News

Get the latest news here

സോണിയ വിളിച്ചു, കെ.വി. തോമസ് അയഞ്ഞു



കൊച്ചി: എ.െഎ.സി.സി. അധ്യക്ഷ സോണിയാഗാന്ധി നേരിട്ട് വിളിച്ചു, മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് അയഞ്ഞു. ശനിയാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം അദ്ദേഹം ഉപേക്ഷിച്ചു. ശനിയാഴ്ച തിരുവനന്തപുരത്തെത്തി കേന്ദ്രനേതൃത്വത്തെ കാണാൻ സോണിയാഗാന്ധി ആവശ്യപ്പെടുകയായിരുന്നുവെന്ന് കെ.വി. തോമസ് പറഞ്ഞു. സോണിയ പറഞ്ഞാൽ തനിക്ക് മറ്റൊന്നും ചിന്തിക്കാനാവില്ല. ശനിയാഴ്ച തിരുവനന്തപുരത്തെത്തി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.വെള്ളിയാഴ്ച വൈകീട്ട് മുതിർന്നനേതാവ് ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തന്നോടുസംസാരിച്ചതായും അദ്ദേഹം പറഞ്ഞു. പറയാൻ കുറെ കാര്യങ്ങളുണ്ട്. സോണിയ വിളിച്ച സാഹചര്യത്തിൽ അതുപറയാനുള്ള സാഹചര്യമില്ല. വൈകാരികമായ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഓരോ ദിവസവും ഓരോ കഥകൾ തന്നെക്കുറിച്ച് പ്രചരിപ്പിച്ചു. താൻ ഇതുവരെയും ഒരു സ്ഥാനവും ചോദിച്ചിട്ടില്ല. തന്നെ അപമാനിക്കാനുള്ള ശ്രമമുണ്ടായി. കൊച്ചി കോർപ്പറേഷനിൽ എഴുപത്തിനാല് ഡിവിഷൻ ഉണ്ടായിട്ട് ഒരുഡിവിഷനിൽപോലും തന്റെ അഭിപ്രായം മാനിക്കാൻ തയ്യാറായില്ല. തന്റെ ജന്മനാട്ടിലെ സ്ഥാനാർഥിനിർണയത്തിൽപോലും അകറ്റിനിർത്തി. സാമൂഹികമാധ്യമങ്ങളിലൂടെ ദിവസവും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും തോമസ് പറഞ്ഞു. ചില കാര്യങ്ങൾ തുറന്നുപറയാനുള്ളതുകൊണ്ടായിരുന്നു മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. സോണിയാഗാന്ധി വിളിച്ച സാഹചര്യത്തിൽ തനിക്ക് കൂടുതലായി ഒന്നുംപറയാനില്ല. സോണിയ പറഞ്ഞാൽ താൻ പിന്നെ മറ്റുകാര്യങ്ങളൊന്നും ചിന്തിക്കില്ലെന്നും കെ.വി. തോമസ് പറഞ്ഞു.കെ.വി. തോമസിനോട് സംസാരിച്ചിരുന്നതായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ‘മാതൃഭൂമി’യോട് പറഞ്ഞു. ‘‘കോൺഗ്രസിന്റെ മുതിർന്ന നേതാവായ തോമസുമായി തനിക്ക് വർഷങ്ങളുടെ സൗഹൃദമാണുള്ളത്. അദ്ദേഹത്തിന് ഒരിക്കലും കോൺഗ്രസിന് എതിരായി ചിന്തിക്കാനാവില്ല. അദ്ദേഹത്തിന് വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടിചാനലിന്റെയും പത്രത്തിന്റെയും ചുമതലയേൽക്കുന്നതിൽ അദ്ദേഹം ചില പ്രശ്നങ്ങൾ പറഞ്ഞിട്ടുണ്ട്. അതെല്ലാം പരിഗണിക്കും’’ -മുല്ലപ്പള്ളി പറഞ്ഞു.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.