News

Get the latest news here

മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയില്‍ മറാഠി സംസാരിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രഭരണ പ്രദേശമാക്കണം -ഉദ്ധവ്

മുംബൈ: മഹാരാഷ്ട്രാ - കർണാടക അതിർത്തി മേഖലയിൽ മറാഠി സംസാരിക്കുന്ന ജനങ്ങൾ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റണമെന്ന ആവശ്യവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രിഉദ്ധവ് താക്കറെ. വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്തിമ വിധി വരുംവരെ അതിർത്തി മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കി നിലനിർത്തണമെന്നാണ് ആവശ്യം.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഉദ്ധവ് ഈ ആവശ്യമുന്നയിച്ചതെന്ന്വാർത്താ ഏജൻസിയായപിടിഐ റിപ്പോർട്ടു ചെയ്തു. മറാഠി സംസാരിക്കുന്ന ജനങ്ങളോട് കർണാടക സർക്കാർ അതിക്രമം കാട്ടുന്നുവെന്ന് ഉദ്ധവ് ആരോപിച്ചു. അവർ അധിവസിക്കുന്ന പ്രദേശങ്ങൾ മഹാരാഷ്ട്രയുടെ ഭാഗമാക്കി മാറ്റുന്നതിന് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് ജയിക്കേണ്ടതുണ്ട്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ബെൽഗാമിന്റെ പേര് മാറ്റിയ കർണാടക സർക്കാരിന്റെ നടപടി കോടതിയലക്ഷ്യം അല്ലേ എന്ന് ഉദ്ധവ് ചോദിച്ചു.

ബൽഗാമിന്റെ പേര് മാറ്റിയശേഷം രണ്ടാമത്തെ തലസ്ഥാനമായി അതിനെ പ്രഖ്യാപിക്കുകയും നിയമസഭാ മന്ദിരം അവടെ നിർമിക്കുകയും സഭാ സമ്മേളനം ചേരുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ വിശ്രമമില്ലെന്ന് നമുക്ക് പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. മഹാവികാസ് അഖാഡി ഭരണകാലത്ത് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഒരിക്കലും അത് സാധ്യമാകില്ല - ഉദ്ധവ് പറഞ്ഞു.

അതിനിടെ, വിഷയത്തിൽ സുപ്രീം കോടതിയാണ് മഹാരാഷ്ട്രയുടെ അവസാനത്തെ ആശ്രയമെന്ന് ചടങ്ങിൽ സംസാരിച്ച എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. കേസ് ജയിക്കാനുള്ള എല്ലാ വഴികളും തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കർണാടകയുടെ ഭാഗമായ ബെൽഗാം, കാർവാർ, നിപ്പാനി എന്നിവ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ അധികവും മറാഠി സംസാരിക്കുന്നവർ ആയതിനാൽ ഈ പ്രദേശങ്ങൾക്കുമേൽ മഹാരാഷ്ട്രാ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കേസ് വർഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് പുതിയ ആവശ്യവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുള്ളത്.

Content Highlights:Declare Marathi-speaking Karnataka-Maharashtra border aresa as UT - Udhav
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.