News

Get the latest news here

സീറ്റ് പങ്കിടൽ: തമിഴ്നാട്ടിൽ കോൺഗ്രസ്-ഡി.എം.കെ. ധാരണ

ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിൽ കോൺഗ്രസിന് 24 സീറ്റ് നൽകാൻ ധാരണയെന്ന് സൂചന. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് മത്സരിക്കും. ഇത് കൂടാതെ രാജ്യസഭാ സീറ്റുകളിലേക്ക് ഒഴിവുവരുമ്പോൾ ഒരു സീറ്റും ലഭിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ഔദ്യോഗികപ്രഖ്യാപനം ഞായറാഴ്ച നടത്തും .

ഒരാഴ്ചയിലേറെ നീണ്ട ചർച്ചകൾക്കും തർക്കത്തിനും ഒടുവിലായിരുന്നു സമവായത്തിന് വഴിതെളിഞ്ഞത്. ശനിയാഴ്ച രാത്രി 11-ഓടെ ചെന്നൈയിൽ ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിന്റെ വീട്ടിൽ എത്തി തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി, എ.ഐ.സി.സി. അംഗം ദിനേശ് ഗുണ്ടു റാവു എന്നിവർ കൂടിക്കാഴ്ച നടത്തുകയായിരുന്നു.

സീറ്റുകളുടെ പേരിൽ ഇരുകക്ഷികളും തമ്മിൽ തർക്കം തുടരുന്നതിനിടെ കോൺഗ്രസിനെ മൂന്നാംമുന്നണിയിലേക്ക് കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം ക്ഷണിച്ചിരുന്നു. ഇതേത്തുടർന്ന് ഡി.എം.കെ. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു. 20 സീറ്റുകളിൽ കൂടുതൽ നൽകില്ലെന്നായിരുന്നു ഡി.എം.കെ. നിലപാട്. കഴിഞ്ഞതവണ ഇതേ സഖ്യത്തിൽ 41 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ എട്ടിടത്ത് മാത്രമാണ് വിജയിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മോശം പ്രകടനവും ഇത്തവണ കൂടുതൽ സഖ്യകക്ഷികളുള്ളതും ചൂണ്ടിക്കാട്ടിയായിരുന്നു ഡി.എം.കെ. സീറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കിയത്. ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ സ്റ്റാലിൻ തിരുച്ചിറപ്പള്ളിയിലേക്ക് പോകുന്ന സാഹചര്യത്തിലായിരുന്നു രാത്രിയിൽ തിരക്കിട്ട് ചർച്ച നടത്തിയത്.

Content Highlights: DMK To Allot 24 Seats To Ally Congress For Tamil Nadu Election
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.