News

Get the latest news here

കാലടി സര്‍വകലാശാലയില്‍ ഇടത് സംഘടനാ നേതാവിനായി പുതിയ തസ്തിക സൃഷ്ടിക്കാന്‍ നീക്കം

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ ഇടതു സംഘടനാ നേതാവിനെ നിയമിക്കാൻ പുതിയ തസ്തിക സൃഷ്ടിക്കാൻ നടത്തിയ നീക്കം പുറത്ത്. ലൈബ്രറി റഫറൻസ് അസിസ്റ്റന്റായി വിരമിക്കുന്ന ആളിന് പുതിയ താവളം ഒരുക്കാനായിരുന്നു നീക്കം.

നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിനു പിന്നാലെയാണ് രണ്ടുവർഷം മുൻപ് കാലടി സർവകലാശാലയിൽ തുടങ്ങിയ മറ്റൊരു നിയമന നീക്കത്തിന്റെ അണിയറക്കഥ പുറത്തുവരുന്നത്. നിലവിലുള്ള സീനിയർ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തിക ഒഴിവാക്കി പുതിയ തസ്തിക സൃഷ്ടിക്കാനാണ് 2018-ൽ നീക്കം തുടങ്ങിയത്. ഡയറക്ടർ ഓഫ് പബ്ലിക്കേഷൻസ് എന്ന പേരും നൽകി. ഏപ്രിൽ മാസം വിരമിക്കേണ്ട ഇടതു സംഘടനാ നേതാവിന് പുതിയ താവളം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് ആരോപണം.

എന്നാൽ ഇങ്ങനെ ഒരു നീക്കം നടന്നിട്ടില്ലെന്നായിരുന്നു കാലടി സർവകലാശാല വൈസ് ചാൻസലറുടെ പ്രതികരണം. അതേസമയം വി.സിയുടെ പ്രതികരണം ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. പുതിയ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായും ഗവർണറുമായുംസർവകലാശാല പലവട്ടം നടത്തിയ കത്തിടപാടുകളുടെ പകർപ്പുകളാണ് ഇവ. ആദ്യ കത്ത് 2019 ഫെബ്രുവരി രണ്ടിനായിരുന്നു. എന്നാൽ അധിക സാമ്പത്തിക ബാധ്യത വരുന്നതിനാൽ തസ്തിക അംഗീകരിക്കാൻ ആവില്ലെന്ന് സർക്കാർ വ്യക്തമാക്കി. നിയമപ്രകാരമുള്ള അപേക്ഷയല്ലാത്തതിനാൽ 2019 ഒക്ടോബറിൽ ഗവർണറും ആവശ്യം നിരസിച്ചു.

എന്നാൽ സർവകവലാശാല നീക്കം ഉപേക്ഷിച്ചില്ല. 2020 സെപ്റ്റംബറിൽ വീണ്ടും സർവകലാശാല സർക്കാരിനെ സമീപിച്ചു. ഇത്തവണ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അപേക്ഷ ഇതുവരെ തള്ളിയിട്ടുമില്ല. അനധികൃത നിയമനത്തിന്റെ പേരിൽ കാലടി സർവകാലാശാലയിൽ പ്രതിഷേധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഒരിക്കൽ നിരസിച്ച തസ്തികയിലെ നിയമനത്തിന് സർവകലാശാല വീണ്ടും നടത്തിയ നീക്കങ്ങൾ പുറത്തുവരുന്നത്.

content highlights: attempt to create post for left union leader in kalady sanskrit university
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.