News

Get the latest news here

ആത്മഹത്യ ചെയ്യാൻ യുവതി ആറ്റിൽചാടി; രക്ഷകനായി 14 കാരൻ

തിരുവല്ല: വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകെൂണ്ടിരിക്കുമ്പോൾ അക്കരെനിന്ന് ആരോ ആറ്റിൽ വീഴുന്നത് ആൽബിൻ കണ്ടു. കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല. കൂട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ ആറ്റിലേക്ക് എടുത്തുചാടി. 50മീറ്റർ വീതിയിൽ ഒഴുകുന്ന മണിമലയാറിനെ അവൻ മിനിട്ടുകൾക്കുള്ളിൽ കീഴടക്കി. അക്കരെയെത്തുമ്പോഴേക്കും യുവതി രണ്ടുതവണ മുങ്ങിപ്പൊങ്ങി.

മൂന്നാംതവണ താഴുമ്പോൾ ആഴക്കയത്തിൽ താങ്ങായി ആൽബിന്റെ കൈകളെത്തി. സർവശക്തിയും സംഭരിച്ച് 39 വയസ്സുള്ള യുവതിയുമായി പതിന്നാലുകാരൻ കരയിലേക്ക് നീന്തി. യുവതിയെ കരയിലേക്ക് വലിച്ചുകയറ്റി. രക്ഷാ പ്രവർത്തനത്തിന്റെ തളർച്ചയുണ്ടായിരുന്നെങ്കിലും ഒരുജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു അപ്പോഴും ആ എട്ടാംക്ലാസുകാരന്റെ മുഖത്ത്.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന് യുവതി ആറ്റിൽ ചാടിയത്. കുടുംബ സുഹൃത്തിന്റെ സംസ്കാരച്ചടങ്ങിനാണ് തിരുവല്ലയിലെത്തിയത്. ആൽബിൻ കരയ്ക്കെത്തിച്ച ഇവരെ കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ചുവും ആൽബിന്റെ പിതാവ് ബാബുവും ചേർന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണമാണ് ആറ്റിൽ ചാടിയതെന്ന് യുവതി പറഞ്ഞു.

കുറ്റൂർ തെങ്ങേലി പോത്തളത്ത് പാപ്പനാവേലിൽ വീട്ടിൽ ബാബു-ആൻസി ദമ്പതിമാരുടെ മകനാണ് ആൽബിൻ. ഒരുവർഷം മുമ്പ് മണിമലയാറ്റിലൂടെ ഒഴുകിവന്ന മണിമല സ്വദേശിയായ വൃദ്ധയെ രക്ഷപ്പെടുത്തിയത് ബാബുവും സുഹൃത്തും ചേർന്നായിരുന്നു. സ്വന്തമായി വീടില്ലാത്ത ആൽബിനും കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.