News

Get the latest news here

കുറ്റ്യാടി വിട്ടുനല്‍കല്‍; പൊട്ടിത്തെറിയുടെ വക്കില്‍ സിപിഎം, കുഞ്ഞമ്മദ് കുട്ടിക്കായി പോസ്റ്റര്‍

കുറ്റ്യാടി: സി.പി.എം. മത്സരിച്ചിരുന്ന കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള നീക്കത്തെച്ചൊല്ലി സി.പി.എമ്മിനുള്ളിൽ കലാപക്കൊടി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് വേളത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സിപിഎം ശക്തികേന്ദ്രത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന് നൽകാനുളള തീരുമാനം പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കുമെന്ന് പ്രാദേശികനേതൃത്വം മേൽക്കമ്മിറ്റികളെ അറിയിച്ചിരുന്നു. ഇന്ന് ചേരുന്ന സി.പി.എം. ജില്ലാ കമ്മിറ്റിയിലും വിഷയമവതരിപ്പിക്കും.

ഇപ്പോൾത്തന്നെ നേതൃത്വത്തിനെതിരേ സമൂഹമാധ്യമങ്ങളിലും പാർട്ടി ഗ്രൂപ്പുകളിലെല്ലാം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വേളം, കുറ്റ്യാടി, ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ, പുറമേരി, കുന്നുമ്മൽ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധമുണ്ട്. ഇതേത്തുടർന്ന് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളും മന്ദീഭവിച്ചു. വേളത്തെ നാളികേര പാർക്ക് യാഥാർഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. ഞായറാഴ്ച പാറക്കൽ അബ്ദുള്ള എം.എൽ.എ.യ്ക്കെതിരേ നടത്താൻ നിശ്ചയിച്ച നാളികേര മാർച്ച് ഉൾപ്പെടെയുള്ളവ നിർത്തിവെച്ചു.

കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കാൻ നേരത്തെതന്നെ സി.പി.എമ്മിൽ ധാരണയായിരുന്നു. പാർട്ടി തീരുമാനപ്രകാരം ഇദ്ദേഹം ലീഡറായി എൽ.ഡി.എഫിന്റെ മണ്ഡലം പ്രചാരണജാഥയും പൂർത്തിയായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംപോലെ നടത്തിയ ജാഥയുടെ ആവേശം തീരുംമുമ്പെയാണ് മണ്ഡലം ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നുവെന്ന വാർത്ത പുറത്തുവരുന്നത്. ഞങ്ങളുടെ സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയെന്ന പ്രചാരണം അദ്ദേഹത്തിന്റെ ഫോട്ടോസഹിതം സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. പാർട്ടി സഖാക്കൾ എന്ന പേരിലാണ് പ്രചാരണം.

കഴിഞ്ഞതവണയും കുറ്റ്യാടിമണ്ഡലത്തിൽ പരിഗണിക്കപ്പെട്ട പേരാണ് കുഞ്ഞമ്മദ് കുട്ടിയുടേത്. എന്നാൽ കെ.കെ. ലതിക സ്ഥാനാർഥിയായി. അന്ന് പാറക്കൽ അബ്ദുള്ളയോട് 1157 വോട്ടിന് പരാജയപ്പെട്ട് നഷ്ടമായമണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുക എന്നത് സി.പി.എം. അഭിമാനപ്രശ്നമായി കരുതിയിരുന്നു. ഇതിനുള്ള മുന്നൊരുക്കങ്ങളും നടത്തി. നല്ലരീതിയിൽ വോട്ട് ചേർക്കാനും സാധിച്ചു.

അണികളുടെ ആവേശം മൊത്തംചോർത്തുന്നതാണ് പുതിയ സംവഭവികാസങ്ങളെന്ന് മണ്ഡലത്തിലെ മുതിർന്ന സി.പി.എം. നേതാക്കളും സമ്മതിക്കുന്നു. ഒന്നാമതായി കേരള കോൺഗ്രസ് എം. ജോസ് വിഭാഗത്തിന് യാതൊരു സ്വാധീനവുമില്ലാത്ത മണ്ഡലമാണ് കുറ്റ്യാടി. കുറ്റ്യാടിമേഖലയിൽ കുറച്ചെങ്കിലും കേരള കോൺഗ്രസുകാരുള്ളത് മരുതോങ്കര, കാവിലുമ്പാറപോലുള്ള മലയോരത്താണ്. ഈ പ്രദേശങ്ങളാകട്ടെ നാദാപുരം മണ്ഡലത്തിലാണ്. കുറ്റ്യാടിയിൽ ജോസ് വിഭാഗത്തിന് നൂറിൽത്താഴെ മാത്രമേ വോട്ടുള്ളൂ.

