News

Get the latest news here

ശബരിമലയിൽ കരുതലോടെ സി.പി.എം.

തിരുവനന്തപുരം: ശബരിമലവിഷയം യു.ഡി.എഫ്. പ്രചാരണവിഷയമായി ഏറ്റെടുത്തതോടെ പ്രതികരണം കരുതലോടെ നടത്തി സി.പി.എമ്മിന്റെ ജാഗ്രത. നേരത്തേയുണ്ടായിരുന്ന കർക്കശ നിലപാട് പാർട്ടിക്കില്ലെന്നു വ്യക്തമാക്കുന്ന വിശദീകരണമാണ് സി.പി.എം. നൽകുന്നത്. യുവതീപ്രവേശ വിധിയിലെ പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതി തീർപ്പുകല്പിച്ചാലും അത് നടപ്പാക്കുംമുമ്പ് എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി ധാരണയുണ്ടാക്കുമെന്നാണ് പാർട്ടി നിലപാട്.

സുപ്രീംകോടതി വിധി എന്തായാലും അത് സർക്കാർ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്നായിരുന്നു ഇതുവരെ സി.പി.എമ്മും മുഖ്യമന്ത്രിയും പറഞ്ഞത്. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നപ്പോഴും അത് നടപ്പാക്കുംമുമ്പ് സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. കോടതിവിധി അംഗീകരിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന വിശദീകരണം മാത്രമായിരുന്നു ഇക്കാര്യത്തിൽ സർക്കാരും പാർട്ടിയും നൽകിയത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല വീണ്ടും യു.ഡി.എഫ്. ഉന്നയിച്ചത്, തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിലുണ്ടായ ഇടത് അനുകൂല ജനമനസ്സ് മാറ്റാനാണെന്ന തിരിച്ചറിവ് സി.പി.എമ്മിനുണ്ട്.

ശബരിമല ആയുധമാക്കാൻ യു.ഡി.എഫിന് ഇടംകൊടുക്കേണ്ടെന്ന തീരുമാനമാണ് സി.പി.എം. കൈക്കൊണ്ടത്. എന്നാൽ, ഈ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന രീതിയിൽ വാർത്ത വന്നതോടെയാണ് കരുതലോടെയുള്ള വിശദീകരണം. അതാവട്ടെ, പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുപോലും കൂട്ടായ ചർച്ചയുടെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാകുമെന്ന ഉറപ്പ് നൽകുന്നതാണ്. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന സമീപനം സ്വീകരിക്കേണ്ടതില്ലെന്നതാണ് പാർട്ടി നിലപാട്.

സംസ്ഥാനസമിതിയുടെ തീരുമാനം വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് സെക്രട്ടറി എ. വിജയരാഘവൻ വിശദീകരണത്തിനു തയ്യാറായില്ല. പാർട്ടി നിലപാട് കുറിപ്പായി തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകൾ മാറ്റി വാർത്തകൾ നൽകുന്നത് ഒഴിവാക്കാൻ പാർട്ടി നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. വിശദീകരണം

ശബരിമല വിഷയത്തെ തിരഞ്ഞെടുപ്പ് വേളയിൽ സംവാദ വിഷയമാക്കി ജനങ്ങളെ വഴിതെറ്റിക്കുന്ന യു.ഡി.എഫ്. തന്ത്രം കേരളജനത തള്ളിക്കളയും. ഉമ്മൻചാണ്ടി പ്രചാരണ കമ്മിറ്റി നേതൃത്വം ഏറ്റെടുത്ത ശേഷം തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള എളുപ്പവഴിയായാണ് ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്. ഈ വിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. അവർ തീരുമാനമെടുത്താലേ എന്തുനടപടി സ്വീകരിക്കണമെന്ന വിഷയം ഉദ്ഭവിക്കുകയുള്ളൂ. കോടതിവിധിക്കു ശേഷം എന്തുവേണമെന്ന കാര്യത്തിൽ എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി യോജിച്ച ധാരണയുണ്ടാക്കുകയാണു വേണ്ടതെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. അധികാരത്തിൽവന്നാൽ നിയമം നിർമിക്കുമെന്ന യു.ഡി.എഫ്. നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്.

Content Highlight: CPM political stand on Sabarimala issue
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.