഹി: ജൂണിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചു. മേയ് മാസത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും വിരാമം ഇട്ടുകൊണ്ടാണ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പിലൂടെ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് 23 തിരുത്തൽവാദി നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. പ്രവർത്തക സമിതി അംഗങ്ങൾ, കോൺഗ്രസ് പ്രസിഡന്റ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നായിരുന്നു തിരുത്തൽവാദികളുടെ ആവശ്യം.

പിന്നീട് പല തവണ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേർന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി രൂപവത്കരിച്ച് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടന്നത്.

ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഷെഡ്യൂൾ വിശദമായി ചർച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തക സമിതി നിലപാട് വ്യക്തമാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പുകളെ ബാധിക്കാത്ത വിധത്തിലായിരിക്കും സംഘടന തിരഞ്ഞെടുപ്പ് നടത്തുക.

നിലവിലെ ഷെഡ്യൂൾ പ്രകാരം മേയ് മാസത്തിലായിരിക്കും സംഘടനാ തിരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷപദം ഏറ്റെടുക്കണമെന്നാണ് പ്രവർത്തക സമിതിയിൽ പൊതുവികാരമുണ്ടായത്. എന്നാൽ ഇരുവരും അതിനോട് യോജിച്ചിട്ടില്ല. ഏതെങ്കിലും ഡമ്മി സ്ഥാനാർഥിയെ നിർത്തിയാൽ സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്ന് തിരുത്തൽവാദികൾ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പിൽ വൻപരാജയം നേരിട്ടതിനു പിന്നാലെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഒഴിഞ്ഞത്. തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

content highlights:Congress Working Committee has decided that there will be an elected Congress President by June 2021
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.