News

Get the latest news here

ഉദ്യോഗാർഥികളുടെ സമരം പലവിധം; ശയനപ്രദക്ഷിണം മുതല്‍ കൊലക്കയർ കഴുത്തിലിട്ടുള്ള പ്രതിഷേധംവരെ

തിരുവനന്തപുരം: പി.എസ്.സി. റാങ്ക് പട്ടിക കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കൽ ഉദ്യോഗാർഥികളുടെ നിരാഹാരസമരം മുതൽ ശയനപ്രദക്ഷിണംവരെ. റാങ്ക് പട്ടിക കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എൽ.ജി.എസ്. ഉദ്യോഗാർഥികൾ നടത്തുന്ന നിരാഹാരസമരം ചൊവ്വാഴ്ച രണ്ടുദിവസം പിന്നിട്ടു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അല്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും എൽ.ജി.എസ്. ഉദ്യോഗാർഥികളുടെ പ്രതിനിധി ലയാ രാജേഷ് പറഞ്ഞു.

ശമ്പളവും നിയമന അംഗീകാരവും നൽകണമെന്ന് ആവശ്യപ്പെട്ട് നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി കറുത്തതുണികൊണ്ട് മുഖംമൂടി പ്രതീകാത്മകമായി കൊലക്കയർ കഴുത്തിലിട്ട് പ്രതിഷേധിച്ചു.

ഫോറസ്റ്റ് റിസർവ് വാച്ചർ ഉദ്യോഗാർഥികൾ നടത്തിയ ശയനപ്രദക്ഷിണ സമരത്തിനിടെ രണ്ടുപേർക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായി. ഇവരെ പോലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സിവിൽ പോലീസ് ഉദ്യോഗാർകഥിൾ 'സേവ് അവർ ലൈഫ്' എന്നെഴുതിയ പ്ലക്കാർഡുകളുമായി പ്രകടനം നടത്തുകയും 'സേവ്' എന്ന് വാക്കിന്റെ മാതൃകയിൽ അണിനിരക്കുകയും ചെയ്തു.

താരങ്ങളുടെ സമരം തീർന്നേക്കും

നിയമന ഉത്തരവ് നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ 43 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല സമരം ബുധനാഴ്ച അവസാനിച്ചേക്കും. നിയമനം സംബന്ധിച്ച് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കായികമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മന്ത്രിസഭായോഗത്തിനു ശേഷം ഓഫീസിൽ എത്തണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനം സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന ഉറപ്പിന്മേൽ ചൊവ്വാഴ്ച സമരം നടത്തിയില്ല. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോ-ഓർഡിനേറ്ററായ കെ.ആർ. പ്രമോദ് പറഞ്ഞു. 83 ദേശീയ ഗെയിംസ് താരങ്ങളാണ് സമരം നടത്തുന്നത്.

Content Highlights:psc rank holders strike
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.