News

Get the latest news here

കെ.വി.തോമസ് നാളെ മാധ്യമങ്ങളെ കാണില്ല; അനുനയിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം

കൊച്ചി: കെ.വി.തോമസ് നാളെ നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവെച്ചു. കോൺഗ്രസ് നേതൃത്വം കെ.വി.തോമസിനെ നാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഈ യോഗത്തിൽ തോമസ് പങ്കെടുക്കും.

ഉമ്മൻചാണ്ടി അടക്കമുളള പ്രധാനപ്പെട്ട നേതാക്കൾ കെ.വി.തോമസുമായി ഫോണിൽ ആശയവിനിമയം നടത്തി. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം.നാളെ നടത്താനിരുന്ന യുഡിഎഫ് ജില്ലാ നേതൃയോഗവും മാറ്റിവെച്ചിട്ടുണ്ട്.

നാളെ കെ.വി.തോമസ് നടത്താനിരുന്ന വാർത്താസമ്മേളനം ഒരു സമ്മർദ്ദ തന്ത്രമായിരുന്നുവെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഏതായാലും അനുനയ നീക്കമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കെ.വി.തോമസ് അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തു.

കെ.വി.തോമസിന്റെ വിഷയത്തിൽ ഇടപെടേണ്ട എന്നായിരുന്നു ഹൈക്കമാൻഡ്തീരുമാനം. എന്നാൽ കേരളത്തിലെ നേതാക്കൾ കെ.വി.തോമസിന് സഭയുമായുളള ബന്ധം അതോടൊപ്പം തന്നെ എറണാകുളം ജില്ലയിലെ തീരദേശവുമായി അദ്ദേഹത്തിനുളള ബന്ധവും ചൂണ്ടിക്കാണിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇടതുപക്ഷത്തേക്ക് ചേക്കേറി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനുള്ള നീക്കം കെ.വി.തോമസ് സജീവമാക്കിയതായി വാർത്തകളുണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഇടതുകേന്ദ്രങ്ങളുമായി അദ്ദേഹം ചർച്ച നടത്തിയതായും സൂചനകളുണ്ടായിരുന്നു. എന്നാൽ, അന്തിമമായ തീരുമാനത്തിൽ എത്തിയിട്ടുണ്ടായിരുന്നില്ല. ഇത്തരം നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കെ.വി. തോമസ് തയ്യാറായിരുന്നില്ല. എൽ.ഡി.എഫിലേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ, പറയാം എന്നായിരുന്നു മറുപടി. എല്ലാ കാര്യവും 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തീരദേശ മേഖലയിലെ ആളുകളുടെ പ്രശ്നം ഉന്നയിച്ച് ഈയടുത്ത് മുഖ്യമന്ത്രിയെ കെ.വി. തോമസ് കണ്ടിരുന്നു. അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും ചർച്ചയായതായാണ് വിവരം.

കെ.വി. തോമസ് 23-ന് മാധ്യമങ്ങളെ കാണാനിരിക്കെ, സി.പി.എം. ജില്ലാ സെക്രട്ടറി അദ്ദേഹത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നിരുന്നു.ഇടതുകേന്ദ്രങ്ങളുമായി ചർച്ച നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് കെ.വി. തോമസിന് പദവികൾ നൽകാനുള്ള തീരുമാനം മരവിപ്പിച്ചതെന്നതും ശ്രദ്ധേയം.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിയായ കെ.വി. തോമസിനെ ഒഴിവാക്കി കോൺഗ്രസ് ഹൈബി ഈഡനെ മത്സരിപ്പിക്കുകയായിരുന്നു. അന്ന് മുതൽ സംസ്ഥാന നേതൃത്വവുമായി അത്ര രസത്തിലല്ല തോമസ്. ഏറ്റവും ഒടുവിൽ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റെയും ചുമതല നൽകാൻ ആലോചന നടന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ വിസ്സമ്മതിച്ചു. ഇതോടെയാണ് തോമസിന്റെ നീക്കങ്ങളെ കോൺഗ്രസ് നേതൃത്വം സംശയത്തോടെ വീക്ഷിച്ച് തുടങ്ങിയത്.


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.