എന്നിട്ടും മുന്നണിമര്യാദപാലിക്കാൻ ഇത്രത്തോളം ത്യാഗം കാണിക്കുന്നത് എന്തിനെന്നാണ് സി.പി.എം. അണികളുടെ ചോദ്യം. ആസൂത്രിതമായ നീക്കം ഇതിനുപിന്നിലുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. ഇതിന് മറുപടിപറയാൻ നേതൃത്വത്തിന് കഴിയുന്നുമില്ല. ഇവരുടെ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ മണ്ഡലം കൈവിട്ടുപോകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. മറ്റ് ഘടകകക്ഷികളിലും ഈ തീരുമാനത്തിൽ ശക്തമായ എതിർപ്പുണ്ട്.

മറ്റ് മണ്ഡലങ്ങളിലും പ്രതിഫലിക്കും

കുറ്റ്യാടി സീറ്റ് ജോസ് വിഭാഗത്തിന് നൽകുന്നതോടെ സി.പി.എമ്മിലും എൽ.ഡി.എഫിലും ഉണ്ടാകുന്ന അതൃപ്തി സമീപത്തെ മറ്റ് മണ്ഡലങ്ങളിലും വ്യാപിച്ചേക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്ന കെ.പി. കുഞ്ഞമ്മദ് കുട്ടി സി.പി.എം. കുന്നുമ്മൽ ഏരിയാ കമ്മിറ്റിക്കു കീഴിലാണ്. ഈ ഭാഗങ്ങളിൽ ജനകീയനായ ഇദ്ദേഹം സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാകുമ്പോൾ അത് അണികൾക്കിടയിൽ അസംതൃപ്തിക്ക് വഴിവെച്ചേക്കാം. അങ്ങനെയെങ്കിൽ വോട്ടിങ്ങിലും ഇത് പ്രകടമാകും. കുന്നുമ്മൽ ഏരിയയ്ക്ക് കീഴിലെ നാല് പഞ്ചായത്തുകൾവരുന്നത് നാദാപുരം മണ്ഡലത്തിലാണ്.

മൂന്ന് പഞ്ചായത്തുകൾ മാത്രമാണ് കുറ്റ്യാടി മണ്ഡലത്തിലുള്ളത്. നാദാപുരത്തിനുപുറമെ വടകരയിലും ഈ അസംതൃപ്തി പടർന്നാൽ പിന്നെ മൂന്നുമണ്ഡലങ്ങളും നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമെന്ന് നേതൃത്വം ഭയക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് തീരുമാനം തിരുത്തണമെന്ന ആവശ്യമാണ് താഴെത്തട്ടുമുതൽ പാർട്ടി നേതൃത്വത്തിനു മുമ്പാകെ എത്തുന്നത്.

വടകര താലൂക്കിൽ സി.പി.എം. സ്ഥാനാർഥി ഇല്ലാതാകും

കുറ്റ്യാടി മണ്ഡലം ജോസ് വിഭാഗത്തിന് നൽകിയാൽ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ വടകര താലൂക്കിൽ ഒരിടത്തും സി.പി.എം. സ്ഥാനാർഥി ഉണ്ടാകില്ല. വടകര, നാദാപുരം, കുറ്റ്യാടി എന്നീ മണ്ഡലങ്ങളാണ് താലൂക്കിലുള്ളത്. വടകര സീറ്റ് എൽ.ജെ.ഡിക്കാണ്. നാദാപുരം സി.പി.ഐക്കും. കുറ്റ്യാടിയിൽ മാത്രമാണ് സി.പി.എം. മത്സരിച്ചിരുന്നത്.


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.