News

Get the latest news here

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മയ്യഴിയില്‍ സി.പി.എം കോണ്‍ഗ്രസിനെ പിന്തുണക്കണം-ഇ വത്സരാജ്

പുതുച്ചേരി രാഷ്ട്രീയത്തിൽ ബി.ജെ.പി ഇറങ്ങിക്കളിക്കുന്നതാണോ ഇനി മൽസരിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നിൽ?
അല്ല, ബി.ജെ.പിക്ക് പുതുച്ചേരി രാഷ്ട്രീയത്തിൽ വേരോട്ടം തീരെയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുപ്പത മണ്ഡലത്തിൽ മൽസരിച്ചപ്പോൾ 29 സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടിയില്ല. അവരുടെ മൊത്തം വോട്ട് വിഹിതം 2.44 ശതമാനമാണ്. തമിഴക രാഷ്ട്രീയത്തിൽ ബി.ജെ.പി വളരില്ല. ചില കോൺഗ്രസ് എം.എൽ.എ മാരെ അവർക്ക് രാജിവെപ്പിച്ച് പാളയത്തിലേക്ക് കൊണ്ടുപോകാനായി. എൻ.ആർ കോൺഗ്രസ്സ്, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ കക്ഷികളുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയാലും നേട്ടമുണ്ടാക്കാനാവുമെന്ന് കരുതുന്നില്ല. കാരണം ബി.ജെ.പിയുമായുള്ള ബന്ധം അവർക്ക് നഷ്ടമായി മാറും. അതാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ സവിശേഷത. അക്കരപ്പച്ച കണ്ട് മറുകണ്ടം ചാടുകയാണിപ്പോൾ ചിലർ.

പെട്ടെന്നുള്ള തീരുമാനമാണോ ഈ പിന്മാറ്റം?
കാൽനറ്റാണ്ട് കാലം ഞാൻ മയ്യഴിയിൽ ജനപ്രതിനിധിയായി. ആറ് തെരഞ്ഞെടുപ്പുകൾ വിജയിച്ചു. പന്ത്രണ്ട് വർഷം മന്ത്രിയായി. ആഭ്യന്തര വകുപ്പ് വരെ കൈയാളി. അഞ്ച് വർഷം കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പായിരുന്നു. മൂന്നര വർഷം പുതുച്ചേരി ചേരി നിർമ്മാർജന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചു. മയ്യഴി ടൗൺഹാളിന് എന്റെ നിയമസഭാ പ്രവർത്തനത്തിന്റെ രജത ജൂബിലി പ്രമാണിച്ച ഗവർമ്മെണ്ട് എന്റെ പേര് നൽകി. 2016 ലെ തിരഞ്ഞെടുപ്പ് വേളയിൽ മൽസരിക്കാനില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, എ.കെ.ആന്റണി, മുകുൾ വാസ്നിക് ഉൾപ്പെടെ പ്രമുഖ നേതാക്കളോടെല്ലാം പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് അടുത്ത സുഹൃത്തായ ഗുലാം നബി ആസാദ് വിളിച്ചു. പാർട്ടിയുടെ നല്ല നാളുകളിൽ നിങ്ങൾക്ക് എല്ലാ സ്ഥാനവും നൽകിയെന്നും ഇപ്പോൾ പാർട്ടി ആവശ്യപ്പെടുമ്പോൾ നിരസിക്കുകയെന്നത് ശരിയല്ലെന്നും അൽപ്പം കടുത്ത ഭാഷയിൽ മുകുൾ വാസ്നിക് പറഞ്ഞത് പ്രയാസമുണ്ടാക്കി. അങ്ങിനെയാണ് ഏഴാമത്തെ മൽസരത്തിന് ഇറങ്ങിയത്. പക്ഷെ അപ്പോഴേക്കും എതിരാളിയുടെ പ്രചാരണം ഏറെ മുന്നിലെത്തിയിരുന്നു. ആ തിരഞ്ഞെടുപ്പ് ഞാൻ തോറ്റു. എങ്കിലും മയ്യഴിയിലും പുതുച്ചേരിയിലും ഞാൻ സജീവമായി തന്നെ പ്രവർത്തിച്ചുവരികയാണ്.

പിന്നെ ഇപ്പോൾ എന്തുപറ്റി?
2016 ലെ അതേ മാനസികാവസ്ഥയിൽ തന്നെയാണ് ഞാൻ തീരുമാനമെടുത്തത്. ബുധനാഴ്ച കണ്ണൂർ പ്രസ്ക്ലബിൽ പത്രസമ്മേളനത്തിൽ വെച്ചാണ് പിന്മാറുന്ന കാര്യം വെളിപ്പെടുത്തുന്നത്. എന്നോടൊപ്പം മയ്യഴിയിൽ നിന്ന് കണ്ണൂർ വരെ ഉണ്ടായിരുന്ന ആറ് പേരിൽ ഒരാൾക്കൊഴികെ എന്തിനാണ് കണ്ണൂരിൽ പോകുന്നതെന്ന് അറിയുമായിരുന്നില്ല. അതേസമയം ഇത് ആലോചിച്ച് എടുത്ത തീരുമാനമാണ്. പുതിയ ആളുകൾ കടന്നുവരട്ടെ. നേരത്തെ ഇത് പറഞ്ഞാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പങ്ങളും വടംവലികളും നടന്നേക്കാം. സ്ഥാനാർത്ഥികളാവാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ അപേക്ഷ നൽകാനുള്ള സമയമാണ്. പുതുച്ചേരി പി.സി.സിയുടെ നടപടിക്രമം അതാണ്. ഇപ്പോൾ പിന്മാറുന്നത് പരസ്യമാക്കിയില്ലെങ്കിൽ ചിലപ്പോൾ ഏതെങ്കിലും ഘട്ടത്തിൽ എന്റേ പേരും ഉൾപ്പെട്ടേക്കാം. ആ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പരസ്യ പ്രഖ്യാപനം. മയ്യഴിയിൽ നിന്ന് മൂന്ന് അപേക്ഷകൾ ഇതുവരെ പോയിട്ടുണ്ടെന്നാണറിവ്.

മയ്യഴിയിൽ ഇതുവരെ 25 വർഷം തുടർച്ചയായി ആരും ജനപ്രതിനിധി ആയിട്ടില്ല. പാർലമെന്ററി രംഗത്തോട് വിടപറയുമ്പോൾ എന്ത് തോന്നുന്നു?
പുതുച്ചേരിയിൽ തന്നെ ഞാനും മുൻ മുഖ്യമന്ത്രി വൈദ്യലിംഗവും മാത്രമാണ് തുടർച്ചയായ 25 വർഷം എന്ന റിക്കാർഡ് ഉണ്ടാക്കിയത്. 1990 മുതൽ 2011 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഞാൻ മയ്യഴിയെ പ്രതിനിധീകരിച്ചു. ഒമ്പത് ചതുകശ്ര കിലോ മീറ്റർ മാത്രം വിസ്തൃതിയുള്ള മയ്യഴിയിൽ കൊണ്ടുവരാനാവുന്ന വികസനമെല്ലാം ആ കാലത്ത് നടപ്പാക്കി. ഇനി അത്തരത്തിലൊന്ന് ആർക്കും ഉണ്ടാക്കാനാവില്ല. ഐ.കെ.കുമാരൻ മാസ്റ്റർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ മയ്യഴിയുടെ ജനപ്രതിനിധികളായിട്ടുണ്ട് എന്ന കാര്യം മറക്കുന്നില്ല. എങ്കിലും അവരുടെ കാലത്തൊന്നും നടക്കാത്ത വിധത്തിലുള്ള നിരവധി പദ്ധതികൾ മയ്യഴിയിൽ എനിക്ക് കൊണ്ടുവരാനായി.

പക്ഷെ മയ്യഴി മൽസ്യബന്ധന തുറമുഖം പോലെ ചില പദ്ധതികൾ പൂർത്തിയായില്ലെന്ന വിമർശനം ബാക്കിയുണ്ട്?
22.6 കോടി രൂപ കേന്ദ്ര സഹായത്തോടെ തുടങ്ങാനിരുന്ന പദ്ധതിയാണത്. പിന്നീട് അടിസ്ഥാന സൗകര്യങ്ങൾ കൂടി വിപുലീകരിച്ചപ്പോൾ പദ്ധതിയുടെ കേന്ദ്രവിഹിതം 71 കോടിയായി ഉയർന്നു. തുറമുഖ നിർമ്മാണത്തിനുള്ള ഭരണാനുമതി 2011 ഫെബ്രുവരി 24 ന് കേന്ദ്ര സർക്കാർ നൽകിയതുമാണ്. ഇതിൽ 49 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കാനും അനുമതി ലഭിച്ചിരുന്നു. 2016 വരെയുള്ള കാലത്ത് എൺപത് ശതമാനത്തോളം പണി പൂർത്തിയായി. ഇപ്പോഴും ആറ് കോടി രൂപ ഇതിനായി ചെലവാക്കാതെ കിടക്കുന്നു. പുതിയ എം.എൽ.എയുടെ ആദ്യത്തെ ആറ് മാസം കുറച്ചുപണികൾ നടന്നു. പിന്നീട് എല്ലാം നിലച്ചു. പദ്ധതിക്ക് വേണ്ടി പിന്നീടുള്ള തുടർ പ്രവർത്തനം ഉണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം.

താങ്കളുടെ സഹകരണം ഉണ്ടായില്ലെന്നും എതിർപ്പ് കൂടിയെന്നുമുണ്ട് ആക്ഷേപം?
മണ്ഡലത്തിൽ എന്തെങ്കിലും ചെയ്തുകിട്ടിയാൽ അതിന്റെ ക്രെഡിറ്റ് എം.എൽ.എ വാങ്ങും. നടക്കാതെ പോയാൽ അതിന്റെ പഴി എനിക്കും. സ്വന്തം കഴിവുകേട് മറക്കാനുള്ള ഉപായമാണിത്. ഇതാണ് അഞ്ച് വർഷമായി മയ്യഴിയുടെ അവസ്ഥ.

പക്ഷെ ബി.ജെ.പിയുടെ രാഷ്ട്രീയക്കളിക്കിടയിൽ കോൺഗ്രസ് ഗവർമ്മെണ്ടിനെ പിന്തുണക്കാൻ മയ്യഴിയിലെ സി.പി.എം. പിന്തുണയുള്ള എം.എൽ.എ ഡോ. വി.രാമചന്ദ്രൻ തയ്യാറായില്ലേ?
എങ്ങിനെയാണ് അദ്ദേഹം സഹായിച്ചത്? സഭയിൽ വിശ്വാസവോട്ടെടുപ്പ് നടന്നിരുന്നുവെങ്കിൽ അത് പറയാനാവുമായിരുന്നു. അത് നടക്കും മുമ്പ് തന്നെ മന്ത്രിസഭ രാജിവെച്ചു. ഒരു സന്ദർഭത്തിലും അദ്ദേഹം സഹകരിച്ചില്ല. പുതുച്ചേരി ലഫ്.ഗവർണ്ണറായിരുന്ന കിരൺബേദിയുടെ ഏകാധിപത്യ പ്രവണതക്ക് എതിരെ സംസ്ഥാന മുഖ്യമന്ത്രി നാരായണ സ്വാമി കുറെ ദിവസം നിരാഹാര സമരമിരുന്നു. ഒരു നേരം പോലും അദ്ദേഹം ആ സമരപന്തലിൽ പോയില്ല.

എന്താണ് ഭാവി പരിപാടികൾ?
തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുന്നു എന്ന് മാത്രമേയുളളൂ. മയ്യഴിയിലെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കും. പന്ത്രണ്ടോളം സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ സജീവമാണ്. ഇതിൽ രണ്ട് സഹകരണ ബാങ്കുകളും രണ്ട് കോളേജുകളും ഉൾപ്പെടുന്നു. പുതുച്ചേരി കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗമെന്ന നിലയിലും പ്രവർത്തിക്കുന്നു.

രാഷ്ട്രീയക്കാർക്കിടയിലെ ചിത്രകാരൻ കൂടിയാണ് താങ്കൾ?
ഇനി ചിത്രരചനയിൽ പൂർണ്ണമായി മുഴുകണം . ഇടക്കാലത്ത് തിരക്കുകൾ കാരണം പലപ്പോഴും അത് നടന്നില്ല. കൂടുതൽ വരക്കണം, പ്രദർശനങ്ങൾ സംഘടിപ്പിക്കണം. മയ്യഴിയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാകും.

പുതുച്ചേരിയിൽ കോൺഗ്രസ്സും സി.പി.എമ്മും മുസ്ലീംലീഗുമെല്ലാം ഒരേ മുന്നണിയിലാണ്. മയ്യഴി എന്നെങ്കിലും അതിന് പാകപ്പെടുമോ?
ബി.ജെ.പിക്ക് എതിരെ ശക്തമായ ചെറുത്തുനിൽപ്പ് വേണമെങ്കിൽ അത്തരമൊരു കൂട്ടായ്മ ആവശ്യമാണ്. സി.പി.എമ്മിന് ആത്മാർത്ഥതയുണ്ടെങ്കിൽ അവർ മയ്യഴിയിൽ കോൺഗ്രസ്സിനെ പിന്തുണക്കണം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ സി.പി.എം. കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ പിന്തുണച്ചു. പക്ഷേ അതേ മണ്ഡലത്തിന്റെ ഭാഗമായ മയ്യഴിയിൽ സി.പി.എം. സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ നിർത്തുകയായിരുന്നു. മാഹിയിൽ മാത്രമായി ഒരു ലോകസഭാ സ്ഥാനാർത്ഥി എന്ന വിചിത്രമായ കാഴ്ചയായിരുന്നു അത്. വേറെ സംസ്ഥാനമാണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയമാണ് മയ്യഴിയിലും.

പുതുച്ചേരിയുടെ ഭാഗമായി മയ്യഴി എന്നും നിൽക്കുമോ?
ഭൂമിശാസ്ത്രപരമായി കേരളം, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളോട് ചേർന്നാണ് പുതുച്ചേരിയുടെ ഭാഗങ്ങൾ. പൂർണ്ണ സംസ്ഥാന പദവി മയ്യഴി ഉൾപ്പെടുന്ന പുതുച്ചേരിക്ക് നൽകണമെന്നതാണ് ഞങ്ങളുടെ ആവശ്യം. പക്ഷെ കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുമ്പോൾ പോലും അത് നടപ്പിലായില്ല. അതിൽ പ്രയാസമുണ്ട്. ഇപ്പോഴാകട്ടെ കേന്ദ്രഭരണ പ്രദേശങ്ങളുടെ അധികാരങ്ങൾ കുറക്കാനാണ് ബി.ജെ.പി ഗവർമ്മെണ്ട് ശ്രമിക്കുന്നത് . 12 ലക്ഷം മാത്രമാണ് പുതുച്ചേരിയുടെ ജനസംഖ്യ. ബി.ജെ.പി ഭരണത്തിൽ കടുത്ത തീരുമാനങ്ങളുണ്ടാവുമോ എന്ന ആശങ്ക ഞങ്ങൾക്കെല്ലാമുണ്ട്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